മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു ജോർജിയയിലെ പ്രസ്റ്റീജ് മത്സരങ്ങളിൽ ഒന്നിൽ കൂടി തോൽവി. ബദ്ധശത്രുവെന്നു ട്രംപ് കരുതുന്ന ജോർജിയ അറ്റോണി ജനറൽ ബ്രാഡ് റാഫെൻസ്‌പെർഗർ ട്രംപിന്റെ സ്ഥാനാർഥി റെപ്. ജോഡി ഹൈസിനെ റിപ്പബ്ലിക്കൻ പ്രൈമറിയിൽ വീഴ്ത്തി.
നേരത്തെ ട്രംപ് ശക്തമായി എതിർത്ത ഗവർണർ ബ്രയാൻ കെംപ് വമ്പിച്ച വിജയം കൊയ്തിരുന്നു. അറ്റോണി ജനറൽ സ്ഥാനാർത്ഥിയായി ജയിച്ചതും ട്രംപ് തള്ളിയ ഇപ്പോഴത്തെ അറ്റോണി ജനറൽ ക്രിസ് കാർ ആണ്.
2020 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോറ്റ ട്രംപ് വിജയം അപഹരിച്ചെടുക്കാൻ വേണ്ട വോട്ടുകൾ ‘കണ്ടെത്താൻ’ റാഫെൻസ്‌പെർഗറോട് ആവശ്യപ്പെട്ടിട്ടിരുന്നു. അദ്ദേഹം പക്ഷെ അതിനു തയാറായില്ല. അതോട റാഫെൻസ്‌പെർഗറെ തോൽപ്പിച്ച് പകപോക്കാൻ ട്രംപ് ഇറങ്ങി.
ക്രിസ് കാറിനെതിരെ ട്രംപ് ഇറക്കിയത് ജോൺ ഗോർഡനെ ആയിരുന്നു. പക്ഷെ റിപ്പബ്ലിക്കൻ വോട്ടർന്മാർ കാറിനു പടുകൂറ്റൻ വിജയമാണ് നൽകിയത്.
കോൺഗ്രസിലേക്ക് ട്രംപ് ആശിർവദിച്ച റെപ്. വെർണൻ ജോൺസും പ്രൈമറിയിൽ വീണ മട്ടാണ്.
2024 ൽ വീണ്ടും പ്രസിഡന്റാവാൻ മോഹിക്കുന്ന ട്രംപിന് ഇന്നത്തെ പ്രൈമറി ഫലങ്ങൾ ആവേശകരമല്ല. പ്രത്യേകിച്ച് ജോർജിയയിൽ. 2020 ൽ തന്റെ വിജയം ബൈഡൻ തട്ടിയെടുത്തു എന്ന ട്രംപിന്റെ ആരോപണം അവർ അംഗീകരിക്കുന്നില്ലെന്നതു സുവ്യക്തമായി.