Saturday, July 2, 2022
HomeEditorialമനുഷ്യന്റെ നിലനില്‍പ്പാണ് പ്രശ്നം

മനുഷ്യന്റെ നിലനില്‍പ്പാണ് പ്രശ്നം

ഇത്തവണ പരിസ്ഥിതി ദിനത്തില്‍ ലോകം ചര്‍ച്ച ചെയ്യുന്നത് പരിസ്ഥിതിയെ കുറിച്ചല്ല. മനുഷ്യന്റെ നിലനില്‍പ്പിനെ കുറിച്ചാണ്.

കാലാവസ്ഥ വ്യതിയാനത്തെ മാറ്റാന്‍ നമുക്ക് കഴിയില്ല. നേരെ മറിച്ച്‌ അതിനുവേണ്ടി നാം സ്വയം മാറേണ്ടതുണ്ട്. കാലാവസ്ഥ വ്യതിയാനം കേരളത്തില്‍ ഉണ്ടാക്കുന്ന ആഘാതം കുറക്കാന്‍ നമുക്ക് കഴിയും. അതിനുള്ള നടപടികള്‍ നാം സ്വീകരിക്കണം. കഴിഞ്ഞ നാലു വര്‍ഷത്തെ അനുഭവങ്ങളും അതുസംബന്ധിച്ച്‌ വിദഗ്ധര്‍ തയാറാക്കിയ നിരവധി റിപ്പോര്‍ട്ടുകളും പഠനങ്ങളും നമ്മുടെ മുന്നിലുണ്ട്. മുഖ്യമന്ത്രി വിദേശത്ത് പോയി പഠിച്ചിരുന്നു. പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിയുണ്ട്.

കേരളത്തില്‍ ചെറിയ മാറ്റങ്ങള്‍കൊണ്ട് വരുത്താവുന്ന ഒന്നല്ല അത്. നമ്മുടെ വീക്ഷണത്തില്‍ തന്നെ അടിസ്ഥാനപരമായ മാറ്റം വരുത്തണം. ഇപ്പോഴും നമ്മള്‍ മൂലധന സൗഹൃദം, പരിസ്ഥിതി സൗഹൃദം തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുകയാണ്. കാര്‍ഷിക മേഖലയിലും മത്സ്യബന്ധന മേഖലയിലും ഒക്കെ പ്രകൃതിക്ക് മാറ്റം ഉണ്ടായി. നമ്മുടെ ജീവനോപാധികള്‍ക്ക് വരെ നഷ്ടം സംഭവിക്കുന്നു. ആ നഷ്ടം ചെറുതല്ല.

രണ്ടാമത് ജീവന്റെ സുരക്ഷിതത്വത്തിനെതിരെ ചോദ്യം ഉയരുകയാണ്. കേരളത്തിലെ കിഴക്കേയറ്റത്ത് പശ്ചിമഘട്ടത്തിലെ താഴ്വരയില്‍ താമസിക്കുന്ന ആളുകള്‍ മഴക്കാലത്ത് അവിടം വിട്ടു പോകുന്ന അവസ്ഥയുണ്ട്.

തീരദേശത്ത് കടല്‍ കയറ്റമുണ്ടാവുമ്ബോള്‍ എല്ലാ വര്‍ഷവും കുറെ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നു. താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ എല്ലാ വര്‍ഷവും ഒന്നിലേറെ തവണ മാറ്റിപാര്‍പ്പിക്കേണ്ടി വരുന്നു.

പ്രളയം ഉണ്ടായാല്‍ കേരളത്തിന്റെ ഏതുഭാഗത്തും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട അവസ്ഥയുണ്ട്. വലിയൊരു വിഭാഗം ആളുകള്‍ ഏതുസമയവും സ്വന്തം വീടുവിട്ട് പോകേണ്ട അവസ്ഥയിലാണ്. മാറ്റിപ്പാര്‍പ്പിക്കല്‍ ജനങ്ങള്‍ക്ക് സാമ്ബത്തിക, ആരോഗ്യം പ്രശ്നങ്ങളുണ്ടാക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം കുറച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ കഴിയും. അറബിക്കടലില്‍ വലിയ തോതില്‍ മാറ്റം ഉണ്ടായിരിക്കുന്നുവെന്ന് ഗവേഷകര്‍ സമ്മതിക്കുന്നു.

കടലില്‍ താപനില ഉയര്‍ന്നിരിക്കുന്നു. അത് ന്യൂനമര്‍ദമായും ചുഴലിക്കാറ്റായും തീരത്തേക്ക് കടന്നുവരുന്നു. ഏതു നിമിഷവും ഏതു സ്ഥലത്തും അതിവര്‍ഷം ഉണ്ടാകാം. അതിനെ മേഘവിസ്ഫോടമെന്നൊക്കെ പറയുന്നു.

അതിവര്‍ഷം താങ്ങാന്‍ കേരളത്തില്‍ പലയിടത്തും കഴിയില്ല. ഏതു മാസത്തിലും ഇത് സംഭവിക്കാം. എവിടെ അതിവര്‍ഷം വരും എന്നതിന് അടിസ്ഥാനമാക്കിയായിരിക്കും അതിന്റെ പ്രത്യാഘാതം.

മലയോരമേഖലയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, വനനശീകരണം തുടങ്ങിയവ നിയന്ത്രിക്കണമെന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കി. അതൊന്നും ഇപ്പോള്‍ സര്‍ക്കാറിന്റെ പരിഗണനയിലില്ല. ദുരന്തനിവാരണ അതോറിറ്റിയുടെ മാപ്പ് പരിഗണിച്ച്‌ തീരുമാനമെടുക്കണം. പ്രായോഗികതലത്തില്‍ സര്‍ക്കാറിന് അതൊന്നും പ്രശ്നമല്ല. വയനാട്ടിലെ തുരങ്കപാത റോഡ് നടപ്പിലാക്കിയാല്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും അറിയില്ല.

അതിവര്‍ഷം വരുമ്ബോള്‍ നീരൊഴുക്ക് തടയപ്പെട്ടരുത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെയും ജലമൊഴുക്ക് തടയരുത്. ജലം ഒഴുകുന്ന 165 മേഖലകളിലൂടെയാണ് കെ-റെയില്‍ കടന്നുപോകുന്നത്. സില്‍വര്‍ ലൈന്‍ 400 കിലോമീറ്റര്‍ ഭൂമിയിലൂടെയാണ് കടന്നുപോകുന്നത്. നീരൊഴുക്കിനെ എങ്ങനെ ബാധിക്കുമെന്ന് പഠനം നടത്താതെയാണ് പദ്ധതി പ്ലാന്‍ ചെയ്തത്.

കേരളത്തിലെ ഏറ്റവുമധികം ക്വാറികളുള്ള സ്ഥലമാണ് കോട്ടയം ജില്ലയിലെ കൂട്ടിക്കലും പരിസരപ്രദേശങ്ങളും. ഒരു പതിറ്റാണ്ടായി അവിടെ സമരം നടക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തില്‍ അതൊരു വലിയ ദുരന്തമായി. കൂട്ടിക്കലില്‍ ഇപ്പോഴും ഖനനത്തിന് അനുമതി കൊടുക്കാനാണ് സര്‍ക്കാര്‍ ആലോചന. വികസനം വേണ്ടേ എന്ന ചോദ്യത്തിന് മനുഷന്റെ ജീവന്റെ നിലനില്‍പ്പ് വേണ്ടേ എന്ന മറുചോദ്യമാണ് ഉന്നയിക്കാനുള്ളത്. പശ്ചിമഘട്ടത്തിലും കുട്ടനാട്ടിലും ഇടനാട്ടിലും ഒക്കെ മനുഷ്യന്റെ നിലനില്‍പ്പാണ് ചോദ്യം ചെയ്യപ്പെടുകയാണ്.

പ്രകൃതിയില്‍ പുഴക്ക് ഒഴുകാനുള്ള സ്ഥലം വേണം. നമ്മുടെ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും പുഴയുടെ ഒഴുക്കിനെ തടയുകയാണ്. അതിനാലാണ് പുഴ നമ്മുടെ വീട്ടിനുള്ളിലേക്ക് ഒഴുകിവരുന്നത്. 2018 ലെ പ്രളയത്തില്‍ മാത്രം കേരളത്തിന് നഷ്ടപ്പെട്ടത് 2400 കോടി രൂപയാണ്. ഇത് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച കണക്കാണ്. 2019 ലെയും 2020 ലെയും കണക്ക് ലഭിച്ചിട്ടില്ല. കോടിക്കണക്കിന് രൂപയുടെ വസ്തുക്കളാണ് മഴവെള്ളം കൊണ്ടുപോവുന്നത്.

ആ നഷ്ടമെല്ലാം വീണ്ടെടുക്കണമെങ്കില്‍ എത്ര വര്‍ഷം കഴിയണം. ഓരോ വര്‍ഷവും ഇത് ആവര്‍ത്തിച്ചാല്‍ കേരളീയര്‍ എന്ത് ചെയ്യും. കാലാവസ്ഥ മാറ്റവും അതുണ്ടാക്കുന്ന ദുരന്തത്തിന്റെ വ്യാപ്തിയും അംഗീകരിക്കണം. അതിന്റെ ആഘാതം കുറയ്ക്കാന്‍ എന്തെല്ലാം നടപടി സ്വീകരിക്കാമെന്ന് ആലോചിക്കുക. ഇതൊന്നും പരിഗണിക്കാതെയാണ് വികസന പദ്ധതികള്‍ തീരുമാനിക്കുന്നതെങ്കില്‍ ജനങ്ങളെ ദോഷകരമായി ബാധിക്കും. കേരളം വീണ്ടുമൊരു കാലവര്‍ഷത്തിന് മുന്നിലാണ്.

കഴിഞ്ഞ നാലു വര്‍ഷവും കേരളത്തിന് സമ്മാനിച്ചത് ദുരന്തമാണ്. പ്രളയവും ഉരുള്‍പൊട്ടലുമൊക്കെയായി കാലവര്‍ഷം കടന്നുവരും. കാലാവസ്ഥ വ്യതിയാനത്തെ നമ്മള്‍ ഗൗരവമായി പരിഗണിച്ചില്ലെങ്കില്‍ നമ്മള്‍ അപടകടത്തിലാകുമെന്ന കാര്യത്തില്‍ സംശയമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular