Thursday, March 28, 2024
HomeIndia'കോണ്‍ഗ്രസിനെ എങ്ങനെ നന്നാക്കാം'; കൂടിയാലോചനകള്‍ക്കായുള്ള കോണ്‍ഗ്രസ് ചിന്തന്‍ ശിവിര്‍ ഇന്നുമുതല്‍; കേരളത്തില്‍ നിന്ന് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍

‘കോണ്‍ഗ്രസിനെ എങ്ങനെ നന്നാക്കാം’; കൂടിയാലോചനകള്‍ക്കായുള്ള കോണ്‍ഗ്രസ് ചിന്തന്‍ ശിവിര്‍ ഇന്നുമുതല്‍; കേരളത്തില്‍ നിന്ന് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍

ജയ്പൂര്‍: കോണ്‍ഗ്രസിന്റെ പുനരുദ്ധാരണം ലക്ഷ്യമാക്കി നയങ്ങള്‍ രൂപീകരിക്കാനുള്ള യോഗത്തിന് ഇന്ന് തുടക്കം.

രാജസ്ഥാനിലെ ഉദയ്പൂറിലാണ് മൂന്നുദിവസം നീളുന്ന ചിന്തന്‍ ശിവിര്‍ നടക്കുന്നത്. യോഗത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് പുലര്‍ച്ചെ ചിത്തോര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി. മാധ്യമ ശ്രദ്ധ ലഭിക്കാന്‍ സാധാരണ കമ്ബാര്‍ട്ട്‌മെന്റിലായിരുന്നു അദേഹത്തിന്റെ യാത്ര.

തെരഞ്ഞെടുപ്പില്‍ അടിക്കടി ലഭിക്കുന്ന തിരിച്ചടികളില്‍ നിന്നും കരകയറാനും സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനുമാണ് ചിന്താ ശിവിര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ചുമതലകള്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍, നേതാക്കള്‍ക്കുള്ള പ്രായപരിധി നിശ്ചയിക്കല്‍ തുടങ്ങീ പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം ഇതുവരെ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള നിര്‍ദേശങ്ങള്‍ യോഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരുമെന്നാണ് കരുതുന്നത്. രാഹുല്‍ ഗാന്ധി നേതൃത്വം വീണ്ടും ഏറ്റെടുക്കണമെന്ന ആവശ്യം ഒരു വിഭാഗം ഉന്നയിക്കുമെന്നും ഉറപ്പാണ്.

പാര്‍ട്ടിയെ നന്നാക്കാന്‍ പ്രശാന്ത് കിഷോര്‍ മുന്നോട്ടുവെച്ച ഉപാധികളും ശിവിറില്‍ ചര്‍ച്ചചെയ്യും. പ്രിയങ്കാ ഗാന്ധിയെ കൂടുതല്‍ ചുമതലകള്‍ നല്‍കി മുന്നിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കും ചിന്തന്‍ ശിവിറില്‍ തുടക്കം കുറിച്ചേക്കാം.

ചിന്തന്‍ ശിവിറിന്റെ അജണ്ട രൂപീകരിക്കാനുള്ള ഉപസമിതി അംഗമാണ് രമേശ് ചെന്നിത്തല. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്തണെ എന്നാണ് ചെന്നിത്തലയുടെ പ്രധാന ഉപദേശം. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് കണ്ടെത്താന്‍ എല്ലാ വര്‍ഷവും ഒരു മാസം നീണ്ടു നില്‍ക്കുന്ന ഫണ്ട് ശേഖരണ ക്യാമ്ബൈന്‍ വേണം. എഐസിസി സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണമെന്നും ചെന്നിത്തല നിര്‍ദേശിച്ചിരുന്നു.

ഡിസിസികള്‍ പുനഃസംഘടിപ്പിക്കണം. ജംബോ കമ്മിറ്റികളെ ഒഴിവാക്കണം. പി.സി.സി അംഗങ്ങളുടെ എണ്ണത്തിലും നിയന്ത്രണം വേണം. ഡിസിസി അധ്യക്ഷന്‍മാരെ നിശ്ചയിക്കാനുള്ള അധികാരം വിവിധ സംസ്ഥാന കമ്മിറ്റികള്‍ക്ക് നല്‍കണമെന്നും തന്റെ അഭിപ്രായങ്ങളായി ചെന്നിത്തല അവതരിപ്പിച്ചു.

ചെന്നിത്തല, മുകുള്‍ വാസ്‌നിക, അജയ് മാക്കന്‍, താരിഖ് അന്‍വര്‍, രണ്‍ദീപ് സിങ് സുര്‍ജെവാല, അധീര്‍ രഞ്ജന്‍ ചൗധരി, നെറ്റ ഡിസൂസ, മീനാക്ഷി നടരാജന്‍ എന്നിവരാണ് കോണ്‍ഗ്രസ് സംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular