Friday, April 26, 2024
HomeGulfമുന്നേറ്റത്തിന്‍റെ നെടുനായകന്‍

മുന്നേറ്റത്തിന്‍റെ നെടുനായകന്‍

അബൂദബി: വികസന മുന്നേറ്റത്തിലൂടെ ലോകത്തിനുമുന്നില്‍ തലയുയര്‍ത്തിനില്‍ക്കുന്ന യു.എ.ഇയുടെ നെടുനായകനാണ്​ ശൈഖ്​ ഖലീഫ ബിന്‍ സായിദ്​ ആല്‍ നഹ്​യാന്‍റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്​.

രാജ്യത്തിന്‍റെ രണ്ടാമത്തേയും അബൂദബിയുടെ 16ാമത്തെയും ഭരണാധികാരിയെന്ന നിലയില്‍ ചരിത്രത്തില്‍ അവിസ്മരണീയമായ പരിഷ്കാരങ്ങള്‍ക്ക്​ നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന്​ സാധിച്ചു. 1969 ഫെബ്രുവരി ആദ്യത്തില്‍ അബൂദബി കിരീടാവകാശിയും പ്രതിരോധ വകുപ്പിന്‍റെ തലവനുമായി നിയമിതനായതോടെ സൈന്യത്തിന്‍റെ വികസനത്തില്‍ പ്രധാന പങ്കുവഹിച്ചുതുടങ്ങി. അബൂദബി പ്രതിരോധസേനയെ സുശക്തമായ സംവിധാനമായി പരിവര്‍ത്തിപ്പിച്ചത്​ ഇദ്ദേഹമായിരുന്നു. പിന്നീട്​ യു.എ.ഇ സൈന്യത്തിന്‍റെ രൂപവത്കരണം നടന്നപ്പോള്‍ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡര്‍ എന്ന നിലയില്‍ നയപരമായ രൂപവത്കരണത്തിലും സംഘാടനത്തിലും പങ്കുവഹിച്ചു.

1974 ഫെബ്രുവരിയില്‍ അബൂദബി എമിറേറ്റിലെ പ്രാദേശിക മന്ത്രിസഭക്കു പകരം രൂപവത്കരിച്ച അബൂദബി എക്‌സിക്യൂട്ടിവ് കൗണ്‍സിലിന്‍റെ ആദ്യ തലവനായി ശൈഖ് ഖലീഫ നിയമിതനായി. ഈ പദവിയിലായിരിക്കെ അബൂദബി എമിറേറ്റിലുടനീളമുള്ള വികസന-നവീകരണ പദ്ധതികളുടെ മേല്‍നോട്ടം വഹിച്ചു. പിന്നീട്​ അബൂദബി ഇന്‍വെസ്റ്റ്‌മെന്‍റ്​ അതോറിറ്റി സ്ഥാപിക്കുന്നതിന്​ നേതൃത്വം നല്‍കി വിഭവങ്ങളും ഭാവിതലമുറക്ക് സ്ഥിരമായ വരുമാന സ്രോതസ്സും നിലനിര്‍ത്തുന്നതിന് ഊന്നല്‍ നല്‍കി. സാമ്ബത്തികവും സാമൂഹികവുമായ വികാസത്തിന്‍റെ അടിത്തറയായി ആധുനികവും സംയോജിതവുമായ ഭരണസംവിധാനം കെട്ടിപ്പടുത്തു. അബൂദബിയില്‍ ശൈഖ് ഖലീഫയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിപ്പാര്‍ട്ട്‌മെന്‍റ്​ ഓഫ് സോഷ്യല്‍ സര്‍വിസസ് ആന്‍ഡ് കമേഴ്‌സ്യല്‍ ബില്‍ഡിങ്‌സ് ജനങ്ങള്‍ക്കിടയില്‍ ശൈഖ് ഖലീഫ കമ്മിറ്റി എന്നറിയപ്പെട്ടിരുന്നു. ഈ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ അബൂദബി എമിറേറ്റിലെ അഭിവൃദ്ധിക്ക് സഹായിച്ചു.

യു.എ.ഇയുടെ പ്രസിഡന്‍റായ ശേഷം ഫെഡറല്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി തന്ത്രപരമായ പദ്ധതികള്‍ ആരംഭിച്ചു. ഫെഡറല്‍ നാഷനല്‍ കൗണ്‍സിലില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന്​ ജനാധിപത്യപരമായ രീതി നടപ്പാക്കി. പാര്‍ലമെന്‍റില്‍ വനിതകള്‍ക്ക് 50 ശതമാനം പ്രാതിനിധ്യം എന്ന നിയമം നടപ്പാക്കിയതും തുല്യ ജോലിക്ക് തുല്യവേതനനയം രൂപപ്പെടുത്തിയതും ലോകത്തുതന്നെ പ്രശംസിക്കപ്പെട്ടു. അതുപോലെ, യു.എ.ഇ മന്ത്രിസഭയിലും ഭരണനിര്‍വഹണ മേഖലകളിലും വനിത പ്രാതിനിധ്യം നല്‍കി വനിത ശാക്തീകരണത്തിന് ഊന്നല്‍ നല്‍കി. വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ മാതൃകാപരമായ നയം രൂപപ്പെടുത്തി സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്ന സമീപനമാണ്​ സ്വീകരിച്ചത്​. അറബ്​ ലോകത്തും പുറത്തും ആദരിക്കപ്പെടുന്ന ഭരണാധികാരിയായി ശൈഖ്​ ഖലീഫയെ ഉയര്‍ത്തിയത്​ ഈ നിലപാടായിരുന്നു. യു.എ.ഇയിലെ പ്രവാസി സമൂഹത്തോട്​ വളരെ അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കുകയും വിദേശികളുടെ പ്രശ്നങ്ങളെ പരിഗണിച്ച്‌​ പരിഹരിക്കുന്ന നിലപാട്​ സ്വീകരിക്കുകയും ചെയ്തു. 21ാം നൂറ്റാണ്ടില്‍ ലോകം ശ്രദ്ധിക്കുന്ന രാജ്യമായി യു.എ.ഇ മാറിയതിനു​ കാരണമായ നയനിലപാടുകള്‍ സ്വീകരിച്ച ഭരണാധികാരിയെന്ന നിലയിലാവും ശൈഖ്​ ഖലീഫ ഓര്‍മിക്കപ്പെടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular