Friday, April 26, 2024
HomeUSAഡോ. എം. വി. പിള്ളക്ക് ലോകാരോഗ്യ സംഘടനാ കൺസൽട്ടന്റായി നിയമനം

ഡോ. എം. വി. പിള്ളക്ക് ലോകാരോഗ്യ സംഘടനാ കൺസൽട്ടന്റായി നിയമനം

ഡാലസ് ∙ അമേരിക്കയിലെ പ്രമുഖ കാൻസർ രോഗവിദഗ്ദനും തോമസ് ജഫർസൺ യൂണിവേഴ്സിറ്റി ഓങ്കോളജി ക്ലിനിക്കൽ പ്രൊഫസറുമായ ഡോ. എം. വി. പിള്ളയെ ലോകാരോഗ്യ സംഘടനാ കാൻസർ കെയർ കൺസൽട്ടന്റായി നിയമിച്ചു. ഇന്റർനാഷനൽ നെറ്റ്‍വർക്ക് ഫോർ കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസെർച്ച് സംഘടനയുടെ (INCTR USA) പ്രസിഡന്റ് കൂടിയാണ് ഡോ. എം. വി. പിള്ള. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ലഭിച്ചതായി ഡോ. പിള്ള പറഞ്ഞു.

ലോകാരോഗ്യ സംഘടന കാൻസർ കെയർ കൺസൽട്ടന്റായി തുടരണമെന്ന അഭ്യർഥന സ്വീകരിക്കുകയായിരുന്നുവെന്ന് ഡോ. പിള്ള പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ഏറ്റവും അനുയോജ്യമായ അവസരമായി ഈ നിയമനത്തെ കാണുന്നതായി പിള്ള പറഞ്ഞു. നമ്മുടെ രാജ്യത്തിനും ഇത് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ആദ്യ കാൻസർ ചികിത്സാ കേന്ദ്രങ്ങളിൽ ഒന്നായ റീജിയൺ കാൻസർ സെന്റർ (കേരള) ഗവേണിംഗ് കൗൺസിൽ അംഗത്വവും ഇതോടൊപ്പം ഡോ. പിള്ളയെ തേടിയെത്തിയിട്ടുണ്ട്. വികസിത രാജ്യങ്ങളിൽ ഇന്ന് ലഭിക്കുന്ന ഏറ്റവും ആധുനിക കാൻസർ ചികിത്സാ സൗകര്യങ്ങൾ കേരളത്തിലും ലഭ്യമാക്കും എന്ന ലക്ഷ്യം നിറവേറ്റുന്നതിന് എല്ലാവരുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും ഡോ. പിള്ള പറഞ്ഞു.

യുഎസ് യൂണിവേഴ്സിറ്റി കാൻസർ സെന്ററുകളുമായി സഹകരിച്ചു തൃശൂരിലുള്ള കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ മാസ്റ്റേഴ്സ്, പിഎച്ച്ഡി അക്കാദമിക്ക് പ്രോഗ്രാം നടപ്പാക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും യെയിൽ, മയോ, തോമസ് ജഫർസൺ സെന്ററുകളാണ് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതെന്നും ഡോക്ടർ പറഞ്ഞു.

ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് തന്റെ കഴിവിന്റെ പരമാവധി ഇതിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും എല്ലാവരുടേയും സഹകരണവും പ്രാർഥനയും ഡാലസിലുള്ള ഡോ. എം. വി. പിള്ള അഭ്യർഥിച്ചു.

പി.പി. ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular