Saturday, April 20, 2024
HomeIndiaഅശോക് ഗെലോട്ടിന്‍റെ സഹോദരന്‍റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്; പകപോക്കല്‍ രാഷ്ട്രീയമെന്ന് കോണ്‍ഗ്രസ്

അശോക് ഗെലോട്ടിന്‍റെ സഹോദരന്‍റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്; പകപോക്കല്‍ രാഷ്ട്രീയമെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ സഹോദരന്‍ അഗ്രസെന്‍ ഗെലോട്ടിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്.

അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. അഗ്രസെന്‍ ഗെലോട്ടിന്റെ ഓഫീസിലും സി.ബി.ഐ സംഘം പരിശോധന നടത്തി.

വളം കയറ്റുമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഇതിനകം അഗ്രസെന്‍ ഗെലോട്ടിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. 2007ലും 2009ലും വന്‍തോതില്‍ വളം അനധികൃതമായി കയറ്റുമതി ചെയ്തെന്നാണ് ഇ.ഡിയുടെ ആരോപണം.

വളം കയറ്റുമതി കേസില്‍ സറഫ് ഇംപെക്‌സിനും മറ്റുള്ളവര്‍ക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരം ഇ.ഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഗ്രസെന്‍ ഗെലോട്ടിന്റെ ഉടമസ്ഥതയിലുള്ള അനുപം കൃഷി എന്ന സ്ഥാപനം സറഫ് ഇംപെക്‌സ് വഴി പൊട്ടാഷ് കയറ്റുമതി ചെയ്‌തെന്നാണ് ആരോപണം. രാജസ്ഥാനിലെ കര്‍ഷകര്‍ക്ക് വേണ്ടിയുള്ള വളമാണിതെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

ഇത് പകപോക്കല്‍ രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു- “ഇത് എല്ലാ അതിരുകളും ലംഘിക്കുന്ന പകപോക്കല്‍ രാഷ്ട്രീയമാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹിയില്‍ നടന്ന പ്രതിഷേധങ്ങളില്‍ അശോക് ഗെലോട്ടാണ് മുന്‍നിരയില്‍ ഉണ്ടായിരുന്നത്. ഇതാണ് മോദി സര്‍ക്കാരിന്റെ പ്രതികരണം. ഞങ്ങള്‍ നിശബ്ദരാകില്ല”- രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യംചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം ചൂണ്ടിക്കാട്ടി ജയറാം രമേശ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular