Saturday, May 28, 2022
HomeGulfഹൃദയം നുറുങ്ങുന്ന വേദനയില്‍ മമ്മു

ഹൃദയം നുറുങ്ങുന്ന വേദനയില്‍ മമ്മു

അബൂദബി: ‘ഈ ലോകത്ത്​ വേറെ ഏതൊരു വ്യക്തി മരണപ്പെട്ടാലും എനിക്ക്​ ഇത്രയേറെ ദുഃഖമുണ്ടാവില്ല, എന്‍റെ ഉപ്പ മരിച്ചാല്‍ പോലും’-മുഹമ്മദ്​ കുട്ടി എന്ന മമ്മുവിന്​ വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിയുന്നില്ല.

ശൈഖ്​ ഖലീഫയെ കുറിച്ച്‌​ പറയുമ്ബോള്‍ മമ്മുവിന്‍റെ കണ്ണ്​ നിറയും, കണ്ഠമിടറും. അര നൂറ്റാണ്ടായി അദ്ദേഹത്തിന്‍റെ നിഴലായി നടന്നയാളാണ്​ തൃശൂര്‍ തൊഴിയൂര്‍ സ്വദേശി മുഹമ്മദ്​ കുട്ടി. ഇതില്‍ പകുതി കാലവും അദ്ദേഹത്തിന്‍റെ പേഴ്​സനല്‍ അസിസ്റ്റന്‍റായിരുന്നു. 12 വര്‍ഷം മുമ്ബ്​ യു.എ.ഇ പൗരത്വം നല്‍കിയാണ്​ ശൈഖ്​ ഖലീഫ സ്​നേഹം തിരിച്ചുനല്‍കിയത്​. സ്വിറ്റ്​സര്‍ലന്‍ഡ്,​ പാകിസ്താന്‍, ലണ്ടന്‍, കസാഖ്സ്താന്‍, തുര്‍ക്​മെനിസ്താന്‍… അങ്ങനെ എത്രയെത്ര രാജ്യങ്ങള്‍ ശൈഖ്​ ഖലീഫയോടൊപ്പം സഞ്ചരിച്ചിരിക്കുന്നു.

1972ലാണ്​ മുഹമ്മദ്​ കുട്ടി യു.എ.ഇയില്‍ എത്തുന്നത്​. നാട്ടുരാജ്യങ്ങളായി കിടന്ന എമിറേറ്റുകള്‍ ഒരു കുടക്കീഴില്‍ അണിനിരന്ന കാലമായിരുന്നു അത്​. രണ്ട്​ വര്‍ഷത്തിനു​ ശേഷം അദ്ദേഹം അബൂദബി പാലസിലെത്തി. അന്ന്​ തൊട്ട്​ ഇന്നുവരെ മുഹമ്മദ്​ കുട്ടിയുടെ ജീവിതമെന്നാല്‍ ഈ കൊട്ടാരമാണ്​. 600ഓളം മലയാളികള്‍ ശൈഖ്​ ഖലീഫയുടെ ഡിപ്പാര്‍ട്​മെന്‍റില്‍ ജോലി ചെയ്യുന്നുണ്ട്​. ഇന്ത്യക്കാരോട്​ ഏറെ സ്​നേഹവും അടുപ്പവുമുള്ള മനുഷ്യനായിരുന്നു ശൈഖ്​ ഖലീഫയെന്നാണ്​ മമ്മുവിന്‍റെ അനുഭവം. ‘തെറ്റുകള്‍ വന്നാല്‍ അദ്ദേഹം ക്ഷമിക്കും. ശ്രദ്ധിക്കണം എന്ന്​ മാത്രമെ പറയൂ. ഇതുവരെ ശകാരിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ല. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരുന്ന സമയത്താണ്​ കശ്മീരിലും രാജസ്ഥാനിലും പോയത്​. നമ്മുടെ നാടിന്​ കൂടിയാണ്​ ഈ നഷ്ടം’-മുഹമ്മദ്​ കുട്ടി പറയുന്നു.

മുഹമ്മദിന്‍റെ മക്കളുടെ പഠനത്തിനും കുടുംബത്തിന്‍റെ ആവശ്യങ്ങളിലുമെല്ലാം ശൈഖ്​ ഖലീഫ തുണയായുണ്ടായിരുന്നു. മുഹമ്മദ്​ എന്ന്​ വിളിക്കാന്‍ ഹിസ്​ ഹൈനസ്​ ഇല്ലെന്ന യാഥാര്‍ഥ്യത്തോ​ട്​ മുഹമ്മദിന്​ ഇതു​വരെ പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular