Friday, March 29, 2024
HomeKeralaഅഴിഞ്ഞാടാന്‍ അനുവദിക്കുന്നതാണോ സ്വാതന്ത്യം ; പെണ്‍കുട്ടിയെ അപമാനിച്ച് സുന്നി നേതാവും

അഴിഞ്ഞാടാന്‍ അനുവദിക്കുന്നതാണോ സ്വാതന്ത്യം ; പെണ്‍കുട്ടിയെ അപമാനിച്ച് സുന്നി നേതാവും

സമസ്ത വേദിയില്‍ നിന്ന് പത്താംക്ലാസുകാരിയെ ഇറക്കിവിട്ട സംഭവത്തില്‍ മുസ്ലിയാരെ അനുകൂലിച്ചും അതിലൂടെ പെണ്‍കുട്ടിയെ വീണ്ടും അപമാനിച്ചും സുന്നി നേതാവ് സത്താര്‍ പന്തല്ലൂര്‍. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ്സ് ഹോസ്റ്റലില്‍ പോലും ഏത് പാതിരാത്രിയിലും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒരുമിച്ച് അഴിഞ്ഞാടാന്‍ അവസരം നല്‍കുന്നതിനെ എന്താണ് വിളിക്കുക? എന്നും അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

മലപ്പുറത്തെ ഒരു ഗ്രാമപ്രദേശത്ത് നടന്ന മത ചടങ്ങില്‍ അവാര്‍ഡ് വാങ്ങാന്‍ മുതിര്‍ന്ന പെണ്‍കുട്ടിയെ വേദിയിലേക്ക് വിളിച്ചതിനെ വിമര്‍ശിച്ചുവെന്നതാണ് മാധ്യമങ്ങള്‍ക്ക് ചാകരയായിട്ടുള്ളത്. അന്യ സ്ത്രീ പുരുഷന്‍മാര്‍ തമ്മില്‍ ഇടകലരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക എന്നതാണ് ഇതിന്റെ മത താത്പര്യം. പിന്നെ വിമര്‍ശനത്തിന്റെ ശൈലി, ഉപയോഗിച്ച വാക്കുകള്‍, ശരീരഭാഷ ഇതൊക്കെ ഓരോ വ്യക്തികള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടെന്ന് വരാം.

ആര് അപരിഷ്‌കൃതം എന്ന് വിളിച്ചാലും ഇതാണ് മത നിയമം എന്ന് അഭിമാനത്തോടെ പറയും. അത് സ്വീകരിക്കാനും നിരാകരിക്കാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യവുമുണ്ട്. സാമൂഹ്യ മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ആകാശ ഭൂമികള്‍ക്കിടയിലെ ഏറ്റവും വലിയ മഹാപാതകമായി ഇതിനെ അവതരിപ്പിച്ചാലും അതിലെ അവതാരകര്‍ അപസ്മാരം ബാധിച്ചവരെപ്പോലെ കയ്യും കാലുമിട്ടടിച്ചാലും വിശ്വാസികള്‍ മോഹാലസ്യപ്പെട്ട് വീഴുമെന്ന് ആരും വിചാരിക്കേണ്ട. നിങ്ങളുടെ ഇസ്ലാമോഫോബിക് അജണ്ടകളൊക്കെ സമുദായം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഈ സംഭവത്തിന്റെ മറവില്‍ ഇസ് ലാമിനെ തന്നെ മോശമായി ചിത്രീകരിക്കാന്‍ പലരും രംഗത്ത് വന്നിട്ടും തലക്കു മുകളില്‍ തൂങ്ങിക്കിടന്നിരുന്ന ഫാഷിസം അല്പം മുകളിലോട്ട് പൊങ്ങിയതും നമുക്ക് തിരിച്ചറിയും.

മത പണ്ഡിതര്‍ വിശ്വാസികള്‍ക്കിടയില്‍ നടത്തുന്ന ഉദ്ബോധനങ്ങളും ശാസനകളും പുറമെയുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമാവുക സ്വാഭാവികം. തിരിച്ചും അങ്ങിനെയാണന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കുക. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കാമ്പസുകളില്‍ ധാര്‍മികതയുടെ അതിരുകള്‍ ലംഘിക്കാതിരിക്കണമെന്ന് അവര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ആഗ്രഹിക്കാവുന്നതും അതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാവുന്നതുമാണ്. ഇതിനെ പെണ്ണിനെ തളച്ചിടാനുള്ള നീക്കമായി പറയുന്നവര്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ്സ് ഹോസ്റ്റലില്‍ പോലും ഏത് പാതിരാത്രിയിലും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒരുമിച്ച് അഴിഞ്ഞാടാന്‍ അവസരം നല്‍കുന്നതിനെ എന്താണ് വിളിക്കുക? ഇത് സ്ത്രീ സ്വാതന്ത്ര്യമാണോ ? ഈ സ്വാതന്ത്ര്യം നിങ്ങളുടെ മക്കള്‍ക്ക് നിങ്ങള്‍ വകവെച്ചു കൊടുക്കുമോ ? ആ സ്വാതന്ത്ര്യം നിങ്ങളുടെ മക്കള്‍ അനുഭവിക്കുന്നതില്‍ നിങ്ങള്‍ അഭിമാനിക്കുന്നവരാണോ ?

വിവാദ വിഷയത്തെ മറച്ചുവെക്കാന്‍ മറ്റു സമുദായങ്ങളിലോ രാഷ്ട്രീയ പാര്‍ട്ടികളിലോ നടക്കുന്ന സ്ത്രീ വിരുദ്ധ നടപടികള്‍ ചര്‍ച്ചയാക്കേണ്ട ഗതികേടൊന്നും മുസ് ലിം സമുദായത്തിനില്ല. അടിസ്ഥാന പരമായി, വിവാദമാക്കിയ സംഭവത്തില്‍ തെറ്റുപറ്റിയിട്ടില്ല, തിരുത്തേണ്ടതുമില്ല. അതു കൊണ്ട് തന്നെ നിങ്ങളും അങ്ങനെ ചെയ്തില്ലേ എന്ന് തിരിച്ച് പറയുന്ന തറവേലക്ക് നമ്മളില്ല. മത സ്ഥാപനങ്ങളില്‍ മത നിയമങ്ങള്‍ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ഇനിയും ശ്രമങ്ങള്‍ തുടരും. ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ അത് ലംഘിക്കപ്പെടുമ്പോള്‍ ഇത്തരം ശാസനകള്‍ തുടരുകയും ചെയ്യും. പബ്ലിസിറ്റി മോഹിയായ ഗവര്‍ണര്‍ മുതല്‍ ആളും തരവും നോക്കി മാത്രം പ്രതികരിക്കുന്ന വനിതാ കമ്മീഷനടക്കം പിന്തുടരാം. ഇനിയും അവസരങ്ങള്‍ ലഭിക്കും.

സത്താര്‍ പന്തലൂര്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular