Monday, July 4, 2022
HomeEditorialഖജുരാവോയിലെ കാഴ്ച്ചകൾ

ഖജുരാവോയിലെ കാഴ്ച്ചകൾ

ഖജുരാവോ – ബാല്യം മുതൽ നാമെല്ലാം കേട്ട  പേര് – ഈ പേരുകേൾക്കുമ്പോൾ മനസ്സിൽ തെളിയുന്നത് മണൽക്കല്ലുകളിൽ പണിതീർത്ത അതിമനോഹരമായ കുറെ ക്ഷേത്ര സമുച്ചയങ്ങളാണ് .
കൽക്കവിതകൾ ഉറങ്ങുന്ന , ആയിരം വർഷങ്ങൾ പഴക്കമുള്ള, ചന്ദേര രാജഭരണത്തിന്റെ തിരുശേഷിപ്പുകൾ കല്ലുകളിൽ തുടിക്കുന്ന ഖജുരാവോ! പാഠപുസ്തകങ്ങളിലെ ചരിത്ര പാഠങ്ങളിൽ ,യുദ്ധകഥകളിൽ , കൽനിർമിതിയുടെ കഥാവഴികളിൽ, നമ്മുടെ കവിതകളിൽ .. ഇവയിലെല്ലാം  ഖജുരാവോ വിസ്മയരശ്മികൾ പൊഴിക്കുന്ന സൂര്യബിമ്പമായി എക്കാലത്തും  തെളിഞ്ഞു നിൽക്കുന്നു

.Chandela kumara- ശിൽപം – വേട്ടയാടുന്ന ചന്ദേല കുമാരൻ .

മധ്യ പ്രദേശിലെ കൻഹ കടുവ ദേശീയോദ്യാനത്തിൽനിന്നു ഏതാണ്ട് അഞ്ചുമണിക്കൂർ സഞ്ചരിച്ചാണ് ഞങ്ങൾ ,മധ്യാഹ്നത്തിലെ  വെയിൽ വാടിയപ്പോൾ ഇന്ത്യയിലെ  ഏറ്റവും പ്രശസ്തമായ  വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഖജുരാവോയിലെത്തിയത് .ക്രിസ്‌തുവർഷം    950 നും 1050 നും   മദ്ധ്യേ  ചന്ദേല രാജവംശത്തിലെ രാജാക്കന്മാരാണ്‌ ഈ ക്ഷേത്രങ്ങൾ പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു .
ഏതു  മഹാനിർമിതിക്കു  പിന്നിലും മിക്കവാറും  സ്ത്രീ  സൗന്ദര്യത്തിന്റെയും പ്രണയത്തിന്റെയും  പട്ടിൽപൊതിഞ്ഞ  കഥകൾ ഇഴപിരിഞ്ഞുകിടക്കുന്നുണ്ടാകും .ഖജുരാവോക്കുമുണ്ട്   അത്തരമൊരു കഥ .

ലേഖകൻ

ചന്ദ്രപ്രഭയിൽ കുളിച്ചുനിൽക്കുന്ന രാത്രി . നീരാട്ടിനുപോയ രാജകുമാരിയുടെ മദിപ്പിക്കുന്ന സൗന്ദര്യത്തിൽ  മതിമറന്ന  ചന്ദ്രദേവൻ  കഥകളിലെ സുന്ദരനായ ഗന്ധർവനെപ്പോലെ  ആകാശത്തുനിന്ന് ഭൂമിയിലേക്കിറങ്ങി വന്നു. അദ്ദേഹം ദേവിയെ നെഞ്ചോടു ചേർത്തുനിർത്തി  . അവളുടെ ഹൃദയമിടിപ്പുകൾ ഏറ്റുവാങ്ങി .
ദേവിയുമായി ആനന്ദത്തിന്റെ ലഹരിപതയുന്ന  അത്യപൂർവ  നിമിഷങ്ങൾ പങ്കിട്ട് ചന്ദ്രഭഗവാൻ ആകാശത്തേക്കു   തിരി ച്ചുപോയി.
.ദേവി ഗർഭിണിയായി.  മറ്റുള്ളവർ ഏതെല്ലാം അറിഞ്ഞാൽ …?സ്വന്തം ഗ്രാമീണരെ പോലും   കാണാൻ  കഴിയാതെ നിരാലംബയായ ദേവി പൊട്ടിക്കരഞ്ഞു  .  ഒരിക്കൽ താൻ വേണ്ടോളം ചുംബിച്ചുടച്ച ആ കവിളുകളിൽ കണ്ണീർതുള്ളികൾ കെട്ടിനിൽക്കുന്നതു കണ്ടപ്പോൾ ആകാശത്തുനിന്ന്         ചന്ദ്രഭഗവാന്   താഴോട്ടിറങ്ങി     വരണമെന്നു തോന്നി . പക്ഷെ അതിനു കഴിഞ്ഞില്ല  . പകരം അദ്ദേഹം  അവളെ അനുഗ്രഹിച്ചു – “നമുക്കുണ്ടാകുന്ന പുത്രൻ വീരനായ രാജകുമാരനാകും .അവൻ പ്രജകളുടെ കണ്ണിലുണ്ണിയാകും. ലോകം അവനെ വാഴ്ത്തിപ്പാടും  “

വൈകാതെ ദേവിക്ക്കുഞ്ഞു പിറന്നു . അവൻ വീരനായി വളർന്നു ..ചന്ദ്രഭഗവാനിൽ പിറന്ന കുമാരൻ  പിൽക്കാലത്ത്ചന്ദേല വംശം സ്ഥാപിച്ചു . കുമാരനും തുടർന്നുവന്ന ചാണ്ടീലാ രാജാക്കന്മാരുമാണ് ക്ഷേത്ര സമുച്ഛയങ്ങൾ നിർമിച്ചത് .

പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇവിടെ 20 ചതുരശ്ര കിലോമീറ്ററിലായി  85 ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു . ഇതിൽ പലതും നാമാവശേഷമായി .ഇന്നുള്ളത് വെറും   20 ക്ഷേത്രങ്ങൾമാത്രം . ഏഴുനൂറ്റാണ്ടോളം  കാലത്തിന്റെ ചാരക്കൂനക്കടിയിൽ ആരുമറിയാതെ മൂടിക്കിടക്കുകയായിരുന്നു ഖജുരാവോ .  പിന്നീട് 1838 ൽ ബ്രിട്ടീഷ് എഞ്ചിനീയർ ആയിരുന്ന ടി.എസ്. ബുര്ട്ട്  ഈ ക്ഷേത്രത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു   അങ്ങനെ ഖജുരാവോ വീണ്ടും ലോകശ്രദ്ധയിൽ ഇടം നേടി .

ദൈവികതയും ലൈംഗികതയും    തുടിച്ചുനി ൽക്കുന്ന , ശില്പഭംഗിയുടെ മാസ്മരികതയിൽ തിളങ്ങുന്ന ,  നിരവധി രൂപങ്ങൾ ഇവിടെ കാണാം .  സംഗീത – താള-നൃത്ത രംഗങ്ങളുടെ അപൂർവ ശിൽപ്പങ്ങൾ. ഒപ്പം ആധ്യാത്മികതയുടെ  അപൂർവ സന്ദേശങ്ങൾ പകരുന്ന ദൃശ്യങ്ങളുമുണ്ട് . അതിലൊന്ന് കയ്യിൽ തത്തയും മാമ്പഴവു മായി നിൽക്കുന്ന സുന്ദരിയായ നഗരവധുവാണ്  . അക്കാലത്തെ നഗര കവാടങ്ങളിൽ ഇത്തരം ‘നഗരവധു’ ക്കളെ  കൊത്തിവക്കുമായിരുന്നുവത്രെ .  അഭിസാരികകളുടെ ( ഇന്നത്തെ ലൈംഗികത്തൊഴിലാളി )  വീടുകളിലെത്താനുള്ള ചൂണ്ടുപലകകളായിരുന്നുവത്രെ  അത് .
കാമസൂത്രത്തിൽ സൂചിപ്പിക്കുന്ന   ഇതര  രതിശില്പങ്ങളുംഇവിടെ ധാരാളമുണ്ട് .

വിഷ്ണു , ശിവൻ , ഗണേശൻ , ജഗദംബിക എന്നിവരുടെ ക്ഷേത്രങ്ങൽ  ഇവിടെ കാണാം . എന്നാൽ  ഒരിടത്തും പൂജയോ പൂജരിയെയോ കണ്ടില്ല .
ഉത്തരേന്ത്യയിലെ മിക്ക പുരാതന ക്ഷേത്രങ്ങളിലേയും  വിഗ്രഹങ്ങൾ  പൂർണമായോ ഭാഗികമായോ വെട്ടിയുടച്ച്‌ നശിപ്പിച്ചതായി കാണാം . മുഖവും കൈകാലുകളും വെട്ടിമാറ്റിയ വിഗ്രഹങ്ങളും പ്രതിമകളും ധാരാളം .  ഖജുരാവോയും ഇതിൽ നിന്നു   വ്യത്യസ്തമല്ല .  ഖജുരാവോ തലസ്ഥാനമാക്കി നന്നുകൻ  ചന്ദേല സാമ്രാജ്യം സ്ഥാപിക്കുകയും പിൽക്കാലത്ത്  ഖുത്ബ്ദ്ദിൻ  ഐബക്   ചന്ദേല സാമ്രാജ്യം കീഴടക്കുകയും ചെയ്തതായി ചരിത്ര രേഖകളിൽ കാണുന്നു . ലോക പൈതൃകപ്പട്ടികയിൽ പെടുന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രം കൂടിയാണ് ഖജുരാവോ.

എങ്ങനെ പോകാം ?

എറണാകുളം – ന്യൂഡൽഹി  ട്രെയിനിൽ ഭോപാലിലോ ജാൻസിയിലോഇറങ്ങിയാൽ ഖജുരാവോയിലെത്താനാകും .ആറുമണിക്കൂർ  സഞ്ചരിച്ചാൽ ഭോപാലിൽനിന്നു കാറിലോ ട്രെയിനിലോ ഖജുരാവോയിലെത്താനാകും .  ഇവിടെ ചെറിയ വിമാനത്താവള മുണ്ടെങ്കിലും അല്ലാ ദിവസവും വിമാനങ്ങളില്ല . താമസ സൗകര്യം ലഭ്യമാണ് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular