Tuesday, April 23, 2024
HomeIndia'ആരാണ് അയാള്‍'? ബിഹാറില്‍ വികസനമില്ലെന്ന പ്രശാന്ത് കിഷോറിന്‍റെ പ്രസ്താവനക്കെതിരെ തേജസ്വി യാദവ്

‘ആരാണ് അയാള്‍’? ബിഹാറില്‍ വികസനമില്ലെന്ന പ്രശാന്ത് കിഷോറിന്‍റെ പ്രസ്താവനക്കെതിരെ തേജസ്വി യാദവ്

പട്ന: കഴിഞ്ഞ 30 വര്‍ഷമായി ബിഹാറില്‍ ഒരു വികസനവും നടന്നിട്ടില്ലെന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെ പ്രസ്താവന തള്ളി രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ്.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെയും മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്‍റെയും ഭരണകാലത്ത് സംസ്ഥാനത്ത് ഒരു വികസനവും നടന്നിട്ടില്ലെന്ന് കിഷോര്‍ കുറ്റപ്പെടുത്തിയിരുന്നു.

ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “പ്രശാന്ത് കിഷോറിന്‍റെ പ്രസ്താവനക്ക് ഉത്തരം നല്‍കുന്നതില്‍ പോലും അര്‍ഥമില്ല. അത് അടിസ്ഥാനരഹിതമായ പ്രസ്താവനയാണ്. അദ്ദേഹം ഏത് പാര്‍ട്ടിക്കാരനാണെന്നോ ആരാണെന്നോ എനിക്ക് അറിയില്ല”- യാദവ് പറഞ്ഞു. രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പ്രസ്താവനയിലും പാര്‍ലമെന്‍റില്‍ ബില്ലിനെ പിന്തുണച്ച ജെ.ഡി.യുവിന്‍റെ നടപടിയെയും യാദവ് രൂക്ഷമായി വിമര്‍ശിച്ചു.

കോവിഡ് വ്യാപനം അവസാനിച്ചാല്‍ രാജ്യത്ത് സി.എ.എ നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ സി.എ.എ ഒരു നയപരമായ കാര്യമാണെന്നും സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടി പാര്‍ലമെന്‍റില്‍ ബില്ലിന് പിന്തുണ നല്‍കിയതിനാല്‍ അദ്ദേഹത്തിന്‍റെ പ്രസ്താവനക്ക് പ്രസക്തിയില്ലെന്ന് തേജസ്വി ആരോപിച്ചു.

“സി‌.എ‌.എ-എന്‍.‌ആര്‍.‌സി വിഷയത്തില്‍ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. പാര്‍ട്ടി എപ്പോഴും പാര്‍ലമെന്‍റില്‍ ഇതിനെ എതിര്‍ത്തിട്ടേയുള്ളൂ. ബിഹാറില്‍ ഇത് ഉടന്‍ നടപ്പാക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പാര്‍ലമെന്‍റില്‍ ജെ.ഡി.യു ബില്ലിനെ പിന്തുണച്ചപ്പോള്‍ നിരവധി ആളുകളാണ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്”- തേജസ്വി യാദവ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular