Thursday, March 28, 2024
HomeKeralaതുറവൂരിലും വേണം ബസ് സ്റ്റാന്‍ഡ്

തുറവൂരിലും വേണം ബസ് സ്റ്റാന്‍ഡ്

തുറവൂര്‍: ദേശീയപാതയിലെ പ്രധാന ജങ്ഷനായ തുറവൂരില്‍ തിരക്ക് രൂക്ഷമാണ്. ആരാധനാലയങ്ങള്‍, കോളജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ശാലകള്‍, സര്‍ക്കാര്‍ -സ്വകാര്യ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങി എണ്ണമറ്റ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന തീരദേശ ഗ്രാമമാണ് തുറവൂര്‍.

ഹൃദയഭാഗമായ തുറവൂര്‍ കവലയും പരിസരങ്ങളും സദാ ജനത്തിരക്കേറിയതാണ്. വിദൂര സ്ഥലങ്ങളില്‍നിന്ന് പോലും ദൈനംദിനം ആയിരക്കണക്കിന് ജനങ്ങളാണ് ഇവിടെ എത്തുന്നത്.

കേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് ആരംഭം കുറിക്കുന്നതും ഉത്സവങ്ങള്‍ക്ക് പരിസമാപ്തി കുറിക്കുന്നതും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന തുറവൂര്‍ മഹാക്ഷേത്രവും ദേശീയ പാതക്കരികിലാണ്. ഇവിടേക്ക് ഭൂരിഭാഗം പേരും ബസിലും മറ്റ് സ്വകാര്യ വാഹനങ്ങളിലുമാണ് എത്തുന്നത്.

എറണാകുളം, ആലപ്പുഴ, തോപ്പുംപടി, ചേര്‍ത്തല, തവണക്കടവ്, പൂച്ചാക്കല്‍, തൈക്കാട്ടുശ്ശേരി, പള്ളിത്തോട്, കുമ്ബളങ്ങി തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് ബസുകള്‍ തുറവൂരില്‍ എത്തുന്നുണ്ട്. സുരക്ഷിതമായി പാര്‍ക്ക് ചെയ്യാനോ വാഹനങ്ങള്‍ തിരിക്കാനോ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും വിശ്രമിക്കാനോ പക്ഷേ സൗകര്യമില്ല.

തുറവൂരില്‍ ബസ് സ്റ്റാന്‍ഡ് വേണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. തുറവൂരില്‍ സര്‍വിസ് അവസാനിപ്പിക്കുന്ന കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ വാഹനങ്ങള്‍ ഇപ്പോഴും തിരക്കേറിയ ദേശീയപാതക്കരികിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത് പലപ്പോഴും മാര്‍ഗതടസ്സങ്ങള്‍ക്കും അപകടങ്ങള്‍ക്കും വഴിയൊരുക്കുന്നു. ഇതിലെ ജീവനക്കാര്‍ക്ക് വിശ്രമിക്കുന്നതിനോ പ്രാഥമിക ആവശ്യം നിറവേറ്റുന്നതിനോ മാര്‍ഗമില്ല.

ദീര്‍ഘദൂര ബസുകള്‍ക്കും ഇവിടെ സ്റ്റോപ്പുണ്ട്. ഗുരുവായൂര്‍, പമ്ബ ശബരിമലയിലേക്കും ഇവിടെനിന്ന് ബസുകള്‍ പുറപ്പെടുന്നു. എന്നാല്‍, ഈ ബസുകള്‍ക്ക് സൗകര്യപൂര്‍വം പാര്‍ക്ക് ചെയ്‌ത്‌ യാത്രക്കാരെ കയറ്റുന്നതിനോ ഇറക്കുന്നതിനോ കഴിയുന്നില്ല.

നിര്‍ദിഷ്ട പള്ളിത്തോട്-പമ്ബ പാത ദേശീയപാത മുറിച്ചുകടന്ന് പോകുന്നതും തുറവൂര്‍ കവലയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഇവിടെയെത്തുന്നതും ഇവിടെനിന്ന് പുറപ്പെടുന്നതുമായ ബസുകള്‍ക്ക് തങ്ങുന്നതിനും സൗകര്യമായി സുരക്ഷിതത്വത്തോടെ യാത്രക്കാരെ കയറ്റിക്കൊണ്ട് പോകുന്നതിനും പര്യാപ്തമായ നിലയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ബസ് സ്റ്റാന്‍ഡ് വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular