Tuesday, April 23, 2024
HomeIndiaപുരുഷ ഗുസ്തിയില്‍ - രവികുമാര്‍ ഫൈനലില്‍

പുരുഷ ഗുസ്തിയില്‍ – രവികുമാര്‍ ഫൈനലില്‍

ടോക്യോ: പുരുഷ ഗുസ്തിയില്‍ ഇന്ത്യയുടെ ദിനം. 57 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയ മെഡലുറപ്പിച്ചു. സെമിയില്‍ കസാഖിസ്ഥാന്‍റെ സനയേവിനെ മലര്‍ത്തിയടിച്ചാണ് രവി കുമാറിന്‍റെ ചരിത്രനേട്ടം.

2012ല്‍ സുശീല്‍ കുമാര്‍ ഫൈനലിലെത്തിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഗുസ്തിയില്‍ ഫൈനലിലെത്തുന്നത്. കലാശപ്പോരാട്ടം നാളെയാണ് അരങ്ങേറുക. ടോക്യോയില്‍ നാലാം മെഡലാണ് രവികുമാറിലൂടെ ഇന്ത്യ ഉറപ്പിച്ചത്.

മത്സരത്തില്‍ പിന്നിലായിരുന്ന രവികുമാര്‍ അവിശ്വസനീയമാം വിധം വന്‍ തിരിച്ചുവരവ് നടത്തിയാണ് സനയേവിനെ തോല്‍പ്പിച്ചത്. തുടരെ എട്ടുപോയന്‍റുകള്‍ നേടി വിജയമുറപ്പിച്ചിരുന്ന സനയേവ് 9-2ന് മുന്നിലായിരുന്നു. പിന്നീടായിരുന്നു രവികുമാറിന്‍റെ ഉഗ്രന്‍ തിരിച്ചുവരവ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബള്‍ഗേറിയയുടെ ജോര്‍ജി വന്‍ഗലോവിനെ 14-4ന് മലര്‍ത്തിയടിച്ചാണ് രവികുമാര്‍ സെമിയിലേക്ക് കടന്നത്.

23കാരനായ രവികുമാര്‍ ഹരിയാനയിലെ നഹ്‌റി സ്വദേശിയാണ്. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടുതവണ സ്വര്‍ണവും രവികുമാര്‍ നേടിയിട്ടുണ്ട്.

അതിനിടെ വനിത ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ലവ്‌ലീന ബോര്‍ഗോഹെയ്‌ന് വെങ്കലം. 69 കിലോ വിഭാഗത്തില്‍ ഫൈനല്‍ സ്വപ്നം കണ്ടിറങ്ങിയ ലവ് ലീനക്ക് നിലവിലെ ലോകചാമ്പ്യന്‍ തുര്‍ക്കിയുടെ ബുസെനസ് സുര്‍മനെലിയോട് സെമിയില്‍ അടിപതറുകയായിരുന്നു. സെമിയിലേക്ക് പ്രവേശിച്ചതിനാല്‍ ലവ്‌ലീന വെങ്കലം നേരത്തേ ഉറപ്പിച്ചിരുന്നു.

ഒളിമ്പിക്‌സ് ബോക്‌സിങ് ചരിത്രത്തില്‍ ഇന്ത്യയുടെ മൂന്നാം മെഡല്‍ നേട്ടമാണിത്. മുമ്പ് മെഡല്‍ നേടിയ വിജേന്ദര്‍ സിങ്ങും (2008) എം.സി. മേരികോമും (2012) മാറിലണിഞ്ഞത് വെങ്കലമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular