കോഴിക്കോട്: മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനും എതിരായ വിമര്‍ശനം അതിരുകടന്ന് അധിക്ഷേപമായി മാറിയതിനാലാണ് നടന് ഹരീഷ് പേരടിയെ ശാന്തനോര്‍മ നാടകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍നിന്ന് ഒഴിവാക്കിയതെന്ന് പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി യു.
ഹേമന്ത് കുമാര്‍. വലതുപക്ഷത്തിനൊപ്പം നില്ക്കുന്ന തരത്തില്‍ ഹരീഷ് പേരടി പെരുമാറുകയാണെന്നും പു.ക.സ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ അശ്ലീല ഭാഷയിലാണ് ഫേസ്ബുക്കിലൂടെ ഹരീഷ് പേരടി പ്രതികരിച്ചതെന്നും പു.ക.സ ആരോപിച്ചു. കറുത്ത മാസ്ക് വിഷയത്തിലടക്കം മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും പരിഹസിച്ച് ഹരീഷ് നടത്തിയ പ്രതികരണങ്ങളാണ് പു.ക.സയെ ചൊടിപ്പിച്ചത്. എ. ശാന്തകുമാര്‍ അനുസ്മരണത്തില്‍ ഹരീഷ് പേരടിയായിരുന്നു ഉദ്ഘാടകന്‍. കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുക്കാനായി കോയമ്ബത്തൂരിലെ സിനിമാ ലൊക്കേഷനില്‍നിന്ന് അനുവാദം ചോദിച്ചു കോഴിക്കോട്ടേക്ക് വരുംവഴിയാണ്, പ്രത്യേക രാഷ്ര്ടീയ സാഹചര്യത്തില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് സംഘാടകര്‍ ഹരീഷിനെ അറിയിച്ചത്.
സര്‍ക്കാരിനെ വിമര്‍ശിച്ച് ഹരീഷ് ഫേസ്ബുക്കില്‍ തുടര്‍ച്ചയായി പോസ്റ്റ് ഇട്ടിരുന്നു.
മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്കിന് വിലക്കേര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കറുത്ത മാസ്ക് ധരിച്ച ഫോട്ടോയും ഹരീഷ് പങ്കുവെച്ചിരുന്നു. രണ്ട് ദിവസത്തേക്ക് എങ്കിലും കറുത്ത കുപ്പായവും കറുത്ത മാസ്ക്കും ധരിക്കുക…ഇത് പേടിതൂറിയനായ ഒരു ഫാസിസ്റ്റിനു നേരെയുള്ള പ്രതിഷേധമാണ് എന്ന കുറിപ്പോടെയായിരുന്നു ഹരീഷിന്റെ പോസ്റ്റ്. ഇതിന് പിന്നാലെ ഹരീഷിനെതിരെ സി.പി.എം നേതാക്കളും രംഗത്തെത്തിയിരുന്നു.