Friday, March 29, 2024
HomeEditorialകുന്നിറങ്ങുന്ന-കുഞ്ഞോര്‍മകള്‍

കുന്നിറങ്ങുന്ന-കുഞ്ഞോര്‍മകള്‍

1

കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍

ഒരു നല്ല മഴ കണ്‍കുളിര്‍ക്കെക്കണ്ടിട്ട് ഒരുപാടു നാളായി. അമേരിക്കയില്‍ കാല്‍ കുത്തിയിട്ടു  കൊല്ലം പത്തായിട്ടും കുളിരുപെയ്യുന്ന മഴ പോയിട്ട് കണ്ണുനിറയെ കാണാന്‍പാകത്തിനുള്ള മഴപോലും ഇതുവഴി വന്നില്ല!

അമ്മച്ചിയുടെ അടക്കത്തിന്റെയന്നാണ് ഇടിയും മിന്നലും, കൂടെ തകര്‍ത്തുവാരിപ്പെയ്യുന്ന മഴയും അവസാനമായി കണ്ടത്. ആ പെരുമഴ ഇന്നും മനസില്‍ തോരാതെ പെയ്യുന്നു.

നാട്ടില്‍, നാലാംനിലയിലുള്ള ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയിലിരുന്ന്, കായലില്‍ സീല്‍ക്കാരത്തോടെ പതിക്കുന്ന മഴത്തുള്ളികള്‍ നോക്കി കുളിരുകൊണ്ടിരുന്ന എത്രയോ രാപ്പകലുകള്‍! ചെറിയ കുട്ടിയായിരുന്നപ്പോള്‍, നാലു പാളികളുള്ള കതകിന്റെ താഴെയുള്ള രണ്ടെണ്ണം ചേര്‍ത്തടച്ച്, പിന്നില്‍ കസേരയിട്ടിരുന്നു മഴ കാണുന്ന അതേ കൗതുകത്തോടെ, കണ്ണിമയ്ക്കാതെ, ഇവിടത്തെ നേര്‍ത്ത മഴ നോക്കിയിരുന്നു. മാനത്തു മഴമേഘം കാണുമ്പോള്‍ മനസ്സില്‍ മയില്‍പ്പീലി വിടരുന്ന ചെറുപ്പകാലം തീര്‍ത്തും നഷ്ടമായിട്ടില്ലെന്ന തിരിച്ചറിവ്, ഈ കുഞ്ഞിമഴയുടെ സമ്മാനമായിരുന്നു. പതിറ്റാണ്ടുകള്‍ക്കുമുമ്പ് മനസ്സിന്റെ കോണിലെവിടെയോ മയങ്ങിക്കിടന്ന അക്ഷരത്തുട്ടുകളെ തൊട്ടുണര്‍ത്താന്‍ ഈ മഴത്തുള്ളികള്‍ക്കു കഴിഞ്ഞത് അതുകൊണ്ടാവാം.

അച്ഛനും അമ്മയും സഹോദരങ്ങളും കസിന്‍സും അയല്‍ക്കാരുമൊക്കെയടങ്ങുന്ന ജീവിതത്തിന്റെ ഒന്നാംഭാഗം; ഒരിക്കലും തകര്‍ന്നുപോവില്ലെന്നു കരുതി കെട്ടിപ്പൊക്കുന്ന ചീട്ടുകൊട്ടാരം!
വിവാഹശേഷം, പതുക്കെപ്പതുക്കെ കസിന്‍സിനെയും അയല്‍ക്കാരെയുമൊക്കെ മറന്നുതുടങ്ങുന്നു. പുതിയ കസിന്‍സ്; പുതിയ അയല്‍ക്കാര്‍. പിന്നെ ‘മക്കള്‍സ്’… അവര്‍ നമ്മുടെ ലോകം വളരെ ചെറുതാക്കുന്നു. അങ്ങനെ ജീവിതത്തിന്റെ രണ്ടാംഭാഗം ചെറുതും തിരക്കുള്ളതുമാകുന്നു.

വളരെ വിശാലമായ മൂന്നാംഭാഗം: തുരുമ്പുപിടിച്ചുകിടക്കുന്ന കഴിവുകളും ഇഷ്ടങ്ങളുമൊക്കെ ചുരണ്ടിച്ചുരണ്ടി മിനുക്കിയെടുക്കാം.

ചെറുതായിരുന്നപ്പോള്‍ നമ്മുടെ എല്ലാമെല്ലാമായിരുന്നവര്‍ പതുക്കെപ്പതുക്കെ രംഗം വിട്ടൊഴിയുന്നു എന്ന തിരിച്ചറിവില്‍, പഴയ കാര്യങ്ങള്‍ അതിശക്തമായി, മറവിയുടെ മറനീക്കി പുറത്തുവരുന്നു. വര്‍ഷങ്ങളായി ഒരിക്കല്‍പ്പോലും ഓര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലാത്ത പല രംഗങ്ങളും കണ്‍മുമ്പില്‍ തെളിയുന്നു. വീണ്ടും മറവിയുടെ നിലയില്ലാക്കയങ്ങളിലേക്ക് ആഴ്ന്നുപോകുംമുമ്പ് ഒന്നു കുറിച്ചിടട്ടെ, ആ ഓര്‍മകളെ…

സമൂഹത്തിലെ എല്ലാത്തരക്കാരുമടങ്ങുന്ന വലിയൊരു സുഹൃദ്‌വലയം അച്ഛായ്ക്കുണ്ടായിരുന്നു. ദിവസവും ഒരിക്കലെങ്കിലും അച്ഛായെ തേടിവരുന്ന കൂട്ടുകാര്‍. എല്ലാവരേയും ഒരുപോലെ കാണാനുള്ള മനസ്സായിരിക്കണം, ഇത്രയധികം ആളുകളെ അച്ഛായിലേക്കടുപ്പിച്ചതെന്നു തോന്നുന്നു. ചെറിയ പ്രായത്തില്‍ത്തന്നെ വ്യാപാരം അടുത്ത സംസ്ഥാനങ്ങളില്‍ക്കൂടി വ്യാപിപ്പിച്ചത് അച്ഛായ്ക്കു യാത്രയോടുണ്ടായിരുന്ന ഇഷ്ടംകൊണ്ടാവാം. എങ്കിലും പറമ്പും കൃഷിയുമൊക്കെ എന്നും അദ്ദേഹത്തിനു ഹരമായിരുന്നു. കൃഷിയില്‍നിന്ന് അച്ഛാ ഒരിക്കലും ലാഭം പ്രതീക്ഷിച്ചിരുന്നില്ല. മണ്ണിനോടും അതിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജീവജാലങ്ങളോടുമുള്ള സ്‌നേഹമായിരുന്നു അച്ഛായ്ക്കു കൃഷി.

ബിസിനസില്‍ അച്ഛായുടെ നിഴലായിരുന്ന രാധയണ്ണാച്ചി എന്ന കണക്കപ്പിള്ള, കൃഷിയുടെ കണക്കെഴുതി അതു നഷ്ടമാണെന്നു പറഞ്ഞതോര്‍ക്കുന്നു. അച്ഛായ്ക്കു പണ്ടേയ്ക്കുപണ്ടേ അറിയാവുന്ന കാര്യമായിരുന്നു അത്. കാരണം, അച്ഛായുടെ കണക്കുബുക്കില്‍ ‘അണ പൈ’ വിടാതെ എല്ലാം വിശദമായി, മനോഹരമായി കുറിച്ചിട്ടുണ്ട്. അച്ഛായുടെ കൈയക്ഷരത്തിന്റെ ഭംഗി എന്നെ എന്നും അതിശയിപ്പിച്ചിരുന്നു.

അമ്മച്ചി സ്ലേറ്റില്‍ ‘അ’ എന്ന അക്ഷരം ആദ്യമായി എഴുതി പഠിപ്പിച്ചത് നന്നായോര്‍ക്കുന്നു. പിന്നീടങ്ങോട്ട്, വായിക്കാനും എഴുതാനുമൊക്കെ വല്ലാത്തൊരാവേശമായിരുന്നു. എല്ലാ ദിവസവും ഒരു നൂറു പ്രാവശ്യമെങ്കിലും സഹോദരങ്ങളുടെയും എന്റെയും പേരുകള്‍ ക്രമത്തിലെഴുതും: ലീല, അനിയന്‍, തമ്പി, കുഞ്ഞുമോള്‍, ബാബു, സാലി, മിനി! അതിങ്ങനെ വടിവൊത്ത അക്ഷരങ്ങളില്‍ എഴുതിക്കൊണ്ടേയിരിക്കും.
ഓരോ കുഞ്ഞു ജനിക്കുമ്പോഴും സ്റ്റുഡിയോയില്‍പ്പോയി കുടുംബഫോട്ടോ എടുപ്പിക്കാറുണ്ടായിരുന്നു, അച്ഛാ. ലേറ്റസ്റ്റ് കുഞ്ഞുവാവ കമിഴ്ന്നുകിടക്കുന്ന സിംഗിള്‍ ഫോട്ടോയും. ഞാനെത്തിയപ്പോള്‍ ഈ ‘ട്രെഡീഷ’നൊന്നുമുണ്ടായില്ല! ചെറുതിലേ ഒത്തിരി നൊമ്പരപ്പെടുത്തിയ വിഷയമായിരുന്നു അത്.

ഒരുപാട് ആല്‍ബങ്ങള്‍ ഞങ്ങളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്നു. അവധിക്കു വരുന്ന മക്കളൊക്കെ പലതവണ ഈ ആല്‍ബങ്ങളിലൂടെ യാത്രചെയ്യാറുണ്ടായിരുന്നു. ഒരുപക്ഷേ, എന്റെ ഓര്‍മച്ചെപ്പിനുള്ളില്‍ അമ്മച്ചി സ്വരുക്കൂട്ടിവച്ച ആ ആല്‍ബങ്ങളിലെ മനോഹരനിമിഷങ്ങളായിരിക്കാം.

2
പൊന്‍കുന്നത്തിന്റെ അന്തോനിച്ചായന്‍

പൊന്‍കുന്നം ടൗണില്‍ മലഞ്ചരക്കുവ്യാപാരം നടത്തിയിരുന്ന, പല ഭാഷകള്‍ വശമുള്ള സഹജീവികളോടു കരുണയും സ്‌നേഹവുമുള്ള, മക്കളോട് ഒരിക്കലും അരുതെന്നു പറഞ്ഞിട്ടില്ലാത്ത ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛാ…

മനോഹര നിമിഷങ്ങൾ…അച്ഛാ, അമ്മച്ചി, ലീലചേച്ചി, അനിച്ചാച്ചൻ, തമ്പിച്ചാച്ചൻ, കുഞ്ചേച്ചി, ബാബു, സാലി 

അച്ഛായ്ക്ക് വലിയൊരു സുഹൃദ്‌വലയമുണ്ടായിരുന്നെന്നു സൂചിപ്പിച്ചല്ലോ. അതില്‍ ഡോക്ടര്‍മാരും വക്കീലന്‍മാരും ഡ്രൈവര്‍മാരും രാഷ്ട്രീയക്കാരുമുണ്ടായിരുന്നു; ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനുമുണ്ടായിരുന്നു. ‘അന്തോനിച്ചായാ’ എന്നുവിളിച്ച് ആരെങ്കിലും എപ്പോഴുമുണ്ടാകും, അച്ഛായുടെ ജനാലയ്ക്കല്‍. മക്കള്‍ എന്തു ചെയ്യണമെന്നോ എന്താകണമെന്നോ അച്ഛാ വാശിപിടിച്ചിരുന്നില്ല. എല്ലാവരേയും അളവില്ലാതെ സ്‌നേഹിക്കുക മാത്രം ചെയ്തു.

ഒരിക്കല്‍ എന്റെ മകന്‍ പറഞ്ഞു, മമ്മിയെ നിരാശപ്പെടുത്തുന്നത് അവന് ആലോചിക്കാന്‍പോലും കഴിയില്ലെന്ന്! സത്യത്തില്‍ എന്നെ വിഷമിപ്പിക്കാന്‍ എന്റെ മക്കള്‍ക്കു കഴിയുമെന്നു തോന്നുന്നില്ല. കാരണം, എന്റെ അച്ഛായെ നിരാശപ്പെടുത്തുന്നതു ചിന്തിക്കാന്‍പോലും എനിക്കു കഴിയുമായിരുന്നില്ല; ഒരിക്കലും ഒന്നും ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍പ്പോലും!

3
‘സാറ്റുംമൂട്ടീന്നു മാറണേ പാറുവേ…’

ഇടതൂര്‍ന്നുനില്‍ക്കുന്ന മരങ്ങളില്‍ ഏതോ ഒന്നിന്റെ തുഞ്ചത്തെ കൊമ്പിലിരുന്നു ബാബു നീട്ടിപ്പാടുന്നതാണ്! അങ്ങു മുകളിലൊളിച്ചിരുന്ന്, നീട്ടി പാട്ടുപാടുന്നയാളെ കണ്ടുപിടിക്കുക എന്നത് ഞങ്ങള്‍ കുട്ടികള്‍ക്ക് ഏറ്റവും ദുഷ്‌കരമായിരുന്നു.

അയലത്തെ വീട്, ആര്‍ക്കും ഏതു നേരത്തും കടന്നുചെല്ലാവുന്ന ഒരു കളിവീടായിരുന്നു. ജനിച്ചപ്പോള്‍ വായിലുണ്ടായിരുന്നതു സ്വര്‍ണക്കരണ്ടിയോ വെള്ളിക്കരണ്ടിയോ ചെമ്പുകരണ്ടിയോ എന്നൊന്നും നോക്കാതെ, എല്ലാ മനുഷ്യക്കുഞ്ഞുങ്ങളും ഒരുമിച്ചു കളിക്കുന്ന ഒരിടം! അകത്തെയും പുറത്തെയും ഒരു വാതിലും അടച്ചുകണ്ടിട്ടില്ല. സാറ്റ് കളിക്കുമ്പോള്‍ ഒളിച്ചിരിക്കാന്‍ ആ വീടിന്റെ ഓരോ മുക്കും മൂലയും ഉപയോഗിച്ചിരുന്നു.

അവിടെ എനിക്കൊരു സുന്ദരിക്കൂട്ടുകാരിയുണ്ടായിരുന്നു. എല്ലാ വര്‍ഷവും ആഗസ്റ്റ് പതിനഞ്ചിനു നടത്തുന്ന വമ്പന്‍ റാലിയിലെ സ്ഥിരം ഇന്ദിരാഗാന്ധി! സാരിയുടുത്ത്, വലിയ കണ്ണട വച്ച്, അലങ്കരിച്ച ലോറിയില്‍ കൈകൂപ്പിനില്‍ക്കുന്ന ഇന്ദിരാഗാന്ധി!

നാലാംക്ലാസ്സില്‍വച്ച് ഞാനൊരു പാട്ടു പാടിക്കൊണ്ടിരിക്കെ, ‘മതി പാടിയത്’ എന്നു പറഞ്ഞില്ലെങ്കിലും സീറ്റില്‍പ്പോയി ഇരിക്കാന്‍ വളരെ സ്‌നേഹത്തോടെ അച്ചാമ്മ ടീച്ചര്‍ പറഞ്ഞു. ‘ഈ സംഗതി നിനക്കു പറ്റി’ല്ലെന്നു പറയാതെ പറയുകയായിരുന്നു! ഭാവിയിലെ ഒരു കെ എസ് ചിത്ര അതോടെ അവിടെ മരിച്ചുവീണു! എന്തായാലും അച്ചാമ്മ ടീച്ചറിനോട് എനിക്കു വളരെ നന്ദിയുണ്ട്. ടീച്ചര്‍ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ കാണുന്ന തട്ടേലൊക്കെക്കയറി ഞാന്‍ പാടിപ്പാടിത്തകര്‍ത്തേനേ!

അതേ നാലാംക്ലാസ്സില്‍വച്ചു തന്നെ, തേങ്ങയുടെ പടം വരച്ചുകൊണ്ടു ചെന്നപ്പോള്‍, ക്ലാസ്സിലിരുന്ന് ഒരു പ്രാവശ്യം കൂടി വരയ്ക്കാന്‍ ഏലിയാമ്മ ടീച്ചര്‍ എന്നോടാവശ്യപ്പെട്ടു. പടത്തിന്റെ ഭംഗി കണ്ട്, അതു മറ്റാരെക്കൊണ്ടെങ്കിലും വരപ്പിച്ചതാണോ എന്നറിയാനുള്ള സൂത്രപ്പണിയായിരുന്നു അത്. അച്ചാമ്മ ടീച്ചറും ഏലിയാമ്മ ടീച്ചറും ഒന്നും വിട്ടുപറഞ്ഞതുമില്ല. അതുകൊണ്ട് അന്ന് എനിക്കൊന്നും മനസ്സിലായില്ല. പിന്നീടാണു പിടികിട്ടിയത്, എനിക്കു പാട്ടല്ല വരയാണു വരച്ചിരിക്കുന്നതെന്ന്!

പതിമൂന്നു വര്‍ഷത്തെ സംഗീതസപര്യയ്ക്കുശേഷം ഇന്നു പതിനാറുകാരന്‍ പ്രണവിന്റെ മൂന്നുമണിക്കൂര്‍ നീണ്ട കര്‍ണാട്ടിക് വോക്കല്‍ അരങ്ങേറ്റമായിരുന്നു. അതിമനോഹരമായ സ്വരമാധുര്യത്തില്‍ ലയിച്ചിരുന്നു. കണ്ണുകളടച്ചു താളം പിടിച്ചുതുടങ്ങിയപ്പോള്‍ സംഗീതമറിയില്ലെങ്കിലും സംഗതി ഏതാണ്ടൊക്കെ പിടികിട്ടിത്തുടങ്ങിയിരുന്നു.

4
ചൈനാമമ്മി

‘ഹലോ…’
‘ആലീസ് മോളല്ലേ? ഇതു മിനിയാ…’
‘എന്തുണ്ടു വിശേഷം?’
‘നിര്‍ത്തട്ടെ…’

ഞങ്ങളുടെ ഫോണ്‍സംഭാഷണം ഇങ്ങനെയാണെന്നുപറഞ്ഞ് തമ്പിച്ചാച്ചന്‍ കളിയാക്കുമായിരുന്നു. സ്‌കൂളില്‍ ഒരേ ബെഞ്ചിലാണിരിക്കുന്നതെങ്കിലും എന്നും സ്‌കൂളില്‍നിന്നു വന്നാലുടനേ ആലീസ്‌മോളെ ഫോണില്‍ വിളിക്കും. രണ്ടക്കം മാത്രമുള്ള ഫോണ്‍ നമ്പറുകള്‍. പാട്ടും ഡാന്‍സും ഓട്ടവും ചാട്ടവുമെല്ലാം അവള്‍ക്കു മിഠായി പെറുക്കുന്നതുപോലെ വെറും നിസ്സാരം!

ആലീസിന്റെ അച്ഛന്‍ പട്ടാളത്തിലായിരുന്നു. അമ്മ ചൈനക്കാരി. ആ അമ്മ വിവാഹശേഷം സ്വന്തം നാടും വീടും ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലത്രേ! മൂത്ത മകന്‍ മമ്മിയെന്നു വിളിക്കുന്നതുകേട്ട് നാട്ടുകാര്‍ മുഴുവനും അവരെ മമ്മിയെന്നാണു വിളിച്ചിരുന്നത്. അക്കാലത്ത് മക്കള്‍ അമ്മയെ ‘മമ്മി’ എന്നു വിളിക്കുന്ന രീതി ഞങ്ങളുടെ നാട്ടില്‍ പ്രചാരത്തില്‍ വന്നിട്ടില്ലായിരുന്നു. മക്കള്‍ക്ക് അവകാശപ്പെട്ട ആ വിളി നാട്ടുകാര്‍ മൊത്തമായും ചില്ലറയായും അങ്ങേറ്റെടുത്തു! ‘ചൈനാമമ്മി’ എന്നു വിളിക്കുന്നവരുമുണ്ടായിരുന്നു.

ചതുരത്തില്‍ മലയാളം പറയുന്ന സുന്ദരിയായ മമ്മിയെ പൊന്‍കുന്നത്തുകാര്‍ സ്വന്തം മരുമകളായി സ്വീകരിക്കുകയും വളരെയധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.

തുടരും

മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular