Saturday, April 27, 2024
HomeKeralaസിപിഎമ്മില്‍ ബേബിവിഭാഗം രംഗത്ത് പിണറായിപക്ഷത്തിനു ക്ഷീണം

സിപിഎമ്മില്‍ ബേബിവിഭാഗം രംഗത്ത് പിണറായിപക്ഷത്തിനു ക്ഷീണം

തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും  എം.എ. ബേബി പക്ഷം കരുത്താര്‍ജിക്കുന്നതു അന്വേഷണ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളില്‍മേലുള്ള സിപിഎം നടപടികള്‍ക്കു തടസമാകുന്നു. വടക്കന്‍ കേരളത്തില്‍ ഔദ്യോഗിക വിഭാഗത്തിനു കരുത്തുണ്ടെങ്കിലും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇതുവരെയുണ്ടായിരുന്നവരില്‍ പലരും ബേബി പക്ഷത്തേക്കു മാറിയതാണ് പ്രധാന പ്രശ്‌നമായി ഉയരുന്നത്. വി.എസ.് പക്ഷത്തൊടൊപ്പം ഉണ്ടായിരുന്നവരും പിണറായി കരുത്തില്‍ നിശബ്ദരായവരും തക്ക സമയത്തു ബേബി പക്ഷത്തോടു ചേര്‍ന്നതും പല ജില്ലകളിലും പാര്‍ട്ടിക്കു വിനയാകുന്നുണ്ട്. പ്രത്യേകിച്ചു എറണാകുളത്താണ് ഇതിന്റെ സൂചനകള്‍ പുറത്തു വരുന്നത്.

സിപിഎമ്മിന്റെ  സംസ്ഥാനത്തെ വിവിധ ജില്ലാ കമ്മിറ്റികളില്‍ നടക്കുന്ന അന്വേഷണ കമ്മീഷനുകളുടെ ശിപാര്‍ശകളിലും നിര്‍ദ്ദേശങ്ങളിലും ശക്തമായ നടപടികളുണ്ടാകുമ്പോള്‍ എറണാകുളത്ത് നടപടി എടുക്കാന്‍ കഴിയാതെ പാര്‍ട്ടി നേതൃത്വം വിഷമിക്കുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചയായി ജില്ലാ സെക്രട്ടേറിയേറ്റും കമ്മിറ്റിയും കൂടിയിട്ടും എറണാകുളത്തെ ദിനേശ് മണി, കോട്ടമുറി കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ നടപടിയെടുക്കാനാകാതെ കുഴയുകയാണ് പാര്‍ട്ടി.

അറ്റകൈ പ്രയോഗം എന്ന നിലയില്‍ പത്തു ജില്ലാ കമ്മിറ്റിയംഗങ്ങളോട് വിശദീകരണം ചോദിച്ചിട്ടുണ്ടെങ്കിലും കാര്യമായ നടപടികളൊന്നും ഇവിടെ പ്രതീക്ഷിക്കുന്നില്ല. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.കെ. മണി ശങ്കറിനെയും എന്‍.സി. മോഹനനെയും  രക്ഷിച്ചെടുക്കാനാണ് ഇവിടെ നീക്കം നടക്കുന്നതെന്ന സൂചന പുറത്തു വന്നുകഴിഞ്ഞു. ഈ രണ്ടു അംഗങ്ങളെ രക്ഷിക്കാന്‍ കടുത്ത നടപടിയില്‍ നിന്നൊഴിവാക്കാനും ബാക്കിയുള്ള പി.കെ. സോമന്‍, ഷാജു ജേക്കബ്, സി.എന്‍. സുന്ദരന്‍, കെ. ഡി. വിന്‍സെന്റ്,  പി.എം. സലിം, പി. വാസുദേവന്‍, സാജു പോള്‍, എം.ഐ. ബീരാന്‍ തുടങ്ങിയ എട്ട് അംഗങ്ങള്‍ക്ക് ചെറിയ ശിക്ഷകള്‍ നല്‍കി നടപടികള്‍ അവസാനിപ്പിക്കാനുമാണ് നീക്കം.

എറണാകുളം ജില്ലയിലെ രൂക്ഷമായ വിഭാഗീയതയാണ് ഇതിന് കാരണമായിരിക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റില്‍ ബേബി പക്ഷത്തിന്റെ ആധിപത്യമാണ്. ആകെയുള്ള 17 ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ നാലുപേര്‍ മാത്രമാണു പിണറായി പക്ഷത്തുള്ളത്. ഈ ഭൂരിപക്ഷമാണ് എറണാകുളത്ത് ശക്തമായ നടപടികള്‍ക്ക് വിഘാതമാകുന്നത്. ജില്ലാ സെക്രട്ടറിയുള്‍പ്പെടെ നാലു പിണറായി പക്ഷക്കാര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. 14 നു രാവിലെ സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്ന ജില്ലാ സെക്രട്ടേറിയറ്റില്‍   എന്ത് നടപടിയുണ്ടാകുമെന്നത് കണ്ടറിയേണ്ടി വരും. മിക്കവാറും താക്കീതോ ശാസനയോ നല്‍കി പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുമ്പായി തീര്‍ക്കാനാണ് നീക്കം.

എന്നാല്‍ കോഴിക്കോടും കണ്ണൂരും തിരുവനന്തപുരത്തും മാതൃകാപരമായാണ് ജില്ലാ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേയ്ക്ക് തരംതാഴ്ത്തി. കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് ഏരിയയിലെ ഡസന്‍ കണക്കിന് നേതാക്കള്‍ക്കെതിരെയാണ് നടപടി. തിരുവനന്തപുരം അരുവിക്കരയില്‍ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ ജില്ലാ കമ്മിറ്റിയിലേയ്ക്ക് തരം താഴ്ത്തി. എന്നാല്‍  ഒരു കേന്ദ്ര കമ്മിറ്റിയംഗവും പത്തു സംസ്ഥാന കമ്മിറ്റി നേതാക്കളുമുള്‍പ്പെട്ട എറണാകുളം ജില്ലാ കമ്മിറ്റിയില്‍ അച്ചടക്ക നടപടിയെടുക്കാന്‍ പാര്‍ട്ടിക്കു കഴിയാതെവരികയാണ്. പിണറായി പക്ഷക്കാരനായ എറണാകുളം ജില്ലാ സെക്രട്ടറി കഴിഞ്ഞ മാസത്തെ പംക്തിയില്‍ ജില്ലയിലെ നേതാക്കളുടെ സാമ്പത്തികവും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചിരുന്നു.

സെക്രട്ടേറിയറ്റിലെ ബേബി പക്ഷത്തെ നോട്ടമിട്ടായിരുന്നു ലേഖനം. ഇനി 14 ന് നടക്കുന്ന അടിയന്തിര സെക്രട്ടേറിയറ്റ് കൂടി കടന്നു കിട്ടിയാല്‍ പാര്‍ട്ടി വിശദീകരണം ചോദിച്ചിരിക്കുന്ന നേതാക്കള്‍ക്ക് രക്ഷയാകും. പക്ഷേ ഈ കമ്മിറ്റിയില്‍ എന്തെങ്കിലും നടപടികളുണ്ടാകുമെന്നാണ് പാര്‍ട്ടിക്കാര്‍ കരുതുന്നത്. അതേ സമയം ആലപ്പുഴയില്‍ ജി. സുധാകരനെതിരെയുള്ള എളമരം കരീം റിപ്പോര്‍ട്ടില്‍ ഇന്ന് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ അന്തിമ തീരുമാനമാകും. എന്തായാലും 15 ന് തുടങ്ങാന്‍ പോകുന്ന ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ എറണാകുളത്തെ നടപടി കാര്യങ്ങളില്‍ അണികളില്‍നിന്നും ശക്തമായ വിമര്‍ശനമുണ്ടാകും.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular