Sunday, May 19, 2024
HomeUSA'മോസ്‌ക്വ' യുടെ നാശത്തിൽ യു എസിനു പങ്ക്?

‘മോസ്‌ക്വ’ യുടെ നാശത്തിൽ യു എസിനു പങ്ക്?

റഷ്യയുടെ മുഖത്തടിച്ചു ‘മോസ്‌ക്വ’ എന്ന പടുകൂറ്റൻ പടക്കപ്പൽ മുക്കാൻ യുക്രൈനെ സഹായിച്ചത് യു എസ് രഹസ്യാന്വേഷണ വിവരമാണെന്നു പാശ്ചാത്യ മാധ്യമം പറയുന്നു. എന്നാൽ പെന്റഗൺ അതു സ്ഥിരീകരിക്കാൻ തയാറായില്ല.

ഒഡേസയ്ക്കു തെക്കായി കരിങ്കടലിൽ നീങ്ങിയിരുന്ന കപ്പൽ ഏതാണെന്നു യുക്രൈൻ അന്വേഷിച്ചപ്പോൾ അതു ‘മോസ്‌ക്വ’ ആണെന്നു വാഷിംഗ്‌ടൺ മറുപടി നൽകി എന്നാണ് ബി ബി സി റിപ്പോർട്ട്. സ്ഥിരീകരണം ലഭിച്ചപ്പോൾ യുക്രൈൻ രണ്ടു മിസൈലുകൾ പായിച്ചു എന്ന് മാധ്യമത്തിനു വിവരം നൽകിയ ഉദ്യോഗസ്ഥർ പറയുന്നു.

യുക്രൈനു നേരെയുള്ള ആക്രമണത്തിനു മുനയായിരുന്നു 510 നാവികരുള്ള ഈ പടക്കപ്പൽ. ഏപ്രിലിൽ കപ്പൽ കരിങ്കടലിന്റെ ആഴങ്ങളിലേക്കു മറഞ്ഞപ്പോൾ റഷ്യ അപമാനം സഹിക്കാതെ ജ്വലിച്ചു. മൂന്നാം ലോക യുദ്ധം തുടങ്ങി എന്നു വരെ അധികാര സിരാകേന്ദ്രങ്ങളിൽ സ്വാധീനമുള്ള ഒരു ടി വി അവതാരക പറഞ്ഞു.

പക്ഷെ, എങ്ങിനെയോ ഉണ്ടായ തീപിടിത്തത്തിൽ കപ്പലിലെ ആയുധശേഖരം പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് റഷ്യയുടെ ഔദ്യോഗിക വിശദീകരണം. യു എസ് പ്രതികരിച്ചിട്ടില്ല.

യുദ്ധഭൂമിയിലുള്ള റഷ്യൻ ജനറൽമാരെ കുറിച്ച് അമേരിക്ക യുക്രൈനു വിവരം നൽകുന്നുണ്ടെന്ന വാർത്ത, അതിനിടെ, പെന്റഗൺ വക്താവ് ജോൺ കിർബി നിഷേധിച്ചു. യുക്രൈനു ജനറൽമാരെ വധിക്കാനുള്ള സഹായമാണിതെന്നു വാർത്തകളിൽ പറഞ്ഞിരുന്നു.

യുക്രൈന് യു എസും മറ്റു പല  രാജ്യങ്ങളും വിവരങ്ങൾ നൽകുന്നുണ്ട്. അവയും യുദ്ധഭൂമിയിൽ നിന്നുള്ള സ്വന്തം രഹസ്യാന്വേഷണ വിവരങ്ങളും ചേർത്താണ് യുക്രൈൻ തീരുമാനങ്ങൾ എടുക്കുന്നത് — കിർബി പറഞ്ഞു.

റഷ്യൻ ഉദ്യോഗസ്ഥരെ ലക്‌ഷ്യം വയ്ക്കാൻ യു എസ് വിവരം നൽകുന്നു എന്ന റിപ്പോർട്ട് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിലും (എൻ എസ്  സി) നിഷേധിച്ചു. “റഷ്യൻ ജനറൽമാരെ കൊല്ലാനുള്ള രഹസ്യ വിവരങ്ങൾ ഞങ്ങൾ നൽകുന്നില്ല,” വക്താവ് അദ്രിയേനെ വാട്സൺ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular