Saturday, April 20, 2024
HomeIndia'തീയണക്കാന്‍' സംവരണം: അഗ്നിവീരര്‍ക്ക് സി.എ.പി.എഫിലും അസം റൈഫിള്‍സിലും 10 ശതമാനം സംവരണം നല്‍കുമെന്ന് കേന്ദ്രം

‘തീയണക്കാന്‍’ സംവരണം: അഗ്നിവീരര്‍ക്ക് സി.എ.പി.എഫിലും അസം റൈഫിള്‍സിലും 10 ശതമാനം സംവരണം നല്‍കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: അഗ്നിപഥില്‍ രാജ്യ വ്യാപകമായി ഉയരുന്ന പ്രതിഷേധം തണുപ്പിക്കാന്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്രം.

അഗ്നിവീരര്‍ക്ക് കേന്ദ്ര സായുധ ​പൊലീസിലും(സി.എ.പി.എഫ്) അസം റൈഫിള്‍സിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. നാലുവര്‍ഷത്തെ അഗ്നിപഥ് പദ്ധതി വഴി സൈനിക സേവനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്കാണ് (അഗ്നിവീരര്‍) സംവരണമുള്ളത്. പൊലീസിലേക്കും അസം റൈഫിള്‍സിലേക്കും അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്നുവര്‍ഷം വരെ ഇളവും അഗ്നിവീരര്‍ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ബാച്ച്‌ അഗ്നിവീരര്‍ക്ക് പ്രായ പരിധിയില്‍ അഞ്ചു വര്‍ഷം വരെ ഇളവ് നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി നടക്കുന്ന റിക്രൂട്ട്മെന്റുകളായതിനാല്‍ അഗ്നിപഥിലേക്ക് അപേക്ഷിക്കാനും ഉയര്‍ന്ന പ്രായ പരിധിയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. 21 വയസെന്നത് 23 ആക്കിയായിരുന്നു ഉയര്‍ത്തിയിരുന്നത്. ഇങ്ങനെ സൈനിക സേവനത്തിനെത്തുന്നവരെ കൂടി മുന്നില്‍ കണ്ടാണ് ആദ്യ ബാച്ചിന് പൊലീസിലേക്കും അസം റൈഫിള്‍സിലേക്കും അഞ്ചുവര്‍ഷം വരെ വയസിളവ് നല്‍കിയത്.

പദ്ധതിക്കെതിരെ ബിഹാര്‍, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ്, തെലങ്കാന എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളി പ്രതിഷേധമുയര്‍ന്നിരുന്നു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിനിടെ തെലങ്കാനയിലെ സെക്കന്തരാബാദില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ 19 കാരന്‍ മരിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധക്കാന്‍ 12 ഓളം ട്രെയിനുകള്‍ കത്തിക്കുകയും റെയില്‍വെ ട്രാക്കുകള്‍ തീയിടുകയും പൊതുമുതലുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

പദ്ധതി സംബന്ധിച്ച്‌ നേരത്തെ വിവരങ്ങള്‍ പുറത്തു വിട്ടിരുന്നെങ്കിലും അന്നൊന്നും പ്രതിഷേധങ്ങള്‍ ഉണ്ടാവുകയോ പ്രതിപക്ഷം എതിര്‍ക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ പദ്ധതി പ്രഖ്യാപിച്ച്‌ ഒരു ദിവസം കഴിഞ്ഞതോടെയാണ് പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം രൂക്ഷമായതോടെ പദ്ധതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികും രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരെ തണുപ്പിക്കുന്നതിന്റെ ഭാഗാമയി പദ്ധതിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഒറ്റത്തവണത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നെങ്കിലും അതൊന്നും പ്രതിഷേധം ശമിപ്പിക്കാന്‍ പര്യാപ്തമായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular