Thursday, April 18, 2024
HomeEditorialഉപതിരഞ്ഞെടുപ്പിനിടയിൽ വെളിച്ചം വിതറുന്ന ജ്ഞാനികൾ

ഉപതിരഞ്ഞെടുപ്പിനിടയിൽ വെളിച്ചം വിതറുന്ന ജ്ഞാനികൾ

ഉപതിരഞ്ഞെടുപ്പുകൾ വലിയ പൊതുതിരഞ്ഞെടുപ്പുകളെക്കാൾ ശ്രദ്ധയാകർഷിക്കാറുണ്ട് മിക്കവാറും. ഭരണത്തിലിരിക്കുന്നവർക്ക് പാളിച്ചകളുണ്ടെങ്കിൽ ജനാഭിപ്രായം അവർക്കെതിരെ ഉയരുന്നുണ്ടെങ്കിൽ ഭരണക്കാർ ഭയപ്പെടും ഉപതിരഞ്ഞെടുപ്പുകളെ. പ്രതിപക്ഷത്തിനാണെങ്കിൽ പ്രവർത്തിച്ചും സമരം നടത്തിയും ഞൊണ്ടിക്കുതിരകളെപ്പോലെ (പണമില്ലായ്മക്കും പ്രതാപഭംഗത്തിനും അധികാര നഷ്ടങ്ങൾക്കുമിടയിൽ ) തളർന്ന്  നീങ്ങുന്നതിനിടയിൽ കിട്ടുന്ന ഊർജ്ജ ദായിനിയുമാണ് ഉപതിരഞ്ഞെടുപ്പ്.
വിജയം ഉറപ്പാക്കാൻ ഏതടവും പയറ്റി അതുവരെ കാണാത്ത ആളുകളെ സ്ഥാനാർത്ഥി വേഷത്തിലിറക്കാനും അവർ തയാറാവുന്നു. ജീവിതത്തിന്റെ ഏറെക്കാലങ്ങളും തങ്ങൾ വിശ്വസിച്ച , വളർത്തിയെടുക്കാൻ പെടാപ്പാടുകൾ പെട്ട പ്രസ്ഥാനം തള്ളിക്കളയുന്നതും സഹിച്ച് മുറിവേൽക്കുന്ന, തള്ളിക്കളയപ്പെട്ട  അനേകരെ ഓർക്കാം ഈ സമയത്ത് .
ഒടുവിൽ തൃക്കാക്കരയിൽ  സി.പി.എം സ്ഥാനാർത്ഥിയാകുമെന്ന് കരുതിയ ആളെ വരെ ഓർക്കാം. യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് തന്നെ ആയിരിക്കും എന്ന് ആദ്യം മുതൽ ജനം പ്രതീക്ഷിച്ചു എന്നു തന്നെ പറയാം. എന്നാൽ നിലവിലെ ഇടതു സ്ഥാനാർത്ഥിയായ ഡോക്ടർ അപ്രതീക്ഷിതൻ തന്നെ.
നമ്മുടെ നാട്ടിലെ കവികളും കലാകാരൻമാരും ഉന്നത ഉദ്യോഗസ്ഥരുമൊക്കെ ഇങ്ങനെ മിന്നൽ പിണരുകൾ പോലെ അങ്കത്തട്ടിലേക്ക് പാഞ്ഞുവന്ന് നമുക്ക് ഞെട്ടലുളവാക്കിയ ചരിത്രങ്ങൾ ഓർക്കാം. ഇക്കാര്യത്തിൽ ഇടതുപക്ഷമാണ് ഒരുപാട് അത്ഭുതങ്ങൾ വാരിവിതറിയിട്ടുള്ളത്.
യു.ഡി.എഫിനോ നേതൃത്വ പ്പാർട്ടിയായ കോൺഗ്രസ്സിനോ ഇമ്മാതിരി ടെക്നിക്കുകൾ ഒക്കെ അറിയാമെങ്കിൽ പോലും ( ഇനി തോറ്റാലും) പരീക്ഷണത്തിനൊന്നും തലവെച്ചു കൊടുക്കാൻ ഒരുങ്ങില്ല (സമ്മതിച്ചിട്ടു വേണ്ടേ പാർട്ടി മുതലാളിമാർ ) .
ഇങ്ങനെ വന്ന അപ്രതീക്ഷിത സ്ഥാനാർത്ഥികളൊന്നും (ജയിച്ചാലും ) പ്രവർത്തന മികവുകൊണ്ട് മുൻപന്തിയിൽ എത്തിയതായോ ഒരു തുടർസാന്നിധ്യമായതായോ ചരിത്രമുണ്ടെന്ന് തോന്നുന്നില്ല. പാലം കടന്നുപോകാനുള്ള നാരായണൻമാരായിരിക്കും ഇവരൊക്കെ.
അതെന്തായാലും രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുള്ളവർ തന്നെ സ്ഥാനാർത്ഥികളാവുന്നതല്ലേ നല്ലതെന്ന് തോന്നിപ്പോകുന്നു. ഒരു രാഷ്ട്രീയ നേതാവിന്റെയടുത്തേക്ക് കടന്നു ചെല്ലുന്നതാണോ മറ്റ് മേഖലകളിലെ പ്രഗത്ഭരെ സമീപിക്കുന്നതാണോ സാധാരണക്കാർക്ക് എളുപ്പം എന്നത് ചിന്തനീയം!
വലിയ ഉദ്യോഗസ്ഥരുടെ ഭവനങ്ങളുടെ വാതിൽക്കൽ ചെന്നുനിന്നാൽ അത് എളുപ്പത്തിൽ തുറക്കപ്പെടുമോ? പ്രഗത്ഭനായ ഡോക്ടറെ ചുമ്മാ ചെന്നു കാണാനാവുമോ?
സിനിമയിലെ പ്രസിദ്ധരെയോ ?
ഇനി, മനുഷ്യന്റെ സകലവിചാരങ്ങളും വികാരങ്ങളും പകർത്തുന്ന എഴുത്തുകാരുടെ വീട്ടുപടിക്കൽ ചെന്നാലോ, (അവരെപ്പറ്റി പുകഴ്ത്തി എഴുതാനാണെങ്കിൽ ഡബിൾ ഒ.കെ).
എന്നാൽ ഒരു രാഷ്ട്രീയ പ്രവർത്തകന്റെ വീട്ടുവാതിൽ നമുക്ക് മുൻപിൽ ഒരിക്കലും അടഞ്ഞുകിടക്കില്ല. നടക്കാത്ത കാര്യമാണേൽ പോലും അവരുടെ ചിരിയും സംസാരവും ഒരാശ്വാസമാവുകയേ ഉള്ളൂ.. തനിക്ക് പറ്റുന്ന കാര്യമാണെങ്കിൽ അതിന്റെ പിന്നാലെ അയാൾ പോയിരിക്കും.
ചുരുക്കിപ്പറഞ്ഞാൽ ഓരോരുത്തർക്കും ഓരോ ശൈലിയുണ്ട്. പെരുമാറ്റ രീതികളുണ്ട്. അതിനു പറ്റിയ ഇടങ്ങളിൽ അവരൊക്കെ വിജയമാവുക തന്നെ ചെയ്യും.
രാഷ്ട്രീയമറിയുന്നവരും അതിൽ ഇടപെടുന്നവരും അവരുടെ വിജയങ്ങൾ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങട്ടെ .
നിലവിലെ ജനാധിപത്യ സംവിധാനങ്ങളനുസരിച്ച പ്രക്രിയകൾ തുടർന്നുകൊണ്ടേയിരിക്കും.
ജനാധിപത്യം ജനങ്ങളുടെ കൈകളിലാണ്. പറ്റുന്നത്ര വിവേകം പുലർത്താൻ ജനം പരിശ്രമിക്കട്ടെ.
അതിനിടയിലൂടെ വെളിപാടുകളുമായി പ്രത്യക്ഷപ്പെടുന്ന വെളിച്ചപ്പാടുകൾ തുള്ളിക്കളിച്ച് പൊക്കൊള്ളും.
ആൻസി സാജൻ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular