Friday, April 26, 2024
HomeGulfബന്ധം ഊട്ടിയുറപ്പിച്ച്‌ ഇറാന്‍ പ്രസിഡന്‍റ് മടങ്ങി

ബന്ധം ഊട്ടിയുറപ്പിച്ച്‌ ഇറാന്‍ പ്രസിഡന്‍റ് മടങ്ങി

മസ്കത്ത്: വിവിധ മേഖലകളില്‍ സഹകരണങ്ങളും ബന്ധങ്ങളും ഊട്ടിയുറപ്പിച്ച്‌ ഒരു ദിവസത്ത ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇറാന്‍ പ്രസിഡന്‍റ് ഡോ.

ഇബ്രാഹിം റഈസി മടങ്ങി. ഉഭയകക്ഷി ബന്ധങ്ങള്‍, വാണിജ്യ വിനിമയം, നിക്ഷേപം എന്നിവ വികസിപ്പിക്കുന്നതിനും മറ്റുമുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തും ഇറാന്‍ സന്ദര്‍ശിക്കാന്‍ സുല്‍ത്താനെ ക്ഷണിച്ചുമാണ് ഇറാന്‍ പ്രസിഡന്‍റ് മടങ്ങിയത്. ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദക്കും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനും സര്‍ക്കാറിനും ഒമാന്‍ ജനതക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

മേഖലയിലും ലോകമെമ്ബാടും സുരക്ഷയും സുസ്ഥിരതയും സ്ഥാപിക്കുന്നതിന് കൂടുതല്‍ ശ്രമങ്ങള്‍ നടത്തേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ച്‌ സന്ദര്‍ശനത്തി‍െന്‍റ ഭാഗമായി ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖും ഇറാന്‍ പ്രസിഡന്‍റ് ഡോ. ഇബ്രാഹിം റഈസിയും പറഞ്ഞു.

വിവിധ മേഖലകളില്‍ നിലവിലുള്ള സഹകരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ നേതാക്കള്‍ പുതിയ സാമ്ബത്തിക പങ്കാളിത്തത്തിനുള്ള വഴികള്‍ തുറക്കാന്‍ തീരുമാനിക്കുകയും ചെയ്തു. നിക്ഷേപം, കായികം, കൃഷി, മത്സ്യബന്ധനം, കന്നുകാലി, സമുദ്രഗതാഗതം, തുറമുഖങ്ങള്‍, ലോജിസ്റ്റിക്‌സ്, എണ്ണ, വാതകം തുടങ്ങിയ മേഖലകളിലെ സഹകരണം കാര്യക്ഷമമാക്കുന്നതിനുള്ള കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.

എല്ലാതരത്തിലുള്ള ഭീകരവാദവും തീവ്രവാദവും തടയേണ്ടതാണെന്ന് ഇരുനേതാക്കളും അടിവരയിട്ട് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടോടെ ഇറാനിലേക്ക് തിരിച്ച ഇറാന്‍ പ്രസിഡന്‍റിനും പ്രതിനിധി സംഘത്തിനും റോയല്‍ എയര്‍പോര്‍ട്ടില്‍ അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുല്‍ത്താന്റെ പ്രതിനിധിയുമായ സയ്യിദ് അസദ് ബിന്‍ താരിക് അല്‍ സഈദാണ് യാത്രയയപ്പ് നല്‍കിയത്. ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫിസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രി എന്‍ജി. സഈദ് ഹമൂദ് അല്‍ മഅ്‌വലി, ഇറാനിലെ ഒമാന്‍ അംബാസഡര്‍ ഇബ്‌റാഹിം ബിന്‍ അഹമദ് അല്‍ മുഐനി എന്നിവരും മിഷന്‍ ഓഫ് ഹോണര്‍ അംഗങ്ങളും സംബന്ധിച്ചു.

സന്ദര്‍ശനത്തി‍െന്‍റ ഭാഗമായി കാബിനറ്റ് കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സഈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദി എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര നിക്ഷേപ ബന്ധങ്ങള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒമാനിലെയും ഇറാനിലെയും വ്യവസായികളുമായും കൂടിക്കാഴ്ച നടത്തിയ റഈസി ഒമാനില്‍ താമസിക്കുന്ന ഇറാനിയന്‍ സമൂഹവുമായി മസ്കത്തിലെ ഇറാന്‍ എംബസിയില്‍ ആശയവിനിമയം നടത്തുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular