Thursday, April 25, 2024
HomeEditorialപൂച്ചകുഞ്ഞുങ്ങളെയും താങ്ങി പോയ മോഹൻലാൽ പിന്നെ സൂപ്പർസ്റ്റാർ ആയ കഥ...ഡോ. എം.വി.പിള്ളയുടെ ഓർമ്മകൾ

പൂച്ചകുഞ്ഞുങ്ങളെയും താങ്ങി പോയ മോഹൻലാൽ പിന്നെ സൂപ്പർസ്റ്റാർ ആയ കഥ…ഡോ. എം.വി.പിള്ളയുടെ ഓർമ്മകൾ

കാൻസർ ചികിത്സാവിദഗ്ധനും തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റി ഓങ്കോളജി ക്ലിനിക്കൽ പ്രൊഫസറും ലോകാരോഗ്യസംഘടനയുടെ കാൻസർ ചെയർ കൺസൾട്ടന്റുമായ  ഡോ.എം.വി.പിള്ള അമേരിക്കൻ മലയാളികൾക്ക് പ്രത്യേക ആമുഖം വേണ്ടാത്ത വ്യക്തിത്വമാണ്. നാലു പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിനിടയിലും കേരളത്തിന്റെ സംസ്കാരത്തെയും ഭാഷയെയും നെഞ്ചോട് ചേർക്കുന്ന അദ്ദേഹം, സ്വതസിദ്ധമായ നർമ്മം കൊണ്ട് രോഗികൾക്കും ഉറ്റവർക്കും പകരുന്ന സാന്ത്വനം ചികിത്സാവൈദഗ്ധ്യം പോലെ തന്നെ പേരുകേട്ടതാണ്. മല്ലികാസുകുമാരന്റെ സഹോദരൻ, പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റേയും അമ്മാവൻ, മോഹൻലാലിന്റെ ബാല്യകൗമാരങ്ങളെക്കുറിച്ച് ആധികാരികമായി പറയാൻ കഴിയുന്ന കുടുംബസുഹൃത്ത് എന്നീ വിശേഷണങ്ങൾ കേരളത്തിലെ സാധാരണക്കാർക്ക് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള ജിജ്ഞാസ വളർത്തുന്ന ഘടകങ്ങളാണ്.

മോഹൻലാലുമായി താങ്കളുടെ ബന്ധം?

മോഹൻലാലിന്റെ കുട്ടിക്കാലത്തെക്കുറിച്ച് ദീപ്തമായ സ്മരണകളുള്ള ജീവിച്ചിരിക്കുന്ന അപൂർവം ചിലരിൽ ഒരാളാണ് ഞാൻ. മോഹന്‍ലാല്‍ എന്ന് നമ്മള്‍ കൊട്ടിഘോഷിക്കുന്ന  മഹാനടന്‍ കുട്ടിക്കാലത്ത് ശ്രീകൃഷ്ണനെ അതിശയിപ്പിക്കുന്ന കുസൃതിയും കൊണ്ട് നടന്ന ആളാണ്. ലാലുവിനെ പഠിപ്പിക്കാന്‍ തങ്ങൾക്ക് ആവില്ല എന്ന് അദ്ദേഹത്തിന്റെ അച്ഛനോട് പറയണം എന്ന് ലാലിന്റെ ട്യൂഷന്‍ മാസ്റ്റര്‍മാരൊക്കെ എന്നോട് പരാതി പറയാറുണ്ടായിരുന്നു. അത്രയ്ക്ക് കുസൃതിയായിരുന്നു .
മോഹൻലാലിന്റെ അച്ഛനും അമ്മയും ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ തന്നെയായിരുന്നു. സഹോദരൻ പ്യാരിലാലും കുട്ടികാലത്ത് വളർന്നതൊക്കെ എന്റെ വീട്ടിലായിരുന്നു.
ഞാന്‍ ന്യുസിലാന്റില്‍ പോകുന്നതിന് മുമ്പ് ലാലും, ലാലിന്റെ അച്ഛനും അമ്മയും ഏട്ടനുമൊക്കെ എന്റെ വീട്ടില്‍ വന്നിരുന്നു. അന്ന് ലാലിന് പതിനഞ്ചോ പതിനാറോ ആണ് പ്രായം. അന്ന് വീട്ടില്‍ ഒരു പൂച്ച പ്രസവിച്ചിട്ടുണ്ടായിരുന്നു. കുറെ പൂച്ച കുഞ്ഞുങ്ങളുണ്ട്.
മണി ചേട്ടാ, മണി ചേട്ടാ, ആ പൂച്ച കുഞ്ഞുങ്ങളെ ഞാന്‍ കൊണ്ട് പോയിക്കോട്ടെ എന്ന് ചേച്ചിയോട് പറയാമോ എന്ന് ചോദിച്ച് എന്റെ പിറകേ ലാലു നടന്നു. ഞങ്ങള്‍ക്ക് അതിനെ കൊണ്ട് പോകുന്നതില്‍ സന്തോഷമായിരുന്നു. എന്നിട്ടും ഡിമാന്റ് കൂട്ടാന്‍ വേണ്ടി എല്ലാ പൂച്ച കുഞ്ഞുങ്ങളെയും തരില്ല, ഒന്നോ രണ്ടോ തരാം എന്ന് പറഞ്ഞു. അയ്യോ അത് പറ്റില്ല എല്ലാം വേണമെന്ന് ലാലു പറഞ്ഞു. അങ്ങനെ വലിയ ഒരു വട്ടിക്കകത്ത് എട്ടൊമ്പത് പൂച്ചകളെയും തലയില്‍ വെച്ച് കൊണ്ട് പോയ മോഹന്‍ലാലിനെ പിന്നെ ഞാന്‍ അറിയുന്നത് ഒരു സൂപ്പര്‍സ്റ്റാറായിട്ടാണ്.


ലാലിന്റെ ഒരുപാട് നല്ല സ്വഭാവ വിശേഷങ്ങള്‍ ഞാന്‍ അടുത്തിടേയും കണ്ടു. കുട്ടിക്കാലത്ത് എന്തെങ്കിലും ബുക്ക് വായിച്ച് കൊണ്ടിരിക്കുമ്പോള്‍ ആ കഥയില്‍ താല്‍പര്യം കൂടി കഴിഞ്ഞാല്‍ കസേരയില്‍ നിന്ന് ചാടി തറയില്‍ ചമ്രംപടഞ്ഞിരിക്കും. ആ സമയത്ത് വളരെ ആദരവോട് കൂടിയും സ്നേഹത്തോടെയും നമ്മളെ നോക്കും. രണ്ടാഴ്ചയ്ക്ക്  മുമ്പ് ഞാന്‍ കാക്കനാടുള്ള സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍ ലാലിന്റെ ബറോസ് എന്ന സിനിമയുടെ കുറെ സീന്‍സ് എന്നെ കാണിച്ചു. അതിനെ കുറിച്ച് പറഞ്ഞ് ആവേശം കൂടിയതോടെ ലാല്‍ ഇരുന്ന കസേരയില്‍ നിന്ന് തറയിൽ ഇറങ്ങിയിരുന്നു.എത്ര കാലം കഴിഞ്ഞാലും പഠിച്ചതേ പാടൂ എന്ന് പറയുന്നത് പോലെ ആ സ്വഭാവം ഇന്നും അദ്ദേഹത്തിനുണ്ട്. ഇത്ര വലിയ സ്റ്റാറായിട്ടും ഇപ്പോഴും ആ പഴയ ആറോ ഏഴോ വയസുകാരനായ ലാലിനെ പോലെ എന്റെ മുമ്പില്‍ തറയില്‍ ചമ്രംപടഞ്ഞിരിക്കുന്നത് കാണുമ്പോള്‍ എനിക്ക് അത്ഭുതമാണ്.
എങ്ങനെ ജീവിത വിജയവും മഹാഭാഗ്യങ്ങളും മഹാനേട്ടങ്ങളും നമ്മുടെ ശിരസ്സിനെ വീണ്ടും വീണ്ടും വിനയാന്വിതമാക്കണം എന്നത് യുവതലമുറ അദ്ദേഹത്തിൽ നിന്നും  പഠിക്കേണ്ടതുണ്ട്.
ഒരിക്കലും ലാലു തലക്കനമോ ജാടയോ ഒരിടത്തും കാണിച്ചിട്ടില്ല. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കൂടുതൽ ഉയരങ്ങളിലേക്ക് കയറുമ്പോൾ ആത്മാർഥമായ സ്വതസിദ്ധമായ വിനയം നിലനിർത്തുക എന്ന് പറയുന്നത് അത്ര എളുപ്പം ഉള്ള കാര്യമൊന്നും അല്ല.
ഗൃഹലക്ഷ്മിയിൽ ‘അന്നും ഇന്നും’ എന്ന പേരിൽ ഞാനൊരു അനുഭവ പംക്തി എഴുതിയതിന് പിന്നിലും ലാലുവിന്റെ ഇടപെടൽ ഉണ്ടായിരുന്നു. അമേരിക്കയിലെ ഡോക്ടർമാരുടെ ജീവിതം തിരക്കേറിയതാണ്. എഴുതാൻ സമയം കണ്ടെത്തുക വലിയ പ്രയാസമാണ്. ആ പംക്തി തുടങ്ങിയ ശേഷം, ആദ്യ അഭിനന്ദന കത്ത് ലഭിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ സി.രാധാകൃഷ്ണന്റെ പത്നി വത്സലയിൽ നിന്നാണ്. എന്നെങ്കിലും അതൊരു പുസ്തകമാക്കിയാൽ നല്ലൊരു ശീർഷകം നൽകണമെന്ന് അവരോട് പറഞ്ഞതു പ്രകാരം നിർദ്ദേശിക്കപ്പെട്ട പേരാണ് ‘പെൺജന്മപുണ്യങ്ങൾ’ എന്നത്. പുസ്തകമാക്കിയപ്പോൾ ഞാൻ തമാശയായി ലാലുവിനോട് പറഞ്ഞു ” എന്നെ ഈ  പിടിച്ചിട്ടത് ലാലുവാണ്. ഒന്നുകിൽ ഇതിന്റെ പ്രകാശനകർമ്മം നിർവ്വഹിക്കുകയോ അവതാരിക എഴുതിത്തരികയോ വേണം’. വളരെ സന്തോഷത്തോടെ അവതാരിക എഴുതിത്തരാമെന്ന് ലാലു സമ്മതിച്ചു.

അനന്തരവന്മാർ മലയാള സിനിമയിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. അതിനെക്കുറിച്ച് എന്തുതോന്നുന്നു?

മലയാള സിനിമയിൽ തങ്ങളുടേതായ ഒരു സ്ഥാനമുറപ്പിച്ച നടന്മാരാണ് ഇന്ദ്രജിത്തും പൃഥ്വിയും എന്നതിൽ സന്തോഷമുണ്ട്.  സിനിമാ മേഖല കൂടാതെ ഏത് മേഖലയിലാന്നെങ്കിലും അവര്‍ ഒന്നാമത് തന്നെ എത്തുമെന്നാണ് ഇരുവരുടെയും കുഞ്ഞുനാൾ മുതൽക്കുള്ള  കഴിവ്  മനസിലാക്കിയിട്ടുള്ള എനിക്ക് തോന്നുന്നത്. അമ്മാവന്‍ എന്ന രീതിയില്‍ ഞാന്‍ ഒരു ഉപദേശവും പൃഥ്വിരാജിനും ഇന്ദ്രജിത്തിനും കൊടുത്തിട്ടില്ല. ഞങ്ങളുടെ കുടുബത്തില്‍ ആരെയും അങ്ങനെ വിളിച്ചിരുത്തി ഉപദേശം കൊടുക്കാറില്ല. പക്ഷേ, ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് പല മൂല്യങ്ങള്‍ കാണാന്‍ കഴിയും. പൃഥ്വിരാജിനും ഇന്ദ്രജിത്തിനും എല്ലാ കുടുബാംഗങ്ങളോടും സ്നേഹവും അടുപ്പവുമുണ്ട്.  അവരെ വഴക്ക് പറയേണ്ട ആവശ്യം ഒരിക്കലും എനിക്ക് വന്നിട്ടില്ല. അതിന്റെ ഒന്നാമത്തെ കാര്യം അവര്‍ രണ്ട് പേരും ഞങ്ങളുടെ പ്രതീക്ഷയെ കവിഞ്ഞ് നന്നായി വന്നിട്ടുണ്ട് എന്നതുതന്നെയാണ്.ഞങ്ങൾ സഹോദരങ്ങളുടെ മക്കൾ എല്ലാം തന്നെ അവരവരുടെ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്.അമേരിക്കയിലെ ടോപ് ടെൻ ഫിനാൻഷ്യൽ ലോയേഴ്സിനെ എടുത്താൽ അതിലൊരാളാണ് എന്റെ  മകൾ.മകൻ ഹെൽത്ത് കെയർ ലോയറാണ്. പഠനത്തിലെ മികവ് നോക്കിയാൽ, എന്റെ അനന്തരവന്മാർ ലോകത്തിന് തന്നെ മുതൽക്കൂട്ടാകുന്ന രംഗത്തേക്ക് എത്തിയിരുന്നെങ്കിൽ  എന്ന് തോന്നിയിട്ടുണ്ട്.
രാജുവിന്റെയും ഇന്ദ്രന്റെയും മക്കളും വളരെ മിടുക്കികളാണ്. എനിക്ക് തോന്നുന്നു,ഇൻഫോർമേഷൻ ഓവർലോഡിന്റെ കാലത്താണ് അവർ ജീവിക്കുന്നത്.
ഈ ഇന്റര്‍നെറ്റും ഇന്‍ഫോര്‍മെഷന്‍ ടെക്ക്നോളജിയുമാണ് അവരെ മിടുക്കന്മാരാക്കുന്നത്. അവരോട് ഏത് വിഷയത്തെ കുറിച്ച് സംസാരിച്ചാലും അവർ വളരെ ശ്രദ്ധയോടെ കേട്ടിരിക്കും. രാജുവിന്റെ മകള്‍ അലംകൃത നല്ല കുസൃതിയാണ്. എന്നാൽ, പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ അവളുടെ ശ്രദ്ധ വേറെ ഒന്നിലേക്കും തിരിഞ്ഞ് പോകില്ല. അവള്‍ക്ക് വായിക്കാനും എഴുതാനും ഒരുപാട് ഇഷ്ടമാണ്. ഒരു ആള്‍ക്കൂട്ടത്തില്‍ അവളെ കൊണ്ട് പോയി കഴിഞ്ഞാല്‍ എല്ലാവരെയും അവള്‍ സന്തോഷിപ്പിക്കും.അവള്‍ നന്നായി കവിത എഴുതും. സൈനിക സ്‌കൂളിൽ പഠിക്കുമ്പോൾ പൃഥ്വിരാജിന് കവിതാരചനയിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു, സുഗതകുമാരി ടീച്ചറുടെ സഹോദരി ഹൃദയകുമാരി ടീച്ചറായിരുന്നു അന്ന് ജഡ്ജ്. ആ കഴിവാകാം മകൾക്ക് പകർന്നുകിട്ടിയത്.

ചിട്ടയോടുകൂടിയ ജീവിതം നയിച്ചിട്ടും ചിലർക്ക് കാൻസർ പിടിപ്പെടുന്നു. മറ്റു ചിലർ മോശം രീതികൾ പിന്തുടർന്നിട്ടും രോഗം ബാധിക്കുന്നില്ല.എന്താണിതിന് കാരണം?

കാൻസറിന്റെ തുടക്കം നമ്മുടെ ജീനുകളിലാണ്,തന്മാത്രകളിൽ. അർബുദത്തെ തടയാനുള്ള ശക്തിയും അതുപോലെ അതിന് വിധേയപ്പെടാനുമുള്ള ശക്തിയും  ആ തന്മാത്രകളിൽ തന്നെ ദൈവം ഉൾക്കൊള്ളിച്ചിട്ടുണ്ട്. വാഹനങ്ങളിൽ നിന്നുള്ള പുക, ആസ്ബസ്റ്റോസ്,ആൽക്കഹോൾ,ചിലതരം വൈറസുകൾ,ആർസനിക് പോലെ കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങൾ ഉള്ളൊരു പരിസ്ഥിതിയിലേക്ക് രോഗത്തോട് വിധേയപ്പെട്ട തന്മാത്രകളുള്ള ഒരാൾ ചെന്നുപെടുമ്പോൾ, സ്വാഭാവികമായും രോഗം പിടിപ്പെടും. അതായത് ജന്മനാ ഉള്ള സാധ്യതയ്ക്ക് പുറമേ അത്തരം സാഹചര്യങ്ങൾ കൂടി വന്നുചേരുമ്പോൾ രോഗം ഉണ്ടാകും.ശരീരത്തിന്റെ രാസപ്രവർത്തനങ്ങളിലെ വ്യത്യാസങ്ങൾ കൊണ്ടാണ് ജീവിതകാലം മുഴുവൻ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന വ്യക്തിക്ക് ക്യാൻസർ വരാതിരിക്കുകയും അല്ലാത്തവർക്ക് വരുന്നതും.ശ്വാസനാളത്തിന് കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങളെ നിർവീര്യമാക്കാൻ കഴിയുന്നുണ്ടെങ്കിൽ ആ വ്യക്തിക്ക് രോഗം പിടിപ്പെടില്ല.കുടിവെള്ളത്തിൽ ആർസനിക്കിന്റെ അംശമുണ്ടെങ്കിൽ ബ്ലാഡറിന് കാൻസർ വരാം. എന്നാൽ, അതിനെ തടുക്കാൻ ജീനിന് കഴിവുണ്ടെങ്കിൽ രോഗം ബാധിക്കില്ല.തന്മാത്രാതലത്തിൽ കാൻസർ ബാധിക്കാൻ സാധ്യതയുണ്ടോ എന്ന് കണ്ടെത്തുന്ന സാങ്കേതികവിദ്യ കേരളത്തിൽ എത്തിക്കഴിഞ്ഞു.കണിയാൻ കവിടി നിരത്തി പറയുന്നതുപോലെ ഒരാളുടെ ജനിതകരഹസ്യം അറിഞ്ഞാൽ അയാൾക്ക് ഏതൊക്കെ തരം അർബുദം ബാധിക്കാൻ സാധ്യതയുണ്ടെന്നും എങ്ങനെ അത് തടുക്കാമെന്നും കണ്ടെത്താം. ഉമിനീരിന്റെയോ രക്തത്തിന്റെയോ സാമ്പിൾ എടുത്താണ് പരിശോധന.ആർ സി സി യിൽ ഇക്കൊല്ലം ഈ സാങ്കേതികവിദ്യ വരും.’റിസ്ക് സ്ട്രാറ്റിഫിക്കേഷൻ’ നടത്തി കൂടുതൽ രോഗസാധ്യത ഉള്ളവരെ പരിശോധനാവിധേയമാക്കാം.

ഇന്ത്യയിലെയും അമേരിക്കയിലെയും ആശുപത്രിസംവിധാനങ്ങൾ താരതമ്യം ചെയ്യുമ്പോൾ ?

കേരളത്തിലെ സംവിധാനങ്ങൾ സ്ഥാനങ്ങളിൽ വലിപ്പച്ചെറുപ്പങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നതായി കാണാം. മെഡിക്കൽ രംഗത്ത് ഒരു ടീമിന്റെ പ്രവർത്തനമാണ് വേണ്ടത്. അവിടെ ഏറ്റവും ജൂനിയറായ ഒരു മെഡിക്കൽ വിദ്യാർത്ഥി മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം ശരിയാണെങ്കിൽ അത് സ്വീകരിക്കണം.അധ്യാപകന് ഈഗോ തോന്നിക്കൂടാ.അമേരിക്കയിലെ രീതി അത്തരത്തിലാണ്.ഹയറാർക്കി പാടില്ല.

പ്രചോദിപ്പിച്ച വ്യക്തിത്വം?

ഹാറോൾഡ് വാർമസ് എന്നെ അത്ഭുതപ്പെടുത്തിയ വ്യക്തിയാണ്. ജയ്‌പൂരിലെ നടക്കുന്ന ദേശീയ സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കാൻ അദ്ദേഹം  കൂടെക്കൂടെ വരും.അമേരിക്കയിൽ നിന്നൊരു സായിപ്പ് ഇന്ത്യയിൽ അത്തരത്തിലൊരു സമ്മേളനത്തിന് വരുന്നതിൽ കൗതുകം തോന്നാം.ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സും പി എച്ച് ഡി യും പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം മെഡിസിൻ പഠിക്കാൻ പോയത്.നാടൻ ഭാഷയിൽ പറഞ്ഞാൽ, അത്രയും പഠിച്ചിറങ്ങുമ്പോൾ മൂക്കിൽ പല്ല് കിളിർക്കും. എന്നാൽ, അദ്ദേഹം അവിടെയും പഠിപ്പ് നിർത്തിയില്ല.മോളിക്യൂലർ ബയോളജിയിൽ റീസേർച്ച് ചെയ്ത് പ്രോട്ടോ ഓങ്കോ ജീൻ എന്ന കണ്ടെത്തൽ നടത്തിയത്. കാൻസറിന് കാരണമാകുന്ന ജീനുകളെ കണ്ടെത്തിയതിന് അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിച്ചു.’ദി ആർട് ആൻഡ് പൊളിറ്റിക്സ് ഓഫ് സയൻസ്’ എന്നൊരു പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹത്തെ നേരിൽ പരിചയപ്പെടാനും  സാധിച്ചത് വലിയ അനുഭവമാണ്.

കേരളത്തിൽ നിന്നുള്ള പ്രമുഖരെ ചികിത്സിച്ച അനുഭവം?

അത്തരത്തിൽ നിരവധി അനുഭവങ്ങളുണ്ടെങ്കിലും അവരുടെ വിവരങ്ങൾ പങ്കുവയ്ക്കുന്നത് എത്തിക്സിന് എതിരാണ്. രോഗബാധിതർ എന്നെത്തേടി എത്തുന്നത് അമേരിക്കയിലെ ഏറ്റവും നല്ല ഡോക്ടർ ആണെന്ന് കരുതിയൊന്നുമല്ല. മലയാളി എന്നതുകൊണ്ടാണ് അവർ എന്നെ പരിഗണിക്കുന്നത്. മാതൃഭാഷ പകരുന്ന സാന്ത്വന സ്വഭാവമാണ് ഇതിന്റെ കാരണം. ഒരു ഉദാഹരണം പറഞ്ഞാൽ, കാനഡയിലെ മൾട്ടിസ്‌പെഷ്യലിറ്റി ആശുപത്രിയിലെ ഐസിയു വിൽ കിടക്കുന്ന മലയാളിയോട് ‘ ഇപ്പോൾ വേദന കുറഞ്ഞോ സാറേ ‘ എന്നൊരു നഴ്സ് ചോദിച്ചാൽ അതോടെ അയാളുടെ വേദന പൂർണമായി മാറും. അത്രയും നേരം കേട്ടിരുന്ന മറ്റൊരു ഭാഷയ്ക്കിടയിൽ സ്വന്തം ഭാഷ കേൾക്കുമ്പോൾ വരുന്ന ആശ്വാസമാണത്. നമ്മുടെ ഹൃദയത്തിന്റെ അഗാധ തലങ്ങളിലേക്ക് സ്പർശിക്കണമെന്നുണ്ടെങ്കിൽ നമ്മുടെ മാതൃഭാഷ വേണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഭാവിപരിപാടികൾ?

കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. ശാസ്ത്രവിഷയങ്ങളെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അത് പെട്ടെന്ന് മനസ്സിലാക്കുകായും നടപ്പാക്കുകയും ചെയ്യും  എന്നതാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനിൽ ഞാൻ കണ്ട ഏറ്റവും വലിയ സവിശേഷത. നിപ്പ വരുന്നതിന് മുൻപ് തന്നെ ഇവിടൊരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വരണം എന്ന നിർദ്ദേശം ഞാൻ പറഞ്ഞിരുന്നു.കേരളത്തിന്റെ പ്രശ്നങ്ങൾ ഇവിടെ തന്നെ പരിഹരിക്കാൻ കഴിയണമെന്നും ന്യൂഡൽഹിയെ ആശ്രയിക്കേണ്ടതില്ലെന്നും ഞാൻ പറഞ്ഞ ഉടനെ തന്നെ അദ്ദേഹമത് കാര്യമായി എടുത്തു.അങ്ങനെയാണ് ഇവിടെ അത്തരത്തിലൊരു ഇൻസ്റ്റിറ്റ്യൂട്ട് വന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് കെട്ടിടത്തിനോട് ചേർന്ന് ഒരുപാട് മരങ്ങൾ അവിടെ പോയവർ കണ്ടിട്ടുണ്ടാകും.ഞങ്ങളുടെ പ്രിൻസിപ്പാളായിരുന്ന എം.തങ്കവേലു സാറിന്റെ ശ്രമഫലമായാണ് ആ മാറ്റം വന്നത്.മൂന്നാർ ജനിച്ച തമിഴ് വംശജനാണ് അദ്ദേഹം.പ്രകൃതിയെയും ശാസ്ത്രത്തെയും ഒരുപോലെ ഹൃദയത്തോട് ചേർത്തായിരുന്നു അദ്ദേഹം ജീവിച്ചത്.കുടുംബത്തിന് കരുതിവച്ച 14 ഏക്കർ സ്ഥലമാണ് സാർ, പാലോട്ടെ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനുവേണ്ടി നൽകിയത്. അദ്ദേഹത്തിന് പ്രകൃതിയോടുള്ള സ്നേഹമാണ് ഇത് സൂചിപ്പിക്കുന്നത്.തങ്കവേലു സാറിന് ഒരു സ്മാരകം നിർമ്മിക്കുന്ന കാര്യം ഞങ്ങൾ ആലോചിക്കുന്നുണ്ട്.ഓഗസ്റ്റിൽ തിരുവനന്തപുരത്തുള്ള  കേരളത്തിലെ ആദ്യ മെഡിക്കൽ കോളജിന്റെ ഡയമണ്ട് ജൂബിലിയാണ്. അതിനോട് അനുബന്ധിച്ചാണ് സ്മാരകം സമർപ്പിക്കുന്നത്. അന്ന് വിട്ടുകൊടുത്ത 14 ഏക്കർ ഇപ്പോഴും വെറുതെ കിടക്കുകയാണെന്ന് അദ്ദേഹത്തിന്റെ  മക്കൾ പറഞ്ഞറിഞ്ഞു. അതിന് നടുവിലായി ‘ സെന്റർ ഫോർ വൺ ഹെൽത്ത്’ എന്ന പേരിൽ മനുഷ്യന്റെയും ചെടികളുടെയും മൃഗങ്ങളുടെയും ചെടികളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം സംരക്ഷിക്കുകയാണ് ലക്‌ഷ്യം.അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ നല്ല വശങ്ങൾ സ്വാംശീകരിച്ചാണ് കേരളത്തിന്റെ പശ്ചാത്തലത്തിൽ ഈ  പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. സയൻസും പ്രകൃതിയും ഇഴചേർന്ന ഒന്നിനേക്കാൾ മികച്ചതായി എന്തുണ്ട് തങ്കവേലു സാറിന് സമർപ്പിക്കാൻ?

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular