Thursday, April 25, 2024
HomeEuropeപുടിന്റെ ആരോഗ്യാവസ്ഥ; മാധ്യമ വാര്‍ത്തകള്‍ക്ക് തലകൊടുക്കാതെ റഷ്യ

പുടിന്റെ ആരോഗ്യാവസ്ഥ; മാധ്യമ വാര്‍ത്തകള്‍ക്ക് തലകൊടുക്കാതെ റഷ്യ

മോസ്കോ: യുക്രെയ്ന്‍ അധിനിവേശം തുടങ്ങിയതിനുപിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനു പിന്നാലെയാണ് പാപ്പരാസി മാധ്യമങ്ങള്‍.

പുടിന്‍ ഉണ്ണുന്നതും ഉറങ്ങുന്നതും അവര്‍ക്ക് വാര്‍ത്തയാണ്. ദീര്‍ഘായുസിനായി സൈബീരിയന്‍ മാനിന്റെ രക്തം ചേര്‍ത്ത വെള്ളത്തിലാണ് പുടിന്‍ കുളിക്കുകയെന്ന് വരെ കിംവദന്തിയുണ്ട്. സൈബീരിയക്കാരനായ സുഹൃത്തും റഷ്യന്‍ പ്രതിരോധമന്ത്രിയുമായ സെര്‍ജി ഷൊയ്ഗു ആണത്രെ പുടിന് ഈ രഹസ്യം പറഞ്ഞുകൊടുത്തതത്രെ.

അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചാണ് അന്താരാഷ്ട്രലോകം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച​ചെയ്യുന്നത്. എന്നാല്‍ ഈ വാര്‍ത്തകളൊന്നും സ്ഥിരീകരിക്കാന്‍ ഒരു വഴിയുമില്ല. വരുന്ന ഒക്ടോബറില്‍ പുടിന് 70 വയസ് തികയും. യൂ​റോപ്പിന്റെ തലവിധി നിര്‍ണയിക്കാന്‍ പോന്ന കാര്യമായിട്ടും പുടിന്റെ ആരോഗ്യനിലയെ കുറിച്ച്‌ യഥാര്‍ഥത്തില്‍ ഒരുചുക്കും മാധ്യമങ്ങള്‍ക്ക് അറിയില്ല. എങ്ങുനിന്നൊക്കെയോ ലഭിക്കുന്ന വിവരങ്ങള്‍ വെച്ച്‌ അവ വാര്‍ത്തകള്‍ പടച്ചുവിടുന്നു.

കഴിഞ്ഞ ഏപ്രിലില്‍ തെക്കന്‍ റഷ്യയിലെ റിസോര്‍ട്ട് നഗരമായ സോചിയിലേക്കുള്ള യാത്രയില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ അകമ്ബടി പോയപ്പോഴാണ് പുടിന് ഗുരുതര രോഗമാണെന്ന രീതിയില്‍ റിപ്പോര്‍ട്ട് പ്രചരിച്ചത്. റഷ്യയിലെ സ്വതന്ത്രവാര്‍ത്ത വെബ്സൈറ്റ് ആയ പ്രൊയക്തിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ആദ്യം വന്നത്.

ഏതാനും വര്‍ഷങ്ങളായി അപൂര്‍വമായി മാത്രമേ പുടിന്‍ പൊതുജനങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടിരുന്നുള്ളു. ഡോക്ടര്‍ സംഘത്തില്‍ തൈറോയ്ഡ് കാന്‍സര്‍ വിദഗ്ധനും ഉണ്ടായിരുന്നു. യു.എസ് ഇന്റലിജന്‍സിനെ ഉദ്ധരിച്ച്‌ ഏപ്രിലില്‍ പുടിന്‍ അര്‍ബുദത്തിന് ചികിത്സ തേടിയതായി യു.എസ് മാധ്യമം പുറത്തുവിട്ടു. എന്നാല്‍ യു.എസ് നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഇതു തള്ളിക്കളഞ്ഞു.

സ്കൈ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ തെളിവുകളൊന്നും നല്‍കാതെ തന്നെ യു​ക്രെയ്ന്‍ സൈനിക ഇന്റലിജന്‍സ് മേധാവി മേജര്‍ ജനറല്‍ കിരിലോ ബുഡനോവ് അടുത്തിടെ പുടിന് അര്‍ബുദമാണെന്ന് അവകാശപ്പെടുകയുണ്ടായി. ഒരേയൊരു തവണ മാത്രമേ പുടിന് ആരോഗ്യപ്രശ്നമുള്ള കാര്യം ക്രെംലിന്‍ സമ്മതിച്ചിട്ടുള്ളൂ. 2012ലെ വീഴ്ചക്കിടെ പുടിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നായിരുന്നു അത്. എന്നാല്‍ അന്നുതൊട്ടാണ് പുടിന് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് പ്രൊയക്ത് ആരോപിക്കുന്നു.

കോവിഡ് മഹാമാരി രൂക്ഷമായ കാലത്തും മറ്റ് രാഷ്ട്രത്തലവന്‍മാര്‍ വാക്സിന്‍ സ്വീകരിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോള്‍ പുടിന്‍ തിരശ്ശീലക്ക് പിന്നിലായിരുന്നു. അദ്ദേഹം വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് റഷ്യ പറയുന്നത്. കോവിഡ് കാലത്ത് പുടിനുമായി അടുത്ത ബന്ധമുള്ള മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കു പോലും കടുത്ത നിയന്ത്രണങ്ങളാണ് അദ്ദേഹത്തെ കാണാന്‍ ഏര്‍പ്പെടുത്തിയത്.

ഈ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ പോലുള്ള മറ്റ് ലോകരാഷ്ട്രത്തലവന്‍മാര്‍ തയാറായില്ല. അതിനാല്‍ കൂടിക്കാഴ്ച നടക്കുമ്ബോള്‍ ഇവരുമായി പുടിന്‍ വളരെ അകലംപാലിച്ചതും ശ്രദ്ധിക്കപ്പെട്ടു. റഷ്യ നിര്‍ദേശിച്ച ക്വാറന്റീനടക്കമുള്ള കോവിഡ് നി​ര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച അര്‍മീനിയന്‍ പ്രധാനമന്ത്രി നികോള്‍ പഷ്നിയാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുടിന്‍ ഹസ്തദാനം നല്‍കി. ആലിംഗനം നല്‍കി അവരെ യാത്രയാക്കുകയും ചെയ്തു. പലപ്പോഴും പുടിന്റെ അധ്യക്ഷതയിലുള്ള ഉന്നത ബിസിനസ് സമ്മേളനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാണ് ചേര്‍ന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular