Saturday, April 20, 2024
HomeKeralaതമിഴ്നാട്ടിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ മുല്ലപ്പെരിയാറില്‍ നിന്ന് പൈപ്പിലൂടെ വെള്ളം

തമിഴ്നാട്ടിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ മുല്ലപ്പെരിയാറില്‍ നിന്ന് പൈപ്പിലൂടെ വെള്ളം

ചെന്നൈ: തമിഴ്നാട്ടിലെ മധുര ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ മുല്ലപ്പെരിയാർ ഡാമിൽ നിന്നുള്ള വെള്ളം പൈപ്പിലൂടെ എത്തിക്കാനുള്ള പദ്ധതിയുടെ നിർമാണ പ്രവൃത്തി ആരംഭിച്ചു. 1296 കോടി രൂപ മുടക്കിയാണ് തമിഴ്നാട് സർക്കാർ വമ്പൻ പദ്ധതി നടപ്പാക്കുന്നത്. മുല്ലപ്പെരിയാർ വെള്ളം ലോവർ ക്യാമ്പിൽ നിന്നു പൈപ്പുവഴി മധുരയിലെത്തിക്കാനുള്ള പദ്ധതി 2018 ലാണ് പ്രഖ്യാപിച്ചത്. പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചപ്പോൾ തന്നെ തേനിയിലെ കർഷകരും അലക്കു തൊഴിലാളികളും എതിർപ്പുമായി രംഗത്തെത്തിയിരുന്നു.

മധുരയിലേക്ക് പൈപ്പുകൾ സ്ഥാപിച്ച് ജലം കൊണ്ടുപോകുന്നത് തേനി ജില്ലയിലെ കൃഷിക്ക് ഭീഷണിയാകുമെന്നാണ് കർശകരുടെ ആശങ്ക.  പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെയാണ് എതിർപ്പുകളെ അവഗണിച്ച് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. പണികൾ തുടങ്ങുന്നതിനു മുന്നോടിയായി ഭൂമി പൂജ നടത്തിയപ്പോഴും പ്രതിഷേധവുമായി കർഷകരും അലക്കുതൊഴിലാളികളും രംഗത്തെത്തി.  പൊലീസ് സഹായത്തോടെ പ്രതിഷേധക്കാരെ വഴിയിൽ തടഞ്ഞാണ് പൂജ നടത്തിയത്.

തമിഴ്നാട് പൊതുമരാമത്ത്, ജലവിഭവ ഉദ്യോഗസ്ഥരുടെയും മധുര നഗരസഭ അധികൃതരുടെയും നേതൃത്വത്തിലായിരുന്നു വണ്ണാൻതുറയിൽ ഭൂമിപൂജ നടത്തിയത്. നിലവിൽ മുല്ലപ്പെരിയാർ ജലം വൈദ്യുതി ഉൽപ്പാദനത്തിനും തേനിയിലെ കൃഷിക്കും ഉപയോഗിച്ചശേഷം വൈഗ അണക്കെട്ടിലാണ് സംഭരിക്കുന്നത്. ഇവിടെ നിന്ന് ദിണ്ഡുക്കഗൽ, മധുര, രാമനാഥപുരം, ശിവഗംഗൈ എന്നീ ജില്ലകളിലേക്ക് ഒരുമിച്ചാണ് തുറന്നുവിടുന്നത്. ഇതു മൂലം മധുരക്ക് ആവശ്യമായ വെള്ളം വേനൽക്കാലത്ത് കിട്ടാറില്ല. ഇതിന് പരിഹാരമായാണ് പുതിയ പദ്ധതി. മുല്ലപ്പെരിയാറിൽ നിന്ന് ലോവർ ക്യാമ്പ് പവർഹൗസിൽ എത്തുന്ന ജലം അവിടെ വൈദ്യുതി ഉൽപാദിപ്പിച്ചശേഷം വണ്ണാൻതുറയിൽ പുതിയതായി നിർമിക്കുന്ന ചെക്ക്ഡാമിൽ സംഭരിക്കും. ഇവിടെ നിന്നും കൂറ്റൻ പൈപ്പുകളിട്ട് മധുരയിലേക്ക് കൊണ്ടു പോകാനാണ് പുതിയ പദ്ധതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular