Friday, March 29, 2024
HomeEurope'മാഞ്ചസ്റ്ററിൽ അവധിക്കാലം ആഘോഷിക്കാൻ വന്നതല്ല, കിരീടങ്ങൾ നേടുക എന്നതാണ് ലക്ഷ്യം' - റൊണാൾഡോ

‘മാഞ്ചസ്റ്ററിൽ അവധിക്കാലം ആഘോഷിക്കാൻ വന്നതല്ല, കിരീടങ്ങൾ നേടുക എന്നതാണ് ലക്ഷ്യം’ – റൊണാൾഡോ

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് എത്തിയത് അവധിക്കാലം ആഘോഷിക്കാനല്ല, കിരീടങ്ങള്‍ നേടുക എന്ന ലക്ഷ്യത്തോടെയാണ് എന്ന് വെളിപ്പെടുത്തി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റർ യൂണൈറ്റഡുമായി കരാറിലെത്തിയ താരം പ്രീമിയർ ലീഗിൽ തന്റെ രണ്ടാം അരങ്ങേറ്റത്തിനുള്ള കാത്തിരിപ്പിലാണ്. യുണൈറ്റഡിന്റെ അടുത്ത മത്സരത്തിൽ ന്യുകാസിലിന് എതിരെ മത്സരിക്കാനായി താൻ ഒരുങ്ങിയിരിക്കുകയാണെന്നും റൊണാൾഡോ പറഞ്ഞു.

“ശനിയാഴ്ചത്തെ മത്സരത്തിൽ ഇറങ്ങുമ്പോൾ സമ്മർദ്ദം ഉണ്ടാകുമെങ്കിലും ഇത്തരം സന്ദർഭങ്ങൾ കരിയറിൽ നേരത്തേയും നേരിട്ടിരുന്നതിനാൽ ഈ വെല്ലുവിളിയും ഏറ്റെടുക്കാൻ തയാറാണ്. ഞാന്‍ ഇവിടെ അവധിക്കാലം ആഘോഷിക്കാനല്ല വന്നിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുൻപ് ഈ ജേഴ്‌സി ഞാൻ ധരിച്ചിരുന്നു. അന്ന് വിജയങ്ങൾ നേടിയിരുന്നു. അന്നത്തെ പോലെ വീണ്ടും ടീമിനായി വിജയങ്ങളും കിരീടങ്ങളും നേടിക്കൊടുക്കുകയാണ് ലക്ഷ്യം.” റൊണാള്‍ഡോ പറഞ്ഞു.

“ആളുകള്‍ എന്റെ പ്രായത്തെക്കുറിച്ച്‌ സംസാരിക്കുന്നു, പക്ഷേ ഞാന്‍ വ്യത്യസ്തനാണെന്ന് അവര്‍ മനസ്സിലാക്കുകയും അറിയുകയും വേണം. ഞാന്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണ്. എല്ലാ വർഷവും അത് ഞാൻ തെളിയിച്ചിട്ടുണ്ട്. ഈ വർഷവും അതിൽ വ്യത്യാസം ഉണ്ടാവുകയില്ല.” റൊണാള്‍ഡോ പറഞ്ഞു.

12 വര്‍ഷത്തിനുശേഷമാണ് റൊണാള്‍ഡോ തന്റെ പഴയ തട്ടകമായ ഓൾഡ് ട്രാഫോഡിലേക്ക് തിരിച്ചെത്തുന്നത്. യുണൈറ്റഡിനൊപ്പം ചേർന്ന് റൊണാൾഡോ പരിശീലിനവും ആരംഭിച്ചിരുന്നു. രണ്ട് വര്‍ഷത്തെ കരാറിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരികെയെത്തുന്നത്. ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കാനുള്ള ഓപ്ഷനുമുണ്ട്.

ന്യുകാസിലിന് എതിരെ നടക്കുന്ന മത്സരത്തിലൂടെ യുണൈറ്റഡ് ജേഴ്‌സിയിൽ അരങ്ങേറുന്ന റൊണാൾഡോയെ വരവേൽക്കാൻ ഓൾഡ് ട്രാഫോഡും യുണൈറ്റഡ് ആരാധകരും ഒരുങ്ങിയിരിക്കുകയാണ്. റൊണാൾഡോ യുണൈറ്റഡുമായി കരാറിലെത്തിയ വിവരമറിഞ്ഞ ദിവസം നടന്ന യുണൈറ്റെഡ് – വോൾവ്‌സ് മത്സരത്തിൽ യുണൈറ്റഡ് ആരാധകർ സ്റ്റേഡിയത്തിൽ റൊണാൾഡോയുടെ കട്ടൗട്ടും മറ്റും ഉയർത്തി താരത്തിനായി ആർപ്പ് വിളിച്ചിരുന്നു. റൊണാൾഡോയുടെ തിരിച്ചുവരവ് ആഘോഷിക്കാൻ തന്നെ ഒരുങ്ങി നിൽക്കുകയാണ് അവർ.

വിഖ്യാതമായ ഏഴാം നമ്പർ ജേഴ്‌സി തന്നെയാണ് റൊണാൾഡോയ്ക്ക് യുണൈറ്റഡിലും ലഭിച്ചിരിക്കുന്നത്. നേരത്തെ ഏഴാം നമ്പർ ഉപയോഗിച്ചിരുന്ന ഉറുഗ്വായ് താരം എഡിൻസൺ കവാനി റൊണാൾഡോയ്‌ക്കായി ഈ നമ്പർ ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. താരം ഉറുഗ്വായ് ജേഴ്‌സിയിൽ ധരിക്കുന്ന 21ാ൦ നമ്പർ സ്വീകരിച്ചു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular