Tuesday, November 29, 2022
HomeUSAഇനി ഒരു നമ്പി നാരായണൻ ഉണ്ടാവരുത്: സന്ദേശവുമായി 'റോക്കട്രി: ദി നമ്പി എഫക്ട്സ്' വരുന്നു

ഇനി ഒരു നമ്പി നാരായണൻ ഉണ്ടാവരുത്: സന്ദേശവുമായി ‘റോക്കട്രി: ദി നമ്പി എഫക്ട്സ്’ വരുന്നു

മാധ്യമങ്ങളും പോലീസും വില്ലനായപ്പോള്‍ നമ്പി നാരായണന്റെ ജീവിതം കുട്ടിച്ചോറായി. ക്രയോജനിക് എന്‍ജിനിലൂടെ ഇന്ത്യ കൈവരിക്കുമായിരുന്ന ബഹിരാകാശ പുരോഗതികളും കൈമോശം വന്നു. അതേ മാധ്യമങ്ങള്‍ ഇന്ന് അദ്ദേഹത്തെ വാഴ്ത്തുന്നു. രാജ്യം പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു.

സിനിമയ്ക്ക് പറ്റിയ കഥ തന്നെ. പക്ഷെ നടന്‍ ആര്‍ മാധവന്‍ (3  ഇഡിയറ്റ്‌സ്, ഗുരു, മെയ്ഡ് ഇൻ യു.എസ്.എ ) നമ്പി നാരായണന്റെ ജീവിതം സിനിമയാക്കാനിറങ്ങിയത് ഒരു സന്ദേശം നല്‍കാനാണ്- ഇനി ആര്‍ക്കും ഇതുപോലെ സംഭവിക്കരുത്.

വിവിധ ഭാഷകളില്‍ നടനായി തിളങ്ങുന്ന മാധവന്‍ നിർമ്മാതാവും സംവിധായകനും തിരക്കഥാകൃത്തുമായി  വേഷമിടുന്ന ‘റോക്കട്രി’ ജൂലൈ ഒന്നിനു തീയേറ്ററുകളിലെത്തുന്നു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നമ്പി നാരായണനോടൊപ്പം ന്യൂജേഴ്‌സിയിലെ എഡിസണില്‍ റോയല്‍ ആല്‍ബര്‍ട്‌സ് പാലസില്‍ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കവേ  ഇരുവരും പ്രമാദമായ ചാരക്കേസിലെ ഉള്ളുകള്ളികളിലേക്കും വിരല്‍ചൂണ്ടി.

മാധ്യമങ്ങള്‍ മുഴുവന്‍ എതിരായി കഥകള്‍ മെനഞ്ഞപ്പോള്‍ ഏഷ്യാനെറ്റിലെ അന്തരിച്ച ടി.എന്‍. ഗോപകുമാര്‍ അദ്ദേഹത്തിന്റെ ‘കണ്ണാടി’ എന്ന പരിപാടിയില്‍ തന്നെ നല്ല രീതിയിൽ  അവതരിപ്പിച്ചത് നമ്പി നാരായണന്‍ ഓര്‍ത്തു. അന്ന്  മാധ്യമങ്ങളെ കാണാന്‍ താത്പര്യമില്ലായിരുന്നു. എന്നാല്‍ ഉള്ളത് പറഞ്ഞില്ലെങ്കില്‍ കഥകള്‍ ഇനിയും അതേപടി തുടരുമെന്നു ഗോപകുമാർ  പറഞ്ഞപ്പോള്‍ വഴങ്ങി. എല്ലാം കേട്ട് കഴിഞ്ഞ് ഇതൊരു സിനിമാക്കഥ പോലുണ്ടല്ലോ എന്നു പറഞ്ഞത് ഓര്‍ക്കുന്നു. പക്ഷെ സിനിമയാകുമെന്ന് കരുതിയില്ല. ഇന്ത്യാ ടുഡേയും അന്ന് ചാരക്കഥ തള്ളിക്കളഞ്ഞിരുന്നു.

തന്റെ പഠനകാലത്ത് ചാരക്കേസിനെപ്പറ്റി (1994- 95) കേട്ടത് മാധവന്‍ അനുസ്മരിച്ചു. പിന്നീട് നമ്പി നാരായണനെ കാണുകയും വിവരങ്ങള്‍ മനസിലാക്കുകയും ചെയ്തപ്പോഴാണ് ഇത്ര വലിയ ഒരു ജീനിയസിനോട് ചിലര്‍ കാട്ടിയ ദുഷ്പ്രവര്‍ത്തിയുടെ ആഴം മനസിലായത്.

എഡിസണില്‍ നിന്ന് ഏറെ അകലയല്ലാത്ത പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നമ്പി നാരായണന്‍ ഉന്നത വിദ്യാഭ്യാസം നേടിയിരുന്നു. 1969-ല്‍.  അന്ന് ജെ.എഫ് കെന്നഡിയേക്കാള്‍ സുന്ദരനായിരുന്നു അദ്ദേഹമെന്ന് ഫോട്ടോ കാട്ടി മാധവന്‍ പറഞ്ഞു. അകാലത്ത്  അമേരിക്കയില്‍ തങ്ങുക നിഷ്പ്രയാസം. എന്‍ജിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് കയ്യോടെ ഗ്രീന്‍കാര്‍ഡ് കൊടുക്കുന്ന കാലമാണ്. എന്നാൽ രാജ്യസ്‌നേഹിയായ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. അദ്ദേഹം രൂപംകൊടുത്ത  വികാസ് സാങ്കേതികവിദ്യ ഇന്നും ഉപയോഗിക്കുന്നു. ലോകത്തിലേറ്റവും ചെലവ് കുറഞ്ഞ ബഹിരാകാശ പര്യവേക്ഷണത്തിനു അത് ഇന്ത്യയെ പ്രാപ്തമാക്കി.

നമ്പി നാരായണനെ മഹത്വവത്കരിക്കുകയല്ല സിനിമയെന്ന് മാധവന്‍ പറഞ്ഞു. തെറ്റുകുറ്റങ്ങളുള്ള സാധാരണ വ്യക്തിയായാണ് അദ്ദേഹത്തെ അവതരിപ്പിക്കുന്നത്. ചാരക്കേസ് മാത്രമല്ല റൊമാന്‍സും വിഷയമാക്കുന്നതാണ് ചിത്രം. ആട്ടവും പാട്ടും ഇല്ലാതെയുള്ള റൊമാന്‍സ് പുതിയ തലമുറയ്ക്ക് അത്ര പരിചിതമല്ലായിരിക്കാം. പക്ഷെ അങ്ങനെയും റൊമാൻസ് ആകാം എന്ന് സിനിമ തെളിയിക്കും. നൃത്തം ഇല്ലെങ്കിലും സിനിമയില്‍ ഗാനങ്ങളുണ്ട്.

തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ഒരേസമയം സിനിമ ചിത്രീകരിച്ചത്. ഒരു രംഗം ഒരു ഭാഷയില്‍ ചിത്രീകരിച്ചശേഷം മറ്റേ ഭാഷയില്‍ വീണ്ടും എടുക്കും. ഡബ്ബിംഗ് അല്ല എന്ന് അര്‍ത്ഥം. എന്നാല്‍ മലയാളം അടക്കം  ദക്ഷിണേന്ത്യന്‍ ഭാഷകളിലേക്ക് സിനിമ മൊഴിമാറ്റിയിട്ടുണ്ട്. അതിനാല്‍ ഇഷ്ടമുള്ള ഭാഷയില്‍ സിനിമ കാണാന്‍ മാധവന്‍ അഭ്യര്‍ഥിക്കുന്നു.

യാഥാര്‍ത്ഥ്യത്തോട് പൂര്‍ണമായും നീതിപുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും മാധവന്‍ പറഞ്ഞു. നമ്പി നാരായണന്റെ പല പ്രായം  അവതരിപ്പിച്ച താന്‍ വണ്ണംവയ്ക്കുകയും കുറയ്ക്കുകയും ചെയ്തു. താടിയും മുടിയും വെളുപ്പിക്കാന്‍ 18 മണിക്കൂര്‍ വരെ ഒരേ ഇരുപ്പില്‍ ഇരിക്കേണ്ടിവന്നു. വിഗ് ഉപയോഗിക്കാന്‍ തയാറായില്ല.

ഇത്രയധികം ത്യാഗങ്ങള്‍ സഹിക്കുന്നത് അതിശയമായി തോന്നിയെന്ന് നമ്പി നാരായണനും പറഞ്ഞു. മറ്റു സിനിമകളില്‍ അദ്ദേഹം മാധവനായിട്ടാണ് വേഷമിടുന്നത്. ഇവിടെ മറ്റൊരാളായും.

‘ബയോപിക്’ ആണെങ്കിലും റോക്കറ്റ് സയന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സിനിമയിലുണ്ട്. അത് മനസിലാക്കാന്‍ പ്രത്യേക അറിവൊന്നും ആവശ്യമില്ല.

മാലിയില്‍ നിന്ന് ചാര വനിതകള്‍ വഴി ബഹിരാകാശവിദ്യയുടെ രഹസ്യങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്താന്‍ ശ്രമിച്ചെന്നായിരുന്നു നമ്പി നാരായണനെതിരായ കുറ്റം. കസ്റ്റഡിയിലെടുത്ത അദ്ദേഹം ക്രൂരമായ മര്‍ദ്ദനത്തിനിരയായി.

പഠനവും ജോലിയുമായി ബന്ധപ്പെട്ട് നമ്പി നാരായണന്‍ പോയ   രാജ്യങ്ങളിലെല്ലാം ചിത്രീകരണം നടത്തി. ജോര്‍ജിയ, കാനഡ, സ്‌കോട്ട്‌ലന്‍ഡ്, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. സിനിമ വലിയ അവാര്‍ഡുകള്‍ വാരിക്കൂട്ടുമെന്ന് നമ്പി നാരായണന്‍ പറഞ്ഞു.

ഒരാളോട് ചെയ്ത തെറ്റ് ഒരു രാജ്യത്തോട് ചെയ്ത തെറ്റായി മാറിയെന്ന് മാധവന്‍ ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം നേടിയവരുണ്ട്. അവരെപ്പറ്റി സിനിമ എടുക്കാം. എന്നാല്‍ പ്രതിഭ ചവിട്ടിമെതിക്കപ്പെട്ട ജീനിയസിന്റെ കഥയാണ് താന്‍ തെരഞ്ഞെടുത്തത്.

ശാരീരിക പീഡനത്തേക്കാള്‍ മാനസിക പീഡനമായിരുന്നു അസഹനീയമെന്ന് നമ്പി നാരായണന്‍ പറഞ്ഞു. ആദ്യം പിന്തുണയ്ക്കാന്‍ ആരും തയാറായില്ല. കുറച്ച് സത്യം കാണുമെന്ന് പലരും കരുതി. തുടര്‍ന്ന്  നീണ്ട പോരാട്ടത്തിലൂടെയാണ് സത്യം തെളിയിച്ചത് .

ഫെസ്റ്റിവലില്‍ സിനിമ കണ്ടവര്‍ അവസാനം എഴുന്നേറ്റ് നിന്ന്  ദീർഘനേരം കയ്യടിച്ചത് അവിസ്മരണീയമായ അനുഭവമായിരുന്നെന്ന് നമ്പി നാരായണന്‍ പറഞ്ഞു. ഈ സിനിമയ്ക്ക് ഒരു സന്ദേശമുണ്ട്. 27 വര്‍ഷമാണ് താന്‍ നീതിക്കുവേണ്ടി പോരാടിയത്. നിങ്ങളുടെ ഭാഗം സത്യമെന്ന് ഉറച്ചു വിശ്വസിക്കുന്നെങ്കില്‍ അതിനായി അവിരാമം പോരാടണം. അത് വിജയം കാണുമെന്നതാണ് തനിക്ക് ഈ സിനിമ വഴി നല്‍കാനുള്ള സന്ദേശം.

അഭിനയ ജീവിതം 24 വര്‍ഷം പിന്നിടുമ്പോഴും കോളജ്  കാന്റീനിലെ കുട്ടി എന്ന ഇമേജ് നിലനിര്‍ത്താന്‍ തനിക്ക് കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് മാധവന്‍ പറഞ്ഞു. ഈ സിനിമയില്‍ ഏറ്റവും വിഷമംപിടിച്ച കാര്യം 29 വയസുമുതല്‍ 79 വയസുവരെയുള്ള ജീവിതം ചിത്രീകരിക്കുന്നതിനുള്ള വേഷപ്പകര്‍ച്ചയായിരുന്നു. കറുത്ത താടിയില്‍ തുടങ്ങി നര കയറിയ താടിയും ആകെ വെളുത്ത താടിയും മുടിയുമായിട്ടുള്ള മാറ്റം എളുപ്പമായിരുന്നില്ല. എങ്കിലും യാഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്താന്‍ ശ്രമിച്ചു.

സിനിമ കണ്ടപ്പോള്‍ ഏറെ വികാരവിക്ഷോഭമുണ്ടായതായി നമ്പി നാരായണന്‍ പറഞ്ഞു. അനുഭവിച്ച ദുരിതങ്ങള്‍ വീണ്ടും അനുഭവിക്കുന്നതായി തോന്നി. ആരാണത് ആഗ്രഹിക്കുക?

പേര് ശാസ്ത്രവുമായി ബന്ധപ്പെട്ടതായിരിക്കണമെന്ന്  തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് മാധവന്‍ പറഞ്ഞു. അതിനാലാണ്  റോക്കറ്ററി-ദി നമ്പി എഫെക്ട് എന്ന പേര് സ്വീകരിച്ചത്.  രണ്ട് സന്ദേശങ്ങളാണ് തനിക്ക് നല്‍കാനുള്ളത്. ഒന്ന് രാജ്യസ്‌നേഹത്തിന്റേത്. ഭാരത് മാതാ വിളിക്കുന്നവര്‍ മാത്രമല്ല നിശബ്ദമായി പ്രവര്‍ത്തിക്കുന്നവരും രാജ്യസ്‌നേഹികളാണ്. രണ്ടാമത്തേത് നമ്മുടെ സിനിമകള്‍ പലതും പഴയകാലത്തെ നേട്ടങ്ങളും കഥകളും അവതരിപ്പിക്കുന്നവയാണ്. എന്നാല്‍ ഇന്ന് എത്രയോ വലിയ നേട്ടങ്ങള്‍ കൈവരിച്ചവരുണ്ട്. അവരേയും അവതരിപ്പിക്കണമെന്ന സന്ദേശവുമുണ്ട്.

പല കാര്യങ്ങളിലും തന്റെ നേട്ടങ്ങള്‍ തന്റേതെന്ന് പറയാന്‍ നമ്പി നാരായണന്‍ തയാറായില്ല. ജോലിയുടെ ഭാഗമായി ചെയ്ത കാര്യങ്ങളാണ് അവയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

സിനിമ തന്റെ ജീവിതത്തോട് നീതി പുലര്‍ത്തിയെന്ന് നമ്പി നാരായണന്‍ ഏഷ്യാനെറ്റിലെ ഡോ. കൃഷ്ണ കിഷോറിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സിനിമ കണ്ടപ്പോള്‍ താന്‍തന്നെ വീണ്ടും ആ കാലഘട്ടത്തിലൂടെ കടന്നുപോകുന്നതായി തോന്നി. അത് സിനിമയാണെന്ന് കരുതാനായില്ല.

ചാരക്കഥയുണ്ടാക്കുന്നതില്‍ മീഡിയ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് നമ്പി നാരായണന്‍ പറഞ്ഞു. നമ്പി നാരായണന്റെ സൗന്ദര്യവും ചാരക്കേസില്‍ ഒരു പങ്കുവഹിച്ചിട്ടുണ്ടെന്ന് മാധവന്‍ പൊതുജനങ്ങളുമായുള്ള സംവാദത്തില്‍ പറഞ്ഞു. ഇത്രയും സുന്ദരനായ ഒരാള്‍ക്ക് പരസ്ത്രീബന്ധം എങ്ങനെ ഇല്ലാതിരിക്കും എന്നും അവര്‍ ചിന്തിച്ചിരിക്കാം.

സിനിമയുടെ സ്‌ക്രിപ്റ്റ് തയാറാക്കാന്‍ താന്‍ ഏഴുമാസമെടുത്തു. വികാസ് എന്‍ജിന്റെ സാങ്കേതിക വിദ്യയുടെ പിതാവാൻ നമ്പി നാരായണൻ. അത് ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ഇപ്പോഴും ഉപയോഗത്തിലുണ്ട്.

ചാരക്കേസ് നടക്കുന്നത് തൊണ്ണൂറുകളിലാണെങ്കിലും അര നൂറ്റാണ്ട് മുമ്പുള്ള ജീവിതവും സിനിമയില്‍ ചിത്രീകരിക്കുന്നതായി മാധവന്‍ പറഞ്ഞു. അക്കാലത്തെ പ്രിൻസ്റ്റൻ ഒക്കെ സിനിമയിലുണ്ട്.

ആരെയെങ്കിലും കുറ്റപ്പെടുത്താനോ, ആർക്കെതിരെയെങ്കിലും വിരല്‍ ചൂണ്ടാനോ സിനിമയില്‍ ശ്രമിച്ചിട്ടില്ല.

നാമത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നാമം സാരഥി മാധവന്‍ ബി. നായര്‍, കെ.എച്ച്.എന്‍.എ പ്രസിഡന്റ് ജി.കെ. പിള്ള, ഫൊക്കാന നേതാവ് പോള്‍ കറുകപ്പള്ളി തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. കെ.എച്ച്.എന്‍.എയുടെ ഹൂസ്റ്റണ്‍ കണ്‍വന്‍ഷനില്‍ ഇരുവരും പങ്കെടുക്കുമെന്ന് ജി.കെ. പിള്ള പറഞ്ഞു. രഞ്ജിത് പിള്ളയായിരുന്നു മോഡറേറ്റര്‍.

ന്യൂജേഴ്‌സി സെനറ്റര്‍ വിന്‍ ഗോപാൽ  ഇരുവരേയും  സ്റ്റേറ്റ് സെനറ്റും ഹൗസും ആദരിക്കുന്നതായുള്ള പ്രൊക്ലമേഷന്‍ നല്‍കി. ഇരുവരുടേയും നേട്ടങ്ങള്‍ പ്രൊക്ലമേഷനില്‍ ചൂണ്ടിക്കാട്ടി. ഡോ. രേഖാ മേനോനാണ് പ്രൊക്ലമേഷൻ നൽകുന്നതിന് മുൻ കൈ എടുത്തത്

ഇനി ഒരു നമ്പി നാരായണൻ ഉണ്ടാവരുത്: സന്ദേശവുമായി 'റോക്കട്രി: ദി നമ്പി എഫക്ട്സ്'  വരുന്നു ഇനി ഒരു നമ്പി നാരായണൻ ഉണ്ടാവരുത്: സന്ദേശവുമായി 'റോക്കട്രി: ദി നമ്പി എഫക്ട്സ്'  വരുന്നു ഇനി ഒരു നമ്പി നാരായണൻ ഉണ്ടാവരുത്: സന്ദേശവുമായി 'റോക്കട്രി: ദി നമ്പി എഫക്ട്സ്'  വരുന്നു ഇനി ഒരു നമ്പി നാരായണൻ ഉണ്ടാവരുത്: സന്ദേശവുമായി 'റോക്കട്രി: ദി നമ്പി എഫക്ട്സ്'  വരുന്നു ഇനി ഒരു നമ്പി നാരായണൻ ഉണ്ടാവരുത്: സന്ദേശവുമായി 'റോക്കട്രി: ദി നമ്പി എഫക്ട്സ്'  വരുന്നു ഇനി ഒരു നമ്പി നാരായണൻ ഉണ്ടാവരുത്: സന്ദേശവുമായി 'റോക്കട്രി: ദി നമ്പി എഫക്ട്സ്'  വരുന്നു 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular