Sunday, May 19, 2024
HomeKeralaജാമ്യ വാര്‍ത്ത വരും വരെ ജയിലില്‍ ഒരേ കിടപ്പ്

ജാമ്യ വാര്‍ത്ത വരും വരെ ജയിലില്‍ ഒരേ കിടപ്പ്

തിരുവനന്തപുരം: വെള്ളിയാഴ്ച രാവിലെ തന്നെ പ്രത്യേകം ആവശ്യപ്പെട്ട് പത്രങ്ങളെല്ലാം ജോര്‍ജ് സെല്ലില്‍ എത്തിച്ചിരുന്നു.

തന്നെക്കുറിച്ചുള്ള വാര്‍ത്തകളും പിന്നെ തൃക്കാരക്കര തെരെഞ്ഞടുപ്പ് വിശേഷവും വായിച്ചു. പ്രമുഖ പത്രങ്ങള്‍ക്ക് പുറമെ ചെറുപത്രങ്ങളിലെ വാര്‍ത്തയും സൂഷ്മമായി വായിച്ചു. രാവിലെ സൂപ്രണ്ട് നേരില്‍ കണ്ട് ജയില്‍ നിയമങ്ങളോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. തലേ ദിവസം രാത്രിയിലെ കൊതുക് ശല്യം ,സെല്ല് പൂട്ടിയത് തുടങ്ങിയ കാര്യങ്ങളില്‍ പരിഭവം പറഞ്ഞു.

തന്റെ ജയിലിലെ കാര്യങ്ങള്‍ വാര്‍ഡന്മാര്‍ ചോര്‍ത്തി നല്‍കുന്നത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഉച്ചവരെ ദുഃഖിതനായി സെല്ലിനുള്ളില്‍ തന്നെ ജോര്‍ജ് കിടന്നു. ഇതിനിടയില്‍ എത്തിയ ഡോക്ടര്‍ ബി പി.പരിശോധിച്ചു. ആരോഗ്യ വിവരങ്ങള്‍ തിരക്കി. ഉച്ചയോടെ പി സി ജോര്‍ജിന് ജാമ്യം ലഭിച്ചുവെന്ന വാര്‍ത്ത ചാനലുകള്‍ ബ്രേക്കിങ് നല്‍കിയപ്പോള്‍ വാര്‍ഡന്മാര്‍ എത്തി അക്കാര്യം അറിയിച്ചു. ഇതോടെ ഹാപ്പി മൂഡിലായി വാര്‍ഡന്മാരോടും തമാശ പറഞ്ഞു. സര്‍ക്കാരിനെ കുറ്റം പറഞ്ഞു.

ഹൈക്കോടതി വിധി തിരുവനന്തപുരത്തെ കോടതിയില്‍ എത്തിച്ച്‌ നടപടികള്‍ പൂര്‍ത്തിയാക്കി ഷോണും കൂട്ടരും എത്തിയപ്പോള്‍ വൈകുന്നേരമായി. ജാമ്യം അനുവദിച്ച കോടതി ഉത്തരവ് സൂപ്രണ്ട് സത്യരാജിന് കൈമാറിയ ഷോണ്‍ ഒപ്പം ഒരു പരാതി കൂടി നല്‍കി. പി സി. ജോര്‍ജിന്റെ ജയിലിലെ സ്വകാര്യത ചില വാര്‍ഡന്മാര്‍ മറുനാടന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കിയെന്നും വാര്‍ത്ത ചോര്‍ത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും ആവിശ്യപ്പെട്ടു .പരാതി പരിശോധിക്കാമെന്ന് സൂപ്രണ്ട് ഉറപ്പ് നല്‍കി.

ജാമ്യ ഉത്തരവ് ഹാജരാക്കിയതോടെ വൈകീട്ട് 7 മണിയോടെ ജോര്‍ജിന്റെ ജയില്‍മോചനത്തിന് വഴിയൊരുങ്ങി. ജയിലില്‍ നിന്നിറങ്ങിയ പി.സി.ജോര്‍ജിനെ സ്വീകരിക്കാനായി ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പൂജപ്പുരയിലെത്തിയിരുന്നു.
താന്‍ ജയിലിലായതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ കളികളാണെന്ന് പി.സി.ജോര്‍ജ് ആരോപിച്ചു. തൃക്കാക്കര വച്ചാണ് മുഖ്യമന്ത്രി തനിക്കെതിരെ പറഞ്ഞത്. നാളെ കഴിഞ്ഞ് തൃക്കാക്കരയില്‍ പോകുമെന്നും മുഖ്യമന്ത്രിക്ക് അവിടെ വച്ച്‌ മറുപടി നല്‍കുമെന്നും ജോര്‍ജ് പറഞ്ഞു.

നല്ല മറുപടി കയ്യിലുണ്ടെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരും പി.സി.ജോര്‍ജും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍, സമാന്യ ബോധവും വെളിവും ഉള്ളവര്‍ക്കേ മറുപടിയുള്ളൂ എന്നായിരുന്നു ജോര്‍ജിന്റെ മറുപടി. ‘കോടതിയോട് നന്ദിയുണ്ട്. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയില്‍ നിയമ സംവിധാനത്തിന് വിലയുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്’. കോടതിയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. ഇതിനിടെ ജോര്‍ജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. ഇതും ചര്‍ച്ചയായി.

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ റിമാന്റിലായ പി സി ജോര്‍ജിനെ ജില്ലാ ജയിലില്‍ നിന്നും വ്യാഴാഴ്ച 5 മണി ഓടെയാണ് സെന്ററല്‍ ജയിലില്‍ എത്തിച്ചത്. അഡ്‌മിഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ജോര്‍ജിനെ ആശുപത്രി സെല്ലിലേക്ക് മാറ്റി. ഐ ജി ലക്ഷ്മണയും എം.വി ജയരാജനും കിടന്ന അതേ റൂമില്‍ തന്നെയാണ് പി സിയെ യേയും എത്തിച്ചത്. ജയിലില്‍ എത്തുമ്ബോള്‍ ഷുഗര്‍, പ്രഷര്‍ ,അടക്കമുള്ള രോഗങ്ങള്‍ക്ക് കഴിക്കാന്‍ ഒരു ഡസന്‍ ഗുളികയും ഉറക്കത്തിലെ ശ്വാസ തടസം മാറ്റാനും ഓക്സിജന്‍ എടുക്കാന്‍ സഹായിക്കുന്നതുമായ ബൈപാപ്പ് മെഷീനും കയ്യില്‍ കരുതിയിരുന്നു. ജയില്‍ ഡോക്ടര്‍ പരിശോധിച്ച ശേഷമാണ് ഈ മെഷീന്‍ അടക്കം ജയിലിനുള്ളില്‍ കയറ്റാന്‍ അനുവദിച്ചത്.

വൈകുന്നേരം പരിശോധിക്കുമ്ബോഴും ജോര്‍ജിന്റെ ബി പി സാധാരണ നിലയില്‍ ആയിരുന്നില്ല. 6 മണിയോടെ അഞ്ച് ചപ്പാത്തിയും കുറുമ കറിയും ജോര്‍ജിന്റെ റൂമില്‍ എത്തിച്ചു. തുടര്‍ന്ന് സെല്ല് പൂട്ടാന്‍ വാര്‍ഡന്‍ ശ്രമിച്ചപ്പോഴേക്കും അത് പറ്റില്ലന്ന നിലപാടില്‍ ജോര്‍ജ് ചൂടായി. ഇതോടെ സെല്ല് പൂട്ടാതെ വാര്‍ഡന്‍ തിരികെ പോയി .തുടര്‍ന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ എത്തി ജോര്‍ജിനെ അനുനയിപ്പിച്ചു അതിന് ശേഷം സെല്ല് പൂട്ടുകയായിരുന്നു. സെല്ലില്‍ ജോര്‍ജിനായി ഒരു കട്ടിലും ഫാനുമാണ് അനുവദിച്ചിരിക്കുന്നത്. വന്നപ്പോള്‍ തന്നെ ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ പല ആവിശ്യങ്ങളും ജോര്‍ജ് മുന്നോട്ടു വെച്ചെങ്കിലും അതൊന്നും ഉദ്യോഗസ്ഥര്‍ ചെവികൊണ്ടില്ല .

ജയില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ജോര്‍ജിനെ ആശുപത്രി സെല്ലിലാക്കിയത്. ജയില്‍ നിയമം അനുശാസിക്കുന്ന വി ഐ പി കളുടെ പട്ടികയില്‍ ജോര്‍ജ് വരില്ല. വ്യാഴാഴ്ച രാവിലെ 8 മണിക്ക് ജില്ലാ ജയിലില്‍ എത്തിച്ച പി സി ജോര്‍ജിനെ സൂപ്രണ്ട് ബിനോ ജോര്‍ജിന്റെ നിര്‍ദ്ദേശ പ്രകാരം വൈകുന്നേരം വരെയും അഡ്‌മിഷന്‍ റൂമില്‍ തന്നെ ഇരുത്തി. ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുമെന്നും അറിയിപ്പ് ഉടന്‍ വരുമെന്നുമാണ് ജോര്‍ജ് ജയില്‍ അധികൃതരെ ധരിപ്പിച്ചത്. തുടര്‍ന്ന് കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയതോടെയാണ് പി സിയെ സെന്ററല്‍ ജയിലില്‍ എത്തിച്ചത്.

ബുധനാഴ്ച വൈകിട്ട് കൊച്ചിയില്‍ വച്ചാണ് ഫോര്‍ട്ട് പൊലീസ് പി.സി.ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അനന്തപുരി ഹിന്ദുമഹാ സമ്മേളത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് പി.സി.ജോര്‍ജിനെതിരെ നേരത്തെ ഫോര്‍ട്ട് പൊലീസ് കേസെടുത്തത്. ഉത്തരേന്ത്യയിലെ ചില തീവ്ര നിലപാടുള്ള നേതാക്കളെ പോലും കടത്തിവെട്ടും വിധത്തിലുള്ള ജോര്‍ജിന്റെ പ്രസംഗം വന്‍ വിവാദത്തിലായിരുന്നു. 153 എ, 295 എ എന്നീ വകുപ്പുകള്‍ ചുമത്തി ജോര്‍ജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിരിക്കെയാണ് പി.സി.ജോര്‍ജ് വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയത്.

വിദ്വേഷം പരത്തുന്ന വാക്കുകള്‍ ഉപയോഗിച്ച്‌ സാമൂഹിക ഐക്യം തകര്‍ക്കാനും മനഃപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് 153 എ വകുപ്പ് ചുമത്തിയത്. വാക്കും പ്രവൃത്തിയും കൊണ്ട് ഒരു മതത്തെയോ മതവികാരത്തെയും വ്രണപ്പെടുത്തിയതിനാണ് സെക്ഷന്‍ 295 എ യും ചുമത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular