മുംബൈ: രാജ്യത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറി എട്ട് വര്‍ഷം തികയുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ വിലയിരുത്തി റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കുമെന്ന് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ അജയ് മാക്കനെയും രണ്‍ദീപ് സുര്ജേവാലയെയുമാണ് റിപ്പോര്‍ട്ട് കാര്‍ഡുകള്‍ തയാറാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥ, വിദേശനയം, സാമുദായിക സൗഹാര്‍ദം, പണപ്പെരുപ്പം തുടങ്ങിയ വിവിധ മേഖലകളില്‍ മോദി സര്‍ക്കാറിന്റെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന റിപ്പോര്‍ട്ട് കാര്‍ഡ് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കമ്യൂണിക്കേഷന്‍ വിഭാഗം തയാറാക്കി കഴിഞ്ഞതായി റിപ്പോര്‍ട്ട്.
മോദി സര്‍ക്കാറിന്റെ കീഴില്‍ രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിരിക്കുകയാണ്. പണപ്പെരുപ്പം ഉയരുകയും ആവശ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തു. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണ് പെട്രോളിനും ഡീസലിനും രേഖപ്പെടുത്തുന്നത്. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞെന്നും വിദേശ കരുതല്‍ ശേഖരം കുറയുകയാണെന്നും രാജ്യം വലിയൊരു സാമ്ബത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
ദേശീയ അതിര്‍ത്തികളില്‍ ചൈന നടത്തുന്ന കൈയേറ്റങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കാര്യമായ ഇടപെടലുകളൊന്നും നടത്തുന്നില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ സമീപകാലത്തായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളെയും ധ്രൂവീകരണ ശ്രമങ്ങളെയുംക്കുറിച്ച് റിപ്പോര്‍ട്ട് കാര്‍ഡില്‍ വിശദീകരിക്കുന്നുണ്ട്. കോവിഡ് പ്രതിരോധം മുതല്‍ രാജ്യത്തെ വിവിധ പ്രശ്നങ്ങളിലെ സര്‍ക്കാര്‍ ഇടപെടലുകളെ റിപ്പോര്‍ട്ട് കാര്‍ഡ് വിമര്‍ശന വിധേയമാക്കുന്നുണ്ട്.
മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഈ മെയ് 30ന് എട്ട് വര്‍ഷം പൂര്‍ത്തിയാകും. ഇതിന്റെ ഭാഗമായി മെയ് 30 മുതല്‍ ജൂണ്‍ 14 വരെ രാജ്യത്തുടനീളം വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് വിപുലമായി ആഘോഷിക്കാനാണ് ബി.ജെ.പി പദ്ധതിയിടുന്നത്.