Thursday, April 25, 2024
HomeIndiaഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് ചരിത്ര വെങ്കലം

ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് ചരിത്ര വെങ്കലം

ടോക്കിയോ: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഗോള്‍മഴയില്‍ ജര്‍മനിയെ മുക്കി ഇന്ത്യക്ക് ചരിത്ര വെങ്കലം. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്. ഒരുവേള 1-3ന് പിന്നിട്ടുനിന്ന ശേഷം അതിശക്തമായ തിരിച്ചുവരവില്‍ ജയിച്ചുകയറുകയായിരുന്നു നീലപ്പട. മലയാളി ഗോളി പി ആര്‍ ശ്രീജേഷിന്‍റെ മിന്നും സേവുകള്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി.

ആദ്യ ക്വാര്‍ട്ടറില്‍ തിമൂറിലൂടെ ജര്‍മനി ലീഡെടുത്തിരുന്നു. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. വൈകാതെ വില്ലെന്‍ ജര്‍മനിക്ക് വീണ്ടും മുന്‍തൂക്കം നല്‍കി. പിന്നാലെ ഫര്‍ക്കിലൂടെ ജര്‍മനി 3-1ന്‍റെ വ്യക്തമായ ആധിപത്യം നേടുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം ഇരട്ട ഗോളുമായി തിരിച്ചെത്തുന്ന ഇന്ത്യയെയാണ് ടോക്കിയോയില്‍ കണ്ടത്.

റീബൗണ്ടില്‍ നിന്ന് ഹര്‍ദിക് മത്സരത്തില്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ ഹര്‍മന്‍പ്രീതാണ് മൂന്നാം ഗോളുമായി ഇന്ത്യയെ ഒപ്പമെത്തിച്ചു. ഇതോടെ സ്‌കോര്‍ 3-3. ടൂര്‍ണമെന്‍റില്‍ ഹര്‍മന്‍പ്രീതിന്‍റെ ആറാം ഗോള്‍ കൂടിയാണിത്. മൂന്നാം ക്വാര്‍ട്ടറിലും ഇന്ത്യ അതിശക്തമായ തിരിച്ചുവരവ് തുടര്‍ന്നതോടെ ഗോള്‍മഴയായി. രൂപീന്ദറും സിമ്രന്‍ജിതും ലക്ഷ്യം കണ്ടപ്പോള്‍ ഇന്ത്യ 5-3ന്‍റെ ലീഡ് കയ്യടക്കി.

അവസാന ക്വാര്‍ട്ടറില്‍ തുടക്കത്തിലെ ഗോള്‍ മടക്കി ജര്‍മനി ഒരുവേള ഇന്ത്യയെ പ്രതിരോധത്തിലാക്കി. എന്നാല്‍ ശ്രീജേഷ് കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്നതോടെ ഇന്ത്യ കാത്തിരുന്ന ജയം സ്വന്തമാക്കുകയായിരുന്നു. അവസാന സെക്കന്‍ഡില്‍ അപകടം മണത്ത പെനാല്‍റ്റി കോര്‍ണര്‍ ശ്രീജേഷ് തടുത്തതോടെ ഇന്ത്യ ലോക ഹോക്കിയില്‍ ഐതിഹാസിക തിരിച്ചുവരവ് അടയാളപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular