Thursday, April 25, 2024
HomeKeralaപി.സി. ജോര്‍ജിനെതിരെ വീണ്ടും മതവിദ്വേഷ കേസ് ; സ്വാഭാവിക നടപടി അറസ്റ്റെന്ന് കമ്മീഷണര്‍

പി.സി. ജോര്‍ജിനെതിരെ വീണ്ടും മതവിദ്വേഷ കേസ് ; സ്വാഭാവിക നടപടി അറസ്റ്റെന്ന് കമ്മീഷണര്‍

മതവിദ്വേഷ പ്രസംഗത്തിന് പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത് വെണ്ണലക്കടുത്തുള്ള ഒരു ക്ഷേത്രത്തില്‍ പി സി ജോര്‍ജ്ജ് നടത്തിയ പ്രസംഗത്തിന്റെ ഭാഗമായാണ്153 A, 295 വകുപ്പുകള്‍ പ്രകാരം കേസെടുത്തത് .

തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തില്‍ മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ കോടതി പി.സി. ജോര്‍ജിന് നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി നളെ കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് പുതിയ കേസ്. ഇത് കോടതിയില്‍ പോലീസിന് കരുത്താവും.

പ്രഥമദൃഷ്ടാ പി സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. വെണ്ണലയില്‍ പി സി ജോര്‍ജ് നടത്തിയ പ്രസംഗം പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. ഈ വിഷയത്തില്‍ അറസ്റ്റാണ് സ്വാഭാവികമായും അടുത്ത നടപടിയെന്നും കമ്മീഷണര്‍ പറഞ്ഞു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണലയില്‍  ഞായറാഴ്ച്ച വൈകുന്നേരമാണ് പി സി ജോര്‍ജ് വിദ്വേഷപ്രസംഗം നടത്തിയത്. വിവാദ ഇടനിലക്കാരന്‍ നന്ദകുമാര്‍ ഭാരവാഹിയായ ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ സമാപനത്തിലാണ് മുസ്ലീം മതവിഭാഗത്തെ അധിക്ഷേപിച്ച് പി സി ജോര്‍ജ് വീണ്ടും രംഗത്തെത്തിയത്.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഐപി സി 153 എ, 295 എ വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാക്കുറ്റം ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്തത്. സമുദായ സ്പര്‍ഥയുണ്ടാക്കല്‍, മനപ്പൂര്‍വമായി മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിത്. ആരാധനാകേന്ദ്രത്തില്‍ വെച്ചാണ് കുറ്റകൃത്യമെങ്കില്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ കിട്ടാം.

മതവിദ്വേഷ പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചത് പൊലീസിന് വന്‍ തിരിച്ചടിയായിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ച് പി.സി. ജോര്‍ജ്ജ് വീണ്ടും വിദ്വേഷ പരാമര്‍ശം നടത്തിയെന്നാണ് പോലീസ് ജാമ്യം റദ്ദാക്കാനുള്ള കാരണമായി കോടതിയില്‍ പറഞ്ഞിരിക്കുന്നത്.

ഇതിനോടൊപ്പം മതവിദ്വേഷത്തിന് തന്നെ ജോര്‍ജിന്റെ പേരില്‍ വീണ്ടും കേസെടുത്തത് കോടതിയില്‍ പോലീസ് വാദങ്ങള്‍ക്ക് കരുത്ത് പകരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular