Thursday, April 25, 2024
HomeIndiaകൊവിഡ് സംബന്ധിച്ച വ്യാജ പ്രചാരണങ്ങള്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയെന്ന് പഠനം

കൊവിഡ് സംബന്ധിച്ച വ്യാജ പ്രചാരണങ്ങള്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയെന്ന് പഠനം

38 രാജ്യങ്ങളിലായി കൊവിഡ് 19 സംബന്ധിച്ച് പ്രചരിക്കുന്ന 9657 വ്യാജ വിവരങ്ങളുടെ ഉറവിടം സംബന്ധിച്ച പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. സമൂഹമാധ്യമങ്ങളാണ് ഇത്തരം വ്യാജപ്രചാരണങ്ങളുടെ പ്രധാന വേദിയാവുന്നത്. തെറ്റായ പ്രചാരണങ്ങളുടെ 85 ശതമാനവും സമൂഹമാധ്യമങ്ങളിലൂടെയാണ് നടക്കുന്നത്

ലോകത്തില്‍ കൊവിഡ് സംബന്ധിച്ച വ്യാജവിവരങ്ങളുടെ പ്രധാന ഉറവിടമായി ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. മഹാമാരിയുടെ ഒന്നരവര്‍ഷക്കാലത്ത് കൊവിഡ് 19 സംബന്ധിയായ തെറ്റായ വിവരങ്ങളുടെ പ്രചാരണത്തിലും ഉല്‍ഭവത്തിലും ഇന്ത്യയാണ് മുന്നിലുള്ളത്. പുറത്തുവരുന്ന ആറ് തെറ്റായ വിവരങ്ങളില്‍ ഒന്ന് ഇന്ത്യയില്‍ നിന്നാണെന്നാണ് സേജിന്‍റെ ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ലൈബ്രറി അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്.

138 രാജ്യങ്ങളിലായി കൊവിഡ് 19 സംബന്ധിച്ച് പ്രചരിക്കുന്ന 9657 വ്യാജ വിവരങ്ങളുടെ ഉറവിടം സംബന്ധിച്ചാണ് കാനഡയിലെ ആല്‍ബെര്‍ട്ടാ സര്‍വ്വകലാശാലയുമായി ചേര്‍ന്നുള്ള പഠനം നടന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ പ്രചരിച്ച ഇംഗ്ലീഷ്, ഇംഗ്ലീഷേതര പ്രചാരണങ്ങള്‍ സംബന്ധിച്ചായിരുന്നു പഠനം നടന്നത്. അന്തര്‍ദേശീയ വസ്തുതാ പരിശോധക ഏജന്‍സികളില്‍ നിന്നാണ് പ്രചാരണങ്ങള്‍ സംബന്ധിച്ച വിവര ശേഖരണം നടന്നത്. സമൂഹമാധ്യമങ്ങളാണ് ഇത്തരം വ്യാജപ്രചാരണങ്ങളുടെ പ്രധാന വേദിയാവുന്നത്. തെറ്റായ പ്രചാരണങ്ങളുടെ 85 ശതമാനവും സമൂഹമാധ്യമങ്ങളിലൂടെയാണ് നടക്കുന്നത്.

രാജ്യങ്ങളുടെ കണക്കിലേക്ക് വരുമ്പോള്‍ കൊവിഡ് വ്യാജ പ്രചാരണങ്ങളില്‍ ഒന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. വ്യാജവിവരങ്ങളില്‍ 18 ശതമാനവും ഇന്ത്യയാണ് ഉറവിടമായിട്ടുള്ളത്. 9 ശതമാനത്തോടെ രണ്ടാം സ്ഥാനത്ത് ബ്രസീലും 8.6 ശതമാനത്തോടെ അമേരിക്കയുമാണ് മൂന്നാം സ്ഥാനത്തുള്ളത്. ഡിജിറ്റല്‍ വിവരങ്ങള്‍ സംബന്ധിച്ച ധാരണക്കുറവാണ് ഇത്തരം തെറ്റായ പ്രചാരണം വിശ്വസിക്കാന്‍ കാരണമാകുന്നതെന്നാണ് പഠനം വിശദമാക്കുന്നത്.  കൊവിഡ് മരണങ്ങള്‍ ഉയരുന്നതിന് ആനുപാതികമായി വ്യാജ വിവരങ്ങളുടെ പ്രചാരണത്തിലും ഉയര്‍ച്ചയുണ്ടായതായും പഠനം വിശദമാക്കുന്നു.

കൊവിഡ് വ്യാജ പ്രചാരണങ്ങളിലും കൊവിഡ് മരണങ്ങളിലും ആദ്യ സ്ഥാനങ്ങളിലുള്ളത് ഇന്ത്യ, അമേരിക്ക, ബ്രസീല്‍, സ്പെയിന്‍, ഫ്രാന്‍സ്, ടര്‍ക്കി, കൊളംബിയ, അര്‍ജന്‍റീന, ഇറ്റലി, മെക്സിക്കോ എന്നീ രാജ്യങ്ങളാണ്. 2020 മാര്‍ച്ച് മുതല്‍ ജൂലൈ വരെയാണ് ഏറ്റവുമധികം വ്യാജ പ്രചാരണം കൊവിഡ് സംബന്ധിയായി നടന്നത്. കൊവിഡ് 19 വാക്സിന്‍ ശരീരത്തില്‍ കാന്തിക വസ്തുക്കളെ ഉരുവാക്കുന്നുവെന്നും, മൂക്കില്‍ നാരങ്ങാവെള്ളം ഒഴിച്ചാല് കൊറോണ വൈറസ് നശിക്കുമെന്നും, ഏലക്ക , കര്‍പ്പൂരം, ചോളം എന്നിവ പോക്കറ്റില്‍ സൂക്ഷിക്കുന്നത് കൊറോണയെ തുരത്തുമെന്നും അടക്കമുള്ള പ്രചാരണങ്ങളും ഇക്കൂട്ടത്തില്‍ പെടുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular