Thursday, March 28, 2024
HomeKeralaപുന്നമടക്കായലിന്റെ ഓളപ്പരപ്പുകളില്‍ മിന്നല്‍പ്പിണരാകാന്‍ ഇനി നടുവിലേപ്പറമ്പനും

പുന്നമടക്കായലിന്റെ ഓളപ്പരപ്പുകളില്‍ മിന്നല്‍പ്പിണരാകാന്‍ ഇനി നടുവിലേപ്പറമ്പനും

കൈക്കരുത്തും മനക്കരത്തും സമന്വയിപ്പിച്ച് അത് തുഴകളിലേയ്ക്ക് ആവാഹിച്ച് ഓരേ മനസ്സോടെ കയ്യുംമെയ്യും മറന്ന് ഒരേ താളത്തില്‍ അങ്ങനെ ആഞ്ഞ് വീശുമ്പോള്‍ ഓളപ്പരപ്പുകള്‍ കീറിമുറിഞ്ഞ് ഇടിമിന്നല്‍ വേഗത്തില്‍ പുന്നടമക്കായലിലും ഒപ്പം വള്ളംകളി പ്രേമികളുടെ മനസ്സിലും ആവേശം ആകാശംമുട്ടെയെത്തിക്കാന്‍ മറ്റൊരു ചുണ്ടന്‍ വള്ളം കൂടി ഒരുങ്ങി ‘നടുവിലേപ്പറമ്പന്‍ ‘
വള്ളം കളി പ്രേമികളുടെ ആവേശമായിരുന്നു എന്നും കുമരകം ബോട്ട് ക്ലബ്ബും ഇവിടുത്തെ ചുണക്കുട്ടന്‍മാരായ തുഴച്ചില്‍കാരും. ഇവരാണ് നടുവിലേപ്പറമ്പന് ജീവന്‍ നല്‍കുന്നത്.  എതിരാളികളെ വെല്ലുവിളിച്ച് നടുവിലേപ്പറമ്പന്‍ പുന്നമടക്കായലില്‍ അങ്കത്തിനിറങ്ങുമ്പോള്‍ മറ്റു വള്ളങ്ങള്‍ക്കതൊരു പേടിസ്വപ്‌നമാകാന്‍ ഇതു തന്നെ പ്രധാന കാരണം.
പല തവണ എതിരാളികളെ നിഷ്പ്രഭരാക്കി നെഹ്‌റുട്രോഫികളില്‍ മുത്തമിട്ടിട്ടുള്ളവരാണ് കുമരകം കരക്കാര്‍ ഇവര്‍ നേടിയ ഹാട്രിക് വിജയങ്ങള്‍ ഇന്നും ഇവിടുത്തുകാരുടെ മനസ്സില്‍ ആവേശം അല്‍പ്പം പോലും ചോരാത്ത ഓര്‍മ്മകളാണ്. നെല്ലാനിക്കല്‍ പാപ്പച്ചന്‍ ഉള്‍പ്പെടെയുള്ളവരാണ് ഇവര്‍ തീര്‍ത്ത വിജയ ചരിത്രങ്ങള്‍ക്ക് പിന്നില്‍ ചുക്കാന്‍ പിടിച്ചിട്ടുള്ളതെന്ന് കുമരകംകാര്‍ ഇന്നും ഓര്‍ക്കുന്നു.
ഇങ്ങനെ വിജയം കൊയ്ത ചരിത്രങ്ങള്‍ തന്നെയാണ് ഇവിടുത്തുകാരുടെ കൈക്കരുത്തിനേയും മനക്കരുത്തിനേയും എതിരാളികള്‍ ഭയക്കാന്‍ പ്രധാന കാരണവും. കഴിഞ്ഞ രണ്ടുവര്‍ഷമായി പുന്നമടക്കായലും വള്ളംകളിപ്രേമികളും നിരാശയില്‍ തന്നെയാണ് കാരണം കോവിഡിനെ തുടര്‍ന്ന് വള്ളം കളി ഉപേക്ഷിച്ചത് തന്നെ.
ഓരോ നെഹ്‌റു ട്രോഫിയും കുമരകംകാര്‍ക്ക് ആവേശവും ആഘോഷവുമാണ്. ഇന്നലകളിലെ ആ ആവേശസ്മരണകള്‍ നല്ലനാളെകളില്‍ തിരികെയെത്തുമ്പോള്‍ ഇവിടെ തങ്ങളുടെ കൈമുദ്ര പതിപ്പിക്കാനാണ് നടുവിലേപ്പറമ്പനെ ഇവര്‍ ഒരുക്കി നിര്‍ത്തിയിരിക്കുന്നത്.
നടുവിലേപ്പറമ്പന്‍ ചുണ്ടന്‍രെ പുതിയ വള്ളപ്പുരയുടേയും ആശീര്‍വ്വാദ കര്‍മ്മം കഴിഞ്ഞ ദിവസം നാട്ടിലെ പ്രമുഖരുടേയും കളിപ്രേമികളുടേയും സാന്നിധ്യത്തില്‍ നടന്നു. പഴയ ഇല്ലിക്കുളം ചുണ്ടന്‍ നടുവിലേപ്പറമ്പില്‍ ഫെലിക്‌സ് മാത്യു വിലയ്ക്ക് വാങ്ങി പുതുക്കി പണിത് നടുവിേലപ്പറമ്പില്‍ ചുണ്ടനാക്കി മാറ്റുകയായിരുന്നു. ഫാദര്‍ ബൈജു ഏടാട്ട് , ഫാദര്‍ റെജി പുല്ലുവട്ടത്തില്‍ എന്നിവരായിരുന്നു വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചത്.
ചീപ്പുങ്കല്‍ കരീമഠം റോഡരുകില്‍ വള്ളത്തിന്‍രെ കൂമ്പും  പെണ്ണാര്‍ തോടിന് സമീപം അമരവും വരുന്ന രീതിയിലാണ് അഞ്ച് ലക്ഷത്തോളം രൂപ മുടക്കി വള്ളപ്പുര നിര്‍മ്മിച്ചിരിക്കുന്നത്.
നാല് വര്‍ഷം മുമ്പാണ് ഇല്ലിക്കുളം ചുണ്ടന്‍ അറ്റകുറ്റപണികള്‍ക്കായി വള്ളപ്പുരയില്‍ കയറ്റിയത്. പിന്നീട് മത്സരവേദികളില്‍ എത്തിയിട്ടില്ല. തുടര്‍ന്നാണ് ജിഫി നടുവിലേപ്പറമ്പില്‍ വിലയ്ക്ക് വാങ്ങിയത്. അമരത്തിന്റെ പൊക്കം ഒന്നര അടിയും ഒന്നാം അമരത്തട്ട് ഒമ്പത് ഇഞ്ചും താഴ്ത്തി. ഇതായിരുന്നു പ്രധാന പണി.
2009ല്‍ ഇല്ലിക്കുളം ചുണ്ടന്‍ നിര്‍മ്മിച്ചിത് ചുണ്ടന്‍വള്ളങ്ങളുടെ ശില്‍പ്പി എന്ന രീതിയില്‍ പ്രശസ്തനായ ഉമാമഹേശ്വരന്‍ ആചാരിയുടെ നേതൃത്വത്തിലായിരുന്നു. ഇപ്പോള്‍ അറ്റകുറ്റപണികള്‍ക്ക് നേതൃത്വം നല്‍കിയത് ഇദ്ദേഹത്തിന്റെ സഹോദരന്‍ സാബു ആണ്. അമ്പത്തിമൂന്നേകാല്‍ കോല്‍ നീളവും 53 അംഗുലം വീതിയുമുള്ള ഈ ചുണ്ടനില്‍ 85 തുഴച്ചില്‍ക്കാരും അഞ്ച് അമരക്കാരും ഏഴ് നിലയാളുമാണ് കയറുന്നത്.
ഇനിയൊരങ്കത്തിന് നടുവിലേപ്പറമ്പനിലേറി കുമരകത്തിന്റെ ചുണക്കുട്ടന്‍മാര്‍ പുന്നമടകായലിലേയ്ക്കിറങ്ങുമ്പോള്‍ എതിരാളികളെ വള്ളപ്പാടുകള്‍ പിന്നിലാക്കാന്‍  കൈക്കരുത്തിനും മനക്കരുത്തിനും പുറമേ ഇവരുടെ ഒരുമയും ജലോത്സവ പ്രേമവും ആത്മാര്‍ത്ഥതയും തന്നെ ധാരാളം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular