Wednesday, April 24, 2024
HomeKeralaതൃക്കാക്കരയിൽ: ചില കണക്കുകളും സഭയും എ എ പി യും

തൃക്കാക്കരയിൽ: ചില കണക്കുകളും സഭയും എ എ പി യും

പൊന്നാപുരം കോട്ട ചെങ്കോട്ട ആക്കാൻ പൊരിഞ്ഞ പോരാട്ടം തന്നെ. പതിനൊന്നു വർഷം മാത്രം പ്രായമായ തൃക്കാക്കര മണ്ഡലം ഇതു വരെ നടന്ന മൂന്നു തെരഞ്ഞെടുപ്പിലും പിടിച്ചതു കൊണ്ടാണ് കോൺഗ്രസ് അതിനെ കോട്ടയെന്നു അവകാശപ്പെടുന്നത്. എറണാകുളം ജില്ലയിൽ തന്നെ മുൻതൂക്കമുള്ള കോൺഗ്രസിനു  തൃക്കാക്കര നിലനിർത്തേണ്ടത് പ്രസ്റ്റീജ് വിഷയവുമാണ്.

എന്നാൽ നിയമസഭയിൽ 100 സീറ്റ് എന്ന ലക്‌ഷ്യമുള്ള സി പി എം കടുത്ത പോരാട്ടത്തിനു ഒരുങ്ങി തന്നെയാണ് ഇറങ്ങിയിട്ടുള്ളത്. കോട്ടകളൊക്കെ തകർത്ത ചരിത്രങ്ങൾ സി പി എമ്മിനുണ്ട്. അതു  കൊണ്ടു മാത്രം പക്ഷെ തൃക്കാക്കര അത്ര എളുപ്പമാവണമെന്നില്ല.

അതിനു കാരണങ്ങൾ പലതുണ്ടു താനും. നല്ല പ്രതിച്ഛായ ഉണ്ടായിരുന്ന എം എൽ എ പി ടി തോമസ് കാൻസർ ബാധിച്ചു മരിച്ച ശേഷം ഒഴിവു വന്ന സീറ്റിൽ അദ്ദേഹത്തിന്റെ ഭാര്യ തന്നെ മത്സരിക്കുന്നു എന്നതാണ് അതിലൊന്ന്. സഹതാപ തരംഗം ഉമാ തോമസിനു മുതൽക്കൂട്ടാകും എന്ന കണക്കു കൂട്ടൽ തീർച്ചയായും സ്വാഭാവികം.

രണ്ടാമത്, തലങ്ങും വിലങ്ങും അടി നടക്കുന്ന പാർട്ടിയിൽ ആഴത്തിലോടിയ ഭിന്നതകൾക്കൊക്കെ ഉപരിയായി നിൽക്കാൻ കഴിയുന്ന സഥാനാർഥിയാണ് ഉമ എന്നൊരു കാര്യമുണ്ട്. പെട്ടെന്നു തീരുമാനം ഉണ്ടായതു തന്നെ അതു കൊണ്ടാണ്.  ആരെയും പ്രകോപിപ്പിക്കാതെ, ശ്രദ്ധിച്ചു സംസാരിച്ചു മുന്നോട്ടു പ്രചാരണം കൊണ്ടു  പോകുന്ന അവർ സ്ഥാനാർഥിക്കസേര കിട്ടാതെ വന്നപ്പോൾ പൊട്ടിത്തെറിച്ച ഡൊമിനിക് പ്രസന്റഷനെ പോലുള്ളവരെ തണുപ്പിക്കും എന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

കെ വി തോമസ് മറ്റൊരു കഥയാണ്. അടുത്തിടെ പാർട്ടി അംഗത്വം പുതുക്കിയ അദ്ദേഹത്തിന്റെ ആവശ്യങ്ങൾ എന്താണെന്നു കാത്തിരുന്നു തന്നെ കാണണം. തൃക്കാക്കര മണ്ഡലത്തെ പിടിച്ചു കുലുക്കാൻ കഴിയുന്ന കരുത്തൊന്നും അവകാശപ്പെടാൻ കഴിയുന്ന നേതാവുമല്ല തോമസ്.

കൂടുതൽ മുന്നോട്ടു പോകും മുൻപ് പരിശോധിക്കേണ്ട ചില കണക്കുകളുണ്ട്. മണ്ഡലം രൂപീകരിച്ച ശേഷം 2011 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ബെന്നി ബഹനാൻ ആണ് ഇവിടെ ജയിച്ചത്. 2016 ൽ ഇടുക്കി എം എൽ എ ആയിരുന്ന പി ടി തോമസ് തിരുസഭയുമായി പാരിസ്ഥിതിക വിഷയത്തിൽ ഇടഞ്ഞതോടെ അദ്ദേഹത്തെ കോൺഗ്രസ് തൃക്കാക്കരയിൽ കൊണ്ടു വന്നു. സി പി എമ്മിന്റെ എം പിയും എം എൽ ആയും ആയിരുന്ന  സെബാസ്റ്റ്യൻ പോൾ ആയിരുന്നു എതിരാളി. നിയമത്തിൽ ഡോക്ടറേറ്റുള്ള സജീവ വ്യക്തിത്വം ലത്തീൻ കത്തോലിക്ക സഭയുടെ കലവറയില്ലാത്ത പിന്തുണയും നേടിയിരുന്നു. തോമസ് അന്നു ജയിച്ചത് 11,996 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.

തോമസിനെ 2021ൽ നേരിട്ടത് അസ്ഥിരോഗ വിദഗ്‌ധനായ ഡോക്ടർ ജെ. ജേക്കബ് ആണ്. തോമസിന്റെ ഭൂരിപക്ഷം കൂടി 13,813 ആയി. ബി ജെ പിയുടെ എസ്. സജി 21,247 വോട്ട് പിടിച്ച തെരഞ്ഞെടുപ്പിൽ 2020 സ്ഥാനാർഥി ഡോക്ടർ ടെറി തോമസും 13,773 വോട്ട് നേടി. അതിൽ കുറെ കോൺഗ്രസ് വോട്ടും ഉണ്ടാവാം എന്ന നിഗമനമുണ്ട്. 2020 യുടെ വരവിൽ കൂടുതൽ ആശങ്കയുള്ളതു കോൺഗ്രസിനാണ്.

ഏറെ ആദരിക്കപ്പെടുന്ന ഡോക്ടർ ജേക്കബിനു 2021ൽ ഒരു രാഷ്ട്രീയ പോരാട്ടത്തിനുള്ള കരുക്കൾ കയ്യിൽ കണ്ടില്ല. ആ രീതിയിലുള്ള ഉണർവ് സി പി എം അണികളിൽ ഉണ്ടായില്ല എന്ന വ്യാഖ്യാനവും ഉണ്ടായിരുന്നു. ഇക്കുറി പ്രശസ്‌ത ഹൃദ്രോഗ വിദഗ്‌ധൻ ഡോക്ടർ ജോ ജോസഫിനെ നിർത്തിയപ്പോൾ സി പി എം അക്കാര്യം കണക്കിലെടുത്തോ എന്ന് വ്യക്തമല്ല.

ഡോക്ടർ ജോയെ കാണാൻ ലിസി ആശുപത്രിയിൽ എത്തുന്ന രോഗികൾ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരാറുണ്ട്. മികവുള്ള ഡോക്ടറെ കാണാൻ അതു തീർച്ചയായും വേണ്ടി വരും. രോഗികളോട്‌ മധുരമായി പെരുമാറുകയും മികച്ച ചികിത്സ നൽകുകയും ചെയ്യുന്ന ഡോക്ടർക്കു പക്ഷെ രാഷ്ട്രീയ പോരാട്ടത്തിനുള്ള തന്ത്രങ്ങൾ അറിയാമോ എന്നു പറയാറായിട്ടില്ല. ഉദാഹരണത്തിന് എതിർ സ്ഥാനാർത്ഥിയെ ആക്ഷേപിച്ചു സംസാരിക്കാൻ സംസ്കാര സമ്പന്നനായ ഈ ഡോക്ടർ തയാറാവുമെന്നു കരുതാൻ വയ്യ. പ്രത്യേകിച്ച് അവർ സ്ത്രീയാവുമ്പോൾ. സഹതാപ തരംഗം എന്ന വിഷയം നിൽക്കെ രാഷ്ട്രീയമായി കടന്നാക്രമിക്കുന്ന ശൈലി അനിവാര്യമാണ്.

കടുത്ത രാഷ്ട്രീയ പോരാട്ടത്തിനു മികച്ച സ്ഥാനാർഥി ആവുമായിരുന്നു സി പി എം ജില്ലാ കമ്മിറ്റി മെമ്പർ കെ എസ് അനിൽ കുമാർ. പ്രത്യേകിച്ച് അടുത്ത കാലത്തു സിൽവർലൈൻ വിവാദം ആളിപ്പടരുമ്പോൾ ടെലിവിഷൻ ചർച്ചകളിൽ ശക്തമായ പ്രതിരോധം ഉയർത്തി ഈ അഭിഭാഷകൻ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഉമാ തോമസ് ഇറങ്ങിയതോടെ പ്രചാരണത്തിനു സ്ഥാനാർഥി ഇല്ലാത്ത അവസ്ഥയിലായിരുന്നു സി പി എം. അപ്പോഴാണ് തൃക്കാക്കര മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും അനിൽ കുമാറിന്റെ പേരു ചുവരുകളിൽ പ്രത്യക്ഷപ്പെട്ടത്. ഡോക്ടർ വന്നതോടെ ആ ചുവരെഴുത്തുകൾ മായ്ച്ചു കളയേണ്ടി വന്നു.

പാർട്ടിക്കു കുറച്ചൊരു നാണക്കേടായ സംഭവമാണത്. എന്തു കൊണ്ടു ചുവരെഴുതി എന്ന ചോദ്യത്തിന് മറുപടി പറയാതെ മാധ്യമ സൃഷ്‌ടി മാത്രമായിരുന്നു ആ സ്ഥാനാർത്ഥിയെന്നു ഇടതു മുന്നണി കൺവീനർ ഇ പി ജയരാജൻ പറഞ്ഞു വച്ചു. പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോഴും അതൊരു ശ്രദ്ധ തിരിക്കുന്ന വിഷയമായി നില്കുന്നു.

കലഹിക്കുന്നവർ 

തൃക്കാക്കര സിറോ മലബാർ സഭയുടെ കോട്ടയാണെന്ന ധാരണയും സി പി എമ്മിനുണ്ടായി എന്ന് കരുതണം. അങ്ങിനെയെങ്കിൽ പി ടി തോമസുമായി സഭയ്ക്കുണ്ടായ അകൽച്ച പ്രയോജനപ്പെടുത്തി അദ്ദേഹത്തിന്റെ ഭാര്യക്കെതിരെ സഭയെ തിരിക്കാം എന്ന് കണക്കു കൂട്ടിയിരിക്കാം. എന്നാൽ സഭയ്ക്കു ഇവിടെ നിലവിലുള്ള പ്രശ്‌നങ്ങൾ കൂടി നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. കർദിനാൾ ജോർജ് ആലഞ്ചേരി ഓശാന ദിനത്തിൽ കഴുതപ്പുറമേറിയല്ല സെന്റ് മേരിസ് ബസിലിക്കയിൽ എത്തിയത്. പള്ളിയുടെ നാലു  പാടും കനത്ത പൊലിസ് കാവൽ ആയിരുന്നു. അദ്ദേഹത്തിനെതിരെ ഭൂമിക്കേസുമുണ്ട്.

ഇപ്പോൾ ഡോക്ടർ ജോ സഭയുടെ സ്ഥാനാർഥിയാണോ അല്ലയോ എന്നൊരു വിവാദം ഉയരുമ്പോൾ കർദിനാളിനെ പോലും ആക്രമിച്ചു അല്മായർ സംസാരിക്കുന്ന സ്ഥിതിയുണ്ടായി. അത്ര രൂക്ഷമായ കലഹമാണ് സഭയ്ക്കുള്ളിൽ. അപ്പോൾ സഭ ഒറ്റക്കെട്ടായി ജോയെ പിന്തുണയ്ക്കും എന്നു എന്താണുറപ്പ്.

ഡോക്ടർ തന്നെ പറഞ്ഞു താൻ സഭയുടെ സ്ഥാനാർഥി അല്ലെന്ന്. പറയേണ്ടി വന്നു എന്നതാണ് സത്യം. കാരണം ആ വിഷയം അത്ര വലിയ വിവാദമായി വളർന്നു. സഭയും വ്യക്തമായ പ്രസ്താവന ഇറക്കി കൈകഴുകി. “ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ ബോധപൂര്‍വം പ്രചരണം നടത്തുകയാണ്. ഇതിന് വസ്തുതയുമായി യാതൊരു ബന്ധവുമില്ല,” എന്നാണ് സഭയുടെ പ്രസ്താവന. “മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്കനുസരിച്ചാണ്. ഈ പ്രക്രിയയില്‍ സഭാനേതൃത്വത്തിന്റെ ഇടപെടല്‍ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാന്‍ കഴിയുന്നു,” സഭ വ്യക്തമാക്കി.

‘അൽമായ മുന്നേറ്റം എറണാകുളം അതിരൂപത സമിതി’ ആവട്ടെ കർദിനാളിന്റെ സ്‌ഥാനാർഥിയാവാം ജോ എന്നും അതു വിശ്വാസികൾക്ക് ബാധകമല്ലെന്നും പറയുന്നു.

അടിസ്ഥാനപരമായി നഗര മണ്ഡലമാണ് തൃക്കാക്കര. പഞ്ചായത്തുകൾ ഇല്ല. കോൺഗ്രസിനു ഭരണമുള്ള തൃക്കാക്കര മുനിസിപ്പൽ മേഖലയും കൊച്ചി കോർപറേഷന്റെ 22 വാർഡുകളും ചേർന്നത്. നഗരം ഭരിക്കുന്നത് സി പി എം ആണെങ്കിലും ഈ 22 വാർഡുകളിൽ 14 എണ്ണം കോൺഗ്രസിന്റെ കൈയിലാണ്: കറുകപ്പള്ളി, വെണ്ണല, പൂണിത്തുറ, എളംകുളം, കടവന്ത്ര, ഗിരിനഗർ, പനമ്പിള്ളി നഗർ, ഇടപ്പള്ളി, മാമംഗലം, പാലാരിവട്ടം, ചക്കരപ്പറമ്പ്, വൈറ്റില ജനത, ദേവൻകുളങ്ങര, കാരണക്കോടം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular