Thursday, March 28, 2024
HomeUSAബേബി ഫുഡ് ക്ഷാമം നേരിടാൻ ബൈഡൻ പ്രതിരോധ നിയമം പ്രയോഗിച്ചു

ബേബി ഫുഡ് ക്ഷാമം നേരിടാൻ ബൈഡൻ പ്രതിരോധ നിയമം പ്രയോഗിച്ചു

കുട്ടികൾക്കുള്ള ബേബി ഫുഡ് ഫോർമുലയുടെ ക്ഷാമം പരിഹരിക്കാൻ  പ്രസിഡന്റ് ജോ ബൈഡൻ ഡിഫെൻസ് പ്രൊഡക്ഷൻ ആക്ട് (ഡി പി എ) എടുത്തു പ്രയോഗിച്ചു. ഡി പി എ  നിഷ്ക്കർഷിക്കുന്നത് ബേബി ഫോർമുലയ്ക്ക് ഉത്പാദകർ  മുൻഗണന നൽകിയേ തീരൂ എന്നാണ്.

യു എസ് വിമാനങ്ങളിൽ അടിയന്തരമായി വിദേശത്തു നിന്നു പാൽപ്പൊടി ഇറക്കുമതി ചെയ്യാനും ബൈഡൻ ഉത്തരവ്  നൽകി. ‘ഓപ്പറേഷൻ ഫ്ലൈ ഫോർമുല’ എന്നാണ് ഇതിനു പേരിട്ടത്. സ്വകാര്യ വിമാനങ്ങൾ വാടകയ്ക്ക് എടുത്തു മിലിട്ടറി ആവും ഇറക്കുമതി ബേബി ഫുഡ്   കൊണ്ടുവരിക. ഇതിനായി എഫ് ഡി എ നിയമം ഇളവ് ചെയ്തു.

സ്വകാര്യ ഉത്പാദകരോട് ഉത്പാദനം കൂട്ടാൻ ആവശ്യപ്പെടുന്നതിനു പ്രസിഡന്റിന് അധികാരം നൽകുന്ന ഡി പി എ, അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കുന്നതാണ്.

അമേരിക്കയിൽ വിൽക്കുന്ന ബേബി ഫുഡ് ഫോർമുലയുടെ 2% മാത്രമാണ് ഇറക്കുമതി ചെയ്തിരുന്നത്. വിപണിയുടെ പകുതിയോളം ആബട്ട് ലബോറട്ടറീസ് നിയന്ത്രിക്കുന്നു. മിയാഡ് ജോൺസൻ ന്യൂട്രിഷൻ, നെസ്‌ലെ, പെറീഗോ എന്നീ കമ്പനികളാണ് മറ്റു ഉത്പാദകർ.

ഫെബ്രുവരിയിൽ ആബട്ട് ലബോറട്ടറീസിന്റെ മിഷിഗണിലെ പ്ലാന്റ് അടച്ചതാണ് പാൽപ്പൊടി ക്ഷാമത്തിനൊരു പ്രധാന കാരണം. അവിടന്നുള്ള  ബേബി ഫുഡ്  കഴിച്ചു നാലു കുട്ടികൾക്കു രോഗം വരുകയും ഒരു കുട്ടി മരിക്കയും ചെയ്തു. അതോടെ ആബട്ട് മാർക്കറ്റിൽ നിന്ന് ഉത്പന്നം പിൻവലിച്ചു.

ആബട്ട് ലാബിൽ എഫ് ഡി എ നടത്തിയ പരിശോധനയിൽ ക്രോണോബാക്ടർ എന്ന ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞ ആഴ്ച പ്രശ്നം പരിഹരിച്ചു വീണ്ടും തുറന്നെങ്കിലും ഉത്പാദനം പൂർണതോതിൽ എത്തിയിട്ടില്ല.

ടെന്നസി, ടെക്സസ്, അയോവ സംസ്ഥാനങ്ങളിലാണ് ഏറ്റവും കടുത്ത ക്ഷാമം. പാൽപ്പൊടി ക്ഷാമം ബൈഡനു വലിയ തലവേദന ആയിരുന്നു. വിലക്കയറ്റത്തതിന്റെ പേരിൽ കടുത്ത വിമർശനം നേരിടുന്ന നേരത്താണ് ഈ പ്രതിസന്ധി കൂടി ഉണ്ടായത്.

1950 ൽ നിലവിൽ വന്ന ഡി പി എ ഉപയോഗിക്കാൻ കോൺഗ്രസിൽ നിന്നു സമമർദം ഉണ്ടായിരുന്നു. കോവിഡ് മഹാമാരി ആരംഭിച്ച നേരത്തു മരുന്നുകൾ വിപണിയിൽ എത്തിക്കാൻ ട്രംപ് ഭരണകൂടം ഡി പി എ പ്രയോഗിച്ചിട്ടുണ്ട്. കൊറിയൻ യുദ്ധകാലത്തു രൂപം നൽകിയ നിയമം പിന്നീട് പ്രകൃതി ദുരന്തം, ഊർജ ക്ഷാമം, പൊതുജനാരോഗ്യ ആവശ്യങ്ങൾ ഇവയ്ക്കൊക്കെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

ബേബി ഫോർമുല ഉത്പാദകർക്കു മുൻഗണന നൽകണമെന്നു അവർക്കാവശ്യമായ സാധനങ്ങൾ എത്തിക്കുന്നവരോട് ആവശ്യപ്പെട്ടുവെന്നു വൈറ്റ് ഹൗസ് അറിയിച്ചു. പശുവിൻ പാലാണ് യു എസ് ബേബി ഫോർമുലയുടെ അടിസ്ഥാന ഘടകം.

പാൽപ്പൊടി ക്ഷാമം നേരിടാൻ ഡെമോക്രറ്റുകൾക്കു ഭൂരിപക്ഷമുള്ള ഹൗസ് ചൊവാഴ്ച 28 മില്യൺ ഡോളർ എഫ് ഡി എ യ്ക്ക് അനുവദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular