Saturday, April 20, 2024
HomeUSAഐ എസ് പെൺപട്ടാളത്തിന്റെ മേധാവി കോടതിയിൽ കുറ്റമേറ്റു

ഐ എസ് പെൺപട്ടാളത്തിന്റെ മേധാവി കോടതിയിൽ കുറ്റമേറ്റു

ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയ്ക്കു വേണ്ടി സിറിയയിൽ പെൺപടയുണ്ടാക്കാൻ 10 വയസു മുതലുള്ള പെൺകുട്ടികളെ റിക്രൂട്ട് ചെയ്‌ത അലിസൺ ഫ്ളൂക്-ഇക്രാൻ (42) നോർത്തേൺ വിർജീനിയ കോടതിയിൽ കുറ്റം സമ്മതിച്ചു. കൻസാസിൽ നിന്നുള്ള അലിസൺ 2011-19 കാലഘട്ടത്തിൽ സിറിയയും ലിബിയയും ഇറാഖും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഭീകര പ്രവർത്തനത്തിന് നേതൃത്വം കൊടുത്തുവെന്നു യു എസ് നീതിന്യായ വകുപ്പ് (ഡി ഓ ജെ) പറയുന്നു.

നൂറോളം പെൺകുട്ടികൾക്ക്  അവർ ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയ്ക്കു (ഐ എസ് ഐ എസ്) വേണ്ടി സൈനിക പരിശീലനം നൽകി. സംഘടനയുടെ ഖതീബാ നുസൈബ എന്ന പെൺപടയുടെ നേതാവായി അവർ ഉയർന്നു.

സിറിയയിൽ നിന്ന് ജനുവരിയിലാണ് അവരെ അറസ്റ്റ് ചെയ്തത്.

യൂണിവേഴ്സിറ്റി ഓഫ് കൻസാസിൽ ജൈവശാസ്ത്രം പഠിച്ച അലിസൺ 2008ൽ രണ്ടാം ഭർത്താവ് ഫ്ളൂക്-ഇക്രാനുമൊത്തു അമേരിക്ക വിട്ടു മധ്യപൂർവ ദേശത്തേക്കു പോയി. അവരുടെ നാലു കുട്ടികളും കൂടെ ഉണ്ടായിരുന്നു. ഈജിപ്തിലും ലിബിയയിലും പ്രവർത്തിച്ച ശേഷം 2012 ലാണ് സിറിയയിൽ എത്തിയത്.

ലിബിയ, തുർക്കി, ഈജിപ്ത് എന്നീ ഭീകര സാന്നിധ്യമുള്ള രാജ്യങ്ങളിൽ ഇരുവരും അൻസർ അൽ ശരിയ എന്ന ഭീകര സംഘടനയുടെ പോരാളികളായിരുന്നു. രണ്ടാം ഭർത്താവ് 2016 ൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.

ഇറാഖിലെ ബെൻഗാസിയിൽ അംബാസഡർ ക്രിസ് സ്റ്റീവൻസ് ഉൾപ്പെടെ നാലു യുഎസ്‌ പൗരന്മാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനിടയിൽ എംബസിയിൽ നിന്നു മോഷ്‌ടിച്ച രേഖകൾ വിശകലനം ചെയ്യാൻ ഭർത്താവിനെ സഹായിച്ചത് അലിസൺ ആണ്. ആ രേഖകളും വിശദാംശങ്ങളും അവർ അൻസർ അൽ ശരിയയ്ക്കു നൽകി. അടുത്ത വർഷങ്ങളിൽ  ഭർത്താവുമൊത്ത് തുർക്കി, സിറിയ, ഇറാഖ് എന്നിവിടങ്ങളിലേക്കു യാത്ര ചെയ്തതായി തെളിവുണ്ട്. പിന്നീട് യുദ്ധത്തിൽ ഛിന്നഭിന്നമായ  സിറിയയിലെ റാഖയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ വനിതാ കേന്ദ്രം നടത്തി.

ഐ എസിന്റെ പൂർണ വനിതാ സേനയുടെ മേധാവിയായത് 2017ൽ. ഓട്ടോമാറ്റിക് എ കെ 47 റൈഫിളുകൾ, ഗ്രനേഡുകൾ, ചാവേർ ബെൽറ്റുകൾ തുടങ്ങിയ ആയുധങ്ങളിൽ പെൺകുട്ടികളെ പരിശീലിപ്പിച്ചു. ഐ എസ് മതപഠന ക്ലാസുകൾ നടത്തി.

വിർജിനിയയിൽ വിദേശ ഭീകര സംഘടനയ്ക്ക് സഹായം നൽകിയ കുറ്റം അവർ സമ്മതിച്ചു. രണ്ടു പതിറ്റാണ്ടു വരെ ജയിൽ ശിക്ഷ ലഭിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular