Friday, April 19, 2024
HomeIndiaറിക്രൂട്ട്‌മെന്റ് വെല്ലുവിളിയാകുന്നതിന് ചില കാരണങ്ങളുണ്ട്

റിക്രൂട്ട്‌മെന്റ് വെല്ലുവിളിയാകുന്നതിന് ചില കാരണങ്ങളുണ്ട്

ന്യൂഡല്‍ഹി: കേന്ദ്ര സായുധ പൊലീസ് സേനയില്‍ (സിഎപിഎഫ്) അഗ്നിവീറുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത്.

എന്നാല്‍ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് അര്‍ദ്ധസൈനിക സേനയുടെ വിവിധ വിഭാഗങ്ങള്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്‌എഫ്), സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് (സിആര്‍പിഎഫ്), ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി), ശസ്ത്ര സീമ ബല്‍ (എസ്‌എസ്ബി), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി(സിഐഎസ്‌എഫ്) എന്നീ അഞ്ച് വിഭാഗങ്ങളിലായി നിലവില്‍ 73,000 തസ്തികകളില്‍ ഒഴിവുകളുണ്ട്.

സിഎപിഎഫിലും അസാം റൈഫിള്‍സിലും 73,219 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ കേന്ദ്രഭരണ പ്രദേശങ്ങളിലെ പൊലീസ് സേനയില്‍ 18,124 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്.

എന്നാല്‍ ‘അഗ്നിവീറുകളെ’ എക്സ് സര്‍വീസ്‌മെന്‍ കാറ്റഗറി റൂള്‍ അനുസരിച്ചാണോ അതോ മറ്റെന്തെങ്കിലും നിയമപ്രകാരമാണോ നിയമിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്‌ സിഎപിഎഫുകളില്‍ വിമുക്തഭടന്മാര്‍ക്ക് 10 ശതമാനം സംവരണമുണ്ട്. ‘അഗ്നിവീറുകള്‍ ഈ വിഭാഗത്തില്‍പ്പെടുകയാണെങ്കില്‍പ്പോലും, അവരോട് ഒരിക്കല്‍ കൂടി പരിശീലനത്തിന് വിധേയരാകാന്‍ ആവശ്യപ്പെടും. കാരണം സിഎപിഎഫുകളുടെ പ്രവര്‍ത്തനം വ്യത്യസ്തമാണ്’.- അധികൃതര്‍ വ്യക്തമാക്കി.

ഐടിബിപി, ബി എസ് എഫ്,എസ്‌എസ്ബി, സിഐഎസ്‌എഫ് എന്നിവയിലെ ജവാന്‍മാര്‍ക്ക് ബോര്‍ഡര്‍ പട്രോളിംഗ്, മയക്കുമരുന്നടക്കമുള്ള കള്ളക്കടത്ത് നിരീക്ഷിക്കല്‍, തിരഞ്ഞെടുപ്പുകളിലും പ്രതിഷേധങ്ങളിലും ക്രമസമാധാനപാലനം, വിവിഐപി സുരക്ഷ, മെട്രോകളിലും വിമാനത്താവളങ്ങളിലും യാത്രക്കാരെ പരിശോധിക്കല്‍ തുടങ്ങി വ്യത്യസ്ത ചുമതലകളുണ്ട്. ഇവ സായുധ സേനയുടെ ഭാഗമാണ്.

‘അഗ്നിവീറുകളെ’ ആത്മവിശ്വാസത്തോടെയും ഊര്‍ജസ്വലതയോടെയും നിലനിര്‍ത്തുന്നത് ഒരു വെല്ലുവിളിയാണ്. കാരണം സൈന്യത്തില്‍ സേവനമനുഷ്ഠിച്ചതിന് ശേഷം അവര്‍ ഒരു ചെറിയ പാരാ മിലിട്ടറി സേനയില്‍ ചേരാന്‍ നിര്‍ബന്ധിതരാകും. അതിനാല്‍ത്തന്നെ റിക്രൂട്ട് ചെയ്യുന്നവരുടെ മനഃശാസ്‌ത്രപരമായ വശവും കൂടി പരിഗണിക്കണമെന്ന് അര്‍ദ്ധസൈനിക സേനയിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സിഎപിഎഫുകളില്‍ ‘അഗ്നിവീറുകളെ’ ഉള്‍പ്പെടുത്തിയത് തികച്ചും ആശ്ചര്യകരമായിരുന്നുവെന്ന് ചില ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രഖ്യാപനത്തിന് മുന്‍പ് സേനയിലെ ഉദ്യോഗസ്ഥരുമായി സര്‍ക്കാര്‍ ചര്‍ച്ചയോ മറ്റോ നടത്തണമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, സിഎപിഎഫുകളിലെ റിക്രൂട്ട്‌മെന്റുകളുടെ ശരാശരി പ്രായം കുറയ്ക്കാന്‍ ‘അഗ്നിപഥ്’ പദ്ധതി സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ ശരാശരി റിക്രൂട്ട്‌മെന്റ് പ്രായം ഏകദേശം 28-35 ആണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular