Saturday, May 28, 2022
HomeUSAകേരളം ഷവർമ്മയിൽ എത്തിയപ്പോൾ നാടൻ രുചികൾ പ്രവാസ ലോകത്ത്: മന്ത്രി കെ.എൻ. ബാലഗോപാൽ

കേരളം ഷവർമ്മയിൽ എത്തിയപ്പോൾ നാടൻ രുചികൾ പ്രവാസ ലോകത്ത്: മന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: കേരള ജനതയുടെ രുചി   ഷവർമ്മയിലേക്കൊക്കെ  മാറിയപ്പോഴും പ്രവാസികൾ പഴയ കേരളത്തിന്റെ രുചികൂട്ടുകൾ നിലനിർത്തുന്നുവെന്ന്  ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഫോമയുടെ കേരള കണ്വന്ഷനും വിമൻസ് ഫോറത്തിന്റെ സഞ്ചയിനി സ്‌കോളർഷിപ്പ് പദ്ധതിയും  ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഏതാനും വര്ഷം മുൻപ് ന്യു ജേഴ്‌സിയിൽ  ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനത്തിൽ പങ്കെടുക്കുമ്പോൾ അവിടെ ലഭിച്ച ഭക്ഷണം മുപ്പതോ നാല്പതോ വര്ഷം മുൻപ് കേരളത്തിൽ സുലഭമായി  ലഭിച്ചിരുന്ന നാടൻ ഭക്ഷണമായിരുന്നു. അവിയലും പുളിശേരിയും  മീൻ കറിയുമൊക്കെ പഴയ രീതിയിൽ തന്നെ   അവിടെ നിലനിക്കുന്നു. പ്രവാസികളാണ്  കേരള  തനിമ നിലനിർത്തുന്നതിന്നു തോന്നിയിട്ടുണ്ട്.

ഫോമായുടെ തുടക്കം മുതൽ സംഘടനയുമായി തനിക്കു ബന്ധമുണ്ട്.  മലയാളി എവിടെ ചെന്നാലും സംഘടിക്കുകയും കേരളത്തെപ്പറ്റി ചിന്തിക്കുകയും ചെയ്യും. പഴയകാല പ്രവാസികളെ അപേക്ഷിച്ചു ഇപ്പോൾ പ്രവാസികൾക്ക് കേരളത്തോടുള്ള കരുതലും താല്പര്യവും  കൂടി.

കഴിഞ്ഞ 60-70 വര്ഷങ്ങളായാണ് പ്രവാസം ശക്തിപ്പെട്ടത്. എന്നാൽ ബ്രിട്ടീഷുകാരുടെ കാലത്തും ആളുകൾ ബിലാത്തിയിൽ പോയി. സിംഗപ്പൂരിലും മലേഷ്യയിലും കുടിയേറി. അതിനു മുൻപ്  പോർട്ടുഗീസുകാരുടെ കാലത്തും പ്രവാസമുണ്ടായിരുന്നു. അന്ന്  നമ്മുടെ ആളുകളെ കപ്പലിൽ ജാമ്യക്കാരായി നിർത്തിയിട്ടാണ് പോർട്ടുഗീസുകാർ കച്ചവടത്തിനായി കരക്ക് ഇറങ്ങിയത്. അങ്ങനെ കപ്പലിൽ കയറിയ കുറെ പേർ  പോർട്ടുഗലിൽ എത്തിയതായി ചരിത്രമുണ്ട്.  അതിനു മുൻപ് ചൈനീസ് കച്ചവട  കാലത്തെപറ്റി നമുക്ക് വലിയ ധാരണകളില്ല. എന്തായാലും  സൂര്യനുദിക്കുന്ന  എല്ലാ ദിക്കിലും മലയാളിയുണ്ട്. അബു എബ്രഹാമിന്റെ പ്രസിദ്ധമായ കാർട്ടൂൺ വരച്ചു കാട്ടിയതും അതാണ്. ചന്ദ്രനിലെത്തിയ ആംസ്‌ട്രോങിന് ചായ കൊടുക്കു ന്ന മലയാളിയുടെ കാർട്ടൂൺ  ഏറെ പ്രസിദ്ധമാണല്ലോ.

ഇന്ന് പ്രവാസി  നാടുമായി കൂട്ടിത്തൽ ബന്ധപ്പെടുന്നു. നാട്ടിൽ പ്രശ്നങ്ങളുണ്ടാവുമ്പോൾ സഹായവുമായി ഓടിയെത്തുന്നു. പ്രളയകാലത്തും കോവിഡ് കാലത്തും ഫോമാ ചെയ്ത സേവനങ്ങൾ മറക്കാവുന്നതല്ല.

ഓണം മുതൽ ഓണം വരെ നീണ്ടു നിൽക്കുന്നതാണ് പ്രവാസിയുടെ ആഘോഷങ്ങൾ. സ്നേഹസമ്പന്നമായ ബന്ധം അവർ കാത്ത് സൂക്ഷിക്കുന്നു.

ഇന്ന് കേരളത്തിൽ നിന്ന് ധാരാളം യുവതീ യുവാക്കൾ അമേരിക്കയിമും മറ്റും പഠിക്കാൻ പോകുന്നുണ്ട്. പിന്നീട് അവർ അവിടെ തന്നെ പൗരന്മാരായി മാറുന്നു. അത് നല്ലതാണെങ്കിലും കേരളത്തിൽ പ്രായമായവരുടെ എണ്ണം കൂടുതുന്നു. ഇത് ചില സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

ആളുകൾക്ക് സഹായമെത്തിക്കുന്നതിൽ നമ്മുടെ നാടിനു ചില പരിമിതികളുണ്ട്. അതിനാൽ പ്രവാസി സമൂഹം കൂടുതലായി നാടിനെ സഹായിക്കേണ്ടതുണ്ട്.

നഴ്‌സിംഗ് സ്‌കോളർഷിപ്പ് നൽകുന്ന സഞ്ചയിനി  പദ്ധതിയെ മന്ത്രി അഭിനന്ദിച്ചു.  40  പേർക്കായി നൽകുന്ന 20  ലക്ഷം രൂപയുടെ ചെക്കിന്റെ കോപ്പി വിമൻസ് ഫോറം ട്രഷറർ ജാസ്മിൻ പരോളിൽ നിന്ന് സ്വീകരിച്ചു മന്ത്രി സഞ്ചയിനി പദ്ധതി ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിന് തുടക്കം കുറിച്ച് കേരള കണ്വന്ഷന് ചെയർ ഡോ. ജേക്കബ് തോമസ് സ്വാഗതം ആശംസിച്ചു.  ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്  ആമുഖത്തിൽ ഫോമായുടെ പ്രവർത്തനങ്ങൾ  വിവരിച്ചു. വാക്കുകളിലല്ല, പ്രവർത്തിയിലാണ് ഫോമാ  വിശ്വസിക്കുന്നത്. 90 അംഗസംഘടനകളുള്ള ഫോമാ കോവിഡ് കാലത്തു  ആറു കോടിയോളം രൂപയുടെ സഹായമാണ് കേരളത്തിന് നൽകിയത്. 18 വെന്റിലേറ്ററും ഒരു കണ്ടെയ്‌നർ നിറയെ മെഡിക്കൽ ഉപകരണങ്ങളും എത്തിച്ചു.  എന്ത് പ്രശ്നമുണ്ടായാലും മലയാളിക്ക് ആശ്രയിക്കാവുന്ന സംഘടനയായി ഫോമാ മാറി. അതെ സമയം  കേരളവുമായുള്ള പൊക്കിൾകൊടി ബന്ധം എന്നും കാക്കുവാനും ഫോമാ പ്രതിജ്ഞാബദ്ധമാണ്.

ഫോമായുടെ പ്രവർത്തനങ്ങളെ  അഭിനന്ദിച്ച  മോൻസ് ജോസഫ് എം.എൽ.എ. കോവിഡിന് ശേഷം  നമുക്ക് ലഭിച്ച ജീവിതം ദൈവത്തിന്റെ  ബോണസ് ആണെന്ന് അനുസ്മരിച്ചു. നിരവധി പേരാണ് കോവിഡിൽ മരണപ്പെട്ടത്. എങ്കിലും നാം അതിനെ അതിജീവിച്ചു. ദൈവം തന്ന ആ ദാനത്തിനു നന്ദിയായി നമ്മുടെ നന്മകളെ പങ്കു വയ്ക്കാൻ നമുക്ക് കടമയുണ്ട്-അദ്ദേഹം പറഞ്ഞു.

പി.സി. വിഷ്ണുനാഥ് എം.എൽ.എ, രാജു എബ്രഹാം എക്സ് എം.എൽ.എ., തിരുവനന്തപുരം ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ, ഫോമ ട്രഷറർ തോമസ്.ടി. ഉമ്മൻ, ജോ ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ സംസാരിച്ചു .

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മന്ത്രി  റോഷി അഗസ്റ്റിനും സ്‌ക്കോളര്‍ഷിപ്പ് വിതരണം മന്ത്രി വി ശിവന്‍ കുട്ടിയും  ഉദ്ഘാടനം ചെയ്തു.  സംവിധായകന്‍ കെ മധു,  വനിത കമ്മീഷന്‍ അംഗം ഇ എം രാധ,   മാധ്യമ പ്രവര്‍ത്തകന്‍ പി ശ്രീകുമാര്‍,   തുടങ്ങിയവരും  പങ്കെടുത്തു.

കൺവൻഷൻ ജനറൽ കൺവീനർ അഡ്വ. വർഗീസ് മാമ്മൻ നന്ദി പറഞ്ഞു . അഡ്വ. ജെസി കുര്യൻ,  ഷിബു മണല, ലാലു ജോസഫ് , വിക്ടർ തോമസ്,  ഫോമ ജോ സെക്രട്ടറി ജോസ് മണക്കാട് , ഫോമാ നാഷണൽ കൺവൻഷൻ ചെയർമാൻ പോൾ ജോൺ (റോഷൻ ), മുൻ പ്രസിഡന്റ് മാരായ ബേബി ഊരാളിൽ,  ബെന്നി വാച്ചാച്ചിറ, ഫിലിപ്പ് ചാമത്തിൽ, ഫോമാ നേതാക്കന്മാരായ ജെയിൻ കണ്ണച്ചാംപറമ്പിൽ, സണ്ണി വള്ളിക്കളം,   പോൾ പറമ്പി, സണ്ണി ഏബ്രഹാം, സഖറിയ കരുവേലി, യോഹന്നാൻ ശങ്കരത്തിൽ,  ബിനൂപ്, ജോസ് പുന്നൂസ്,  ജോസ് മലയിൽ, ആനി ലിബു, അച്ചൻ കുഞ്ഞ്,   ഷീജ ടോം , സൈജൻ കണിയോടിക്കൽ , ഹരി സമ്പൂതിരി, വിൻസന്റ് ബോസ്,  അനിയൻ മൂലയിൽ തുടങ്ങി ഒട്ടേറെ പേർ  പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular