Tuesday, April 23, 2024
HomeIndiaയുക്രെയിന്‍ യുദ്ധം: ജി 7 നേതാക്കളുടെ ഉച്ചകോടിയിലേക്കു നരേന്ദ്ര മോദിക്കു ക്ഷണം

യുക്രെയിന്‍ യുദ്ധം: ജി 7 നേതാക്കളുടെ ഉച്ചകോടിയിലേക്കു നരേന്ദ്ര മോദിക്കു ക്ഷണം

ന്യൂഡല്‍ഹി: റഷ്യയ്ക്കെതിരെ വിശാലമായ സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി അടുത്ത മാസം നടക്കുന്ന ഗ്രൂപ്പ് ഓഫ് സെവന്‍ (ജി 7) നേതാക്കളുടെ ഉച്ചകോടിയിലേക്കു പ്രധാനമന്ത്രി മോദിയെ പ്രത്യേക അതിഥിയായി ക്ഷണിച്ചതായി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് സ്ഥിരീകരിച്ചു.
റഷ്യയെ അപലപിക്കാന്‍ ഇന്ത്യ തയാറാകാത്തതിനാല്‍ ഈ യോഗത്തിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്ഷണിക്കുമോയെന്ന ആശയക്കുഴപ്പം നേരത്തെ ഉയര്‍ന്നിരുന്നു.

യുക്രയിന്‍ സംഘര്‍ഷത്തില്‍ ഒരു രാജ്യത്തിനും വിജയിക്കാനാകില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മനിയില്‍ പറഞ്ഞു. ഇന്ത്യ സമാധാനത്തെ പിന്തുണയ്ക്കുന്നുവെന്ന് അടിവരയിട്ടു പറഞ്ഞ പ്രധാനമന്ത്രി യുദ്ധം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു

യുക്രെയിന്‍ പ്രതിസന്ധിയുടെ തുടക്കം മുതല്‍ തര്‍ക്കം പരിഹരിക്കാനുള്ള ഏക മാര്‍ഗമായി ഞങ്ങള്‍ വെടിനിര്‍ത്തലിനു നിര്‍ബന്ധിക്കുകയും ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു- ബെര്‍ലിനില്‍ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം പ്രധാനമന്ത്രി മോദി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഈ യുദ്ധത്തില്‍ വിജയികളൊന്നും ഉണ്ടാകില്ലെന്നും എല്ലാവരും തോല്‍ക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു, അതിനാലാണ് ഞങ്ങള്‍ സമാധാനത്തെ പിന്തുണയ്ക്കുന്നത്- അദ്ദേഹം പറഞ്ഞു.

യുക്രേനിയക്കാരുടെ മേലുള്ള മാനുഷിക ആഘാതത്തിന് പുറമേ, എണ്ണ വിലയിലും ആഗോള ഭക്ഷ്യ വിതരണത്തിലും ഉള്ള സമ്മര്‍ദവും ലോകത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും ഒരു ഭാരം ഉണ്ടാക്കുന്നുവെന്നും മോദി പറഞ്ഞു. അതേസമയം, അധിനിവേശത്തില്‍ റഷ്യയെ അപലപിക്കാന്‍ പ്രധാനമന്ത്രി തയാറായില്ല.

യുക്രെയിനിലെ യുദ്ധം നിയമത്തെ അടിസ്ഥാനമാക്കിയുള്ള ആഗോള ക്രമത്തിനു ഭീഷണിയാണെന്നു ജര്‍മന്‍ ചാന്‍സലര്‍ ഷോള്‍സ് ഊന്നിപ്പറഞ്ഞു. യുക്രെയ്നിനെതിരായ ആക്രമണത്തിലൂടെ റഷ്യ അന്താരാഷ്‌ട്ര നിയമത്തിന്‍റെ അടിസ്ഥാന തത്വങ്ങളെ അപകടത്തിലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഷ്‌ട്രങ്ങളുടെ പരമാധികാരം ചോദ്യം ചെയ്യപ്പെടേണ്ടതില്ലെന്ന കാര്യത്തില്‍ തനിക്കും പ്രധാനമന്ത്രി മോദിക്കും ഒരേ അഭിപ്രായമാണ്. പരസ്പരം യുദ്ധം ചെയ്യുന്നതിലൂടെയല്ല, സാമ്ബത്തിക വികസനം ഒരുമിച്ചു സാധ്യമാക്കുന്നതിലൂടെയാണ് മെച്ചപ്പെട്ട കാര്യങ്ങള്‍ സംഭവിക്കുന്നത് – ഷോള്‍സ് പറഞ്ഞു.

സ്വതന്ത്ര വ്യാപാര കരാറില്‍ യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മില്‍ വരാനിരിക്കുന്ന ചര്‍ച്ചകള്‍ക്കു ശക്തമായ പിന്തുണ പ്രകടിപ്പിക്കുന്ന സംയുക്ത പ്രഖ്യാപനത്തില്‍ ഇരു സര്‍ക്കാരുകളും പിന്നീട് ഒപ്പുവച്ചു. പ്രധാനമന്ത്രി മോദിയും ചാന്‍സലര്‍ ഒലാഫ് ഷോള്‍സും ചേര്‍ന്ന് ആറാമത് ഇന്ത്യ- ജര്‍മനി ഇന്‍റര്‍ ഗവണ്‍മെന്‍റ് കണ്‍സള്‍ട്ടേഷനുകള്‍ക്കു നേതൃത്വം നല്‍കി. പ്രതിനിധിതല ചര്‍ച്ചകള്‍ക്കു മുമ്ബ് ഇരു നേതാക്കളും ഒറ്റയ്ക്കും ചര്‍ച്ച നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular