Saturday, July 2, 2022
HomeUSAപിട്രോഡയെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയാക്കാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സോണിയയോട് അഭ്യർത്ഥിച്ചു

പിട്രോഡയെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയാക്കാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സോണിയയോട് അഭ്യർത്ഥിച്ചു

രാഷ്‌ട്രപതി സ്ഥാനത്തേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി ബഹുമുഖപ്രതിഭയായ സാം പിട്രോഡയെ നാമനിർദേശം ചെയ്യണമെന്നു പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയോട് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു എസ്, യൂറോപ്പ്, യു കെ, ഓസ്ട്രേലിയ, മിഡിൽ ഈസ്റ്റ്, കൊറിയ, തുർക്കി ഘടകങ്ങൾ സംയുക്തമായി അഭ്യർത്ഥിച്ചു.

ആഗോള തലത്തിൽ തന്നെ ആദരിക്കപ്പെടുന്ന ടെലികോം വിദഗ്ദൻ, വ്യവസായ സംരംഭകൻ, വികസന ആസൂത്രകൻ, നയരൂപീകരണ വിദഗ്ദൻ എന്നീ നിലകളിൽ പിട്രോഡയ്ക്ക് ഐ ടി മേഖലയിൽ തന്നെ ദേശീയ, രാജ്യാന്തര തലങ്ങളിൽ അര  നൂറ്റാണ്ടിലേറെ പരിചയ സമ്പത്തുണ്ട്. 1980 ൽ ആരംഭിച്ച ഇന്ത്യയുടെ ടെലികോം-സാങ്കേതിക വിപ്ലവത്തിന്റെ അടിത്തറയിട്ടത് അദ്ദേഹമാണെന്നത് അനിഷേധ്യ കാര്യമാണെന്നു ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചൂണ്ടിക്കാട്ടി.

അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഉപദേഷ്ടാവ് എന്ന നിലയിൽ പിട്രോഡ ആറോളം സാങ്കേതിക ദൗത്യങ്ങൾ നയിച്ചു. ടെലികോം, ജലം, സാക്ഷരത, രോഗ പ്രതിരോധം, ക്ഷീരോൽപാദനം, എണ്ണക്കുരു ഉത്പാദനം എന്നീ മേഖലകളിൽ.

ഇന്ത്യൻ ടെലികോം കമ്മീഷന്റെ സ്ഥാപക ചെയർമാനാണ് പിട്രോഡ. സാങ്കേതിക വിദ്യ സുഗമമായി ലഭ്യമാക്കി സാമൂഹ്യ മാറ്റം  ത്വരിതപ്പെടുത്താൻ അദ്ദേഹം ഊന്നൽ നൽകി. ഇന്ത്യയുടെ വികസന നയങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് അദ്ദേഹം കൊണ്ടു വന്നത്.

ഇന്ത്യയുടെ രണ്ടാം സാങ്കേതിക വിപ്ലവം കൊണ്ട് വരാനുള്ള ശ്രമത്തിനു 2005 ൽ പിട്രോഡ ദേശീയ വിജ്ഞാന സമിതിയുടെ ചുമതല ഏറ്റെടുത്തു. നാലു വർഷം ഈ  തസ്‌തികയിൽ പ്രവർത്തിച്ച അദ്ദേഹം വിജ്ഞാനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ 21 ആം നൂറ്റാണ്ടിനു ഒരുങ്ങിയ വിധം  പരിഷ്‌കരിക്കാനുള്ള കരട് പദ്ധതി തയാറാക്കി.

മൻമോഹൻ സിംഗ് പ്രധാനമന്ത്രി ആയിരിക്കെ, അടിസ്ഥാന സൗകര്യ വികസനവും നവീകരണവും സംബന്ധിച്ച കാര്യങ്ങളിൽ അദ്ദേഹത്തിന്റെ ഉപദേഷ്ടാവായി പിട്രോഡ ചുമതലയേറ്റത് ക്യാബിനറ്റ് മന്ത്രിയുടെ റാങ്കിലാണ്. സ്മാർട്ട് ഗ്രിഡ് ടാസ്ക് ഫോഴ്‌സ് അധ്യക്ഷൻ കൂടിയായ അദ്ദേഹം പ്രക്ഷേപണം, റയിൽവേ, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിലെല്ലാം ഉപദേഷ്ടാവായി സേവനം നൽകി.

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഇന്ത്യ ഫുഡ് ബാങ്ക്, ഗ്ലോബൽ നോളജ് ഇനിഷ്യറ്റീവ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്ഡിസിപ്ലിനറി ഹെൽത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ സ്ഥാപക ചെയർമാനാണ്.

യു എൻ ബ്രോഡ്ബാൻഡ് കമ്മീഷന്റെ സ്ഥാപകനേതാക്കളിൽ ഒരാളാണ് പിട്രോഡ. അന്താരാഷ്ട്ര ടെലികോം യൂണിയന്റെ എം-പവറിങ് ഡെവലപ്മെന്റ് ബോർഡിൽ അംഗമാണ്. വികസ്വര രാഷ്ട്രങ്ങൾക്ക് മൊബൈൽ ഫോൺ സാങ്കേതിക വിദ്യ നൽകുന്ന സ്ഥാപനമാണിത്.

ഈ സേവനങ്ങൾക്കെല്ലാം പിട്രോഡ ഒരു രൂപ പോലും പ്രതിഫലമായി വാങ്ങിയിട്ടില്ല എന്നതും  ഓർക്കേണ്ടതുണ്ട്.

യു എസിൽ പിട്രോഡ ഏതാനും സംഘടനകൾ തുടങ്ങി വച്ചു. ഇരുപതോളം ഓണററി പിഎച് ഡികൾ ഉണ്ട്. നൂറോളം ആഗോള പേറ്റന്റുകൾ. അഞ്ചു ഗ്രന്ഥങ്ങൾ രചിച്ചു.

രാഷ്‌ട്രപതി സ്ഥാനത്തേക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പിട്രോഡയെ നിർദേശിക്കുന്നത് ഏറെ അഭിമാനത്തോടെയാണ്. എല്ലാ പ്രതിപക്ഷ കക്ഷികളും അദ്ദേഹത്തെ അംഗീകരിക്കും.

പിട്രോഡ അടിയുറച്ച ഗാന്ധിയൻ കൂടിയാണെന്നു ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular