Saturday, April 27, 2024
HomeKeralaതട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; ഏഴംഗ സംഘം അറസ്റ്റില്‍

തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; ഏഴംഗ സംഘം അറസ്റ്റില്‍

വടക്കാഞ്ചേരി: പണത്തിനുവേണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴംഗ സംഘം അറസ്റ്റില്‍.

പുതുരുത്തി പൂങ്ങാട്ടില്‍ മഹേഷ് (21), പനങ്ങാട്ടുകര കോണിപറമ്ബില്‍ സുമേഷ് (27), പൂമല വട്ടോലിക്കല്‍ സനല്‍ (20), കോട്ടയം കഞ്ഞിക്കുഴി പുതുപറമ്ബില്‍ ശരത്ത് (22), പൂമല വലിയ വിരിപ്പില്‍ റിനു സണ്ണി (27), പുതുരുത്തി പുലിക്കുന്നത്ത് മഞ്ജുനാഥ് (22), കല്ലമ്ബാറ കല്ലിന്‍കുന്നത്ത് രാഗേഷ് (സുന്ദരന്‍-33) എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

മുള്ളൂര്‍ക്കര കണ്ണമ്ബാറ സ്വദേശിയായ ചാക്യാട്ട് എഴുത്തശ്ശന്‍ വീട്ടില്‍ ശ്രീജുവിനെയാണ് (32) പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. യുവാവിന്റെ അമ്മയുടെ ചികിത്സക്ക് പണം കണ്ടെത്താന്‍ മാരുതി എര്‍ട്ടിഗ കാര്‍ പണയംവെച്ച്‌ ആര്യമ്ബാടം സ്വദേശി മഹേഷ് മുഖേന ആര്യമ്ബാടം സ്വദേശിയായ മഞ്ജുനാഥില്‍നിന്ന് 1,10,000 രൂപ വാങ്ങിയിരുന്നു.

പണം തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് സംഭവത്തിനു പിറകിലെന്നാണ് പൊലീസിന്റെ നിഗമനം. മഹേഷ്, രാഗേഷ് മുഖാന്തരം സുമേഷുമായി ഗൂഢാലോചന നടത്തുകയും സുമേഷും സംഘവും ക്വട്ടേഷന്‍ എടുത്ത് മുള്ളൂര്‍ക്കര കണ്ണമ്ബാറയില്‍നിന്ന് ശ്രീജുവിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തുവെന്നാണ് പരാതി.

മോതിരം, പഴ്സ്, മൊബൈല്‍ ഫോണ്‍ എന്നിവ കവര്‍ച്ച ചെയ്തശേഷം വട്ടായി പ്രദേശത്തെ കാട്ടിലും എറണാകുളത്ത് വിവിധ സ്ഥലങ്ങളിലും തടങ്കലില്‍വെച്ച്‌ ക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. പ്രതികള്‍ മര്‍ദനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയും വിഡിയോ കാള്‍ ചെയ്തും വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്ത് രണ്ടുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും പൊലീസ് അറിയിച്ചു.

പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമം, ലഹരിമരുന്ന് കേസ് ഉള്‍പ്പെടെ കേരളത്തില്‍ വിവിധ ജില്ലകളില്‍ കേസുണ്ട്. ശ്രീജു ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എസ്.എച്ച്‌.ഒ മുഹമ്മദ് നദീമുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.

ഇന്‍സ്പെക്ടര്‍ കെ. മാധവന്‍കുട്ടി, എസ്.ഐമാരായ എ.എ. തങ്കച്ചന്‍, കെ.ആര്‍. വിനു, എ.എസ്.ഐമാരായ അബ്ദുസ്സലീം, എം.എക്സ്. വില്യംസ്, സീനിയര്‍ സി.പി.ഒ അജിത് കുമാര്‍, സി.പി.ഒമാരായ പ്രദീപ്, ഗോകുലന്‍, പ്രവീണ്‍, സജിത്ത്, കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി.ആര്‍. സന്തോഷ്, എസ്.ഐമാരായ ദീപു, സുരേഷ്, സുധീര്‍, മഹേഷ്, സി.പി.ഒമാരായ അജിലേഷ്, ഇഗ്നേഷ്യസ്, റിനു, അനില്‍, നൗഷാദ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular