Friday, April 26, 2024
HomeIndiaമഹാരാഷ്ട്രയിൽ താക്കറെ സർക്കാരിനെതിരെ കലാപക്കൊടി ഉയർത്തി 21 എം എൽ എ മാർ

മഹാരാഷ്ട്രയിൽ താക്കറെ സർക്കാരിനെതിരെ കലാപക്കൊടി ഉയർത്തി 21 എം എൽ എ മാർ

ഭാരതീയ ജനതാ പാർട്ടിയെ മൂലയ്ക്കിരുത്തി പ്രതിപക്ഷ കക്ഷികൾ തട്ടിക്കൂട്ടിയ മഹാരാഷ്ട്ര സർക്കാർ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തി. ബി ജെ പി ആഞ്ഞു പിടിച്ചിട്ടും കുലുങ്ങാതെ നിന്ന ശിവ് സേന-കോൺഗ്രസ്-എൻ സി പി സഖ്യത്തിന്റെ സർക്കാരിനെ ഞെട്ടിച്ചു കൊണ്ട് 21 ശിവ് സേന എം എൽ എമാർ മുംബൈയിൽ നിന്ന് അപ്രത്യക്ഷരായി.

മന്ത്രി ഏക് നാഥ്‌ ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഈ സംഘം ഗുജറാത്തിലെ സൂറത്തിൽ ലെ മെറിഡിയൻ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുന്നുണ്ടെന്നാണു വിവരം. ഷിൻഡെയെ ശിവ് സേന നിയമസഭാ പാർട്ടി നേതൃസ്ഥാനത്തു നിന്ന് നീക്കം ചെയ്തു കൊണ്ടു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തിരിച്ചടിച്ചെങ്കിലും അദ്ദേഹത്തിന്റെ സർക്കാർ നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്.

നിയമസഭയിൽ അംഗബലം 288 ആണ്. ഒരു അംഗം മരിച്ച ഒഴിവുള്ളതിനാൽ 287. ഭൂരിപക്ഷത്തിനു വേണ്ടത് 144. ശിവ് സേന നയിക്കുന്ന മഹാരാഷ്ട്ര വികാസ് അഗാദിക്കു (എം വി എ) 152 അംഗങ്ങളുണ്ട്. എന്നാൽ കലാപക്കൊടി ഉയർത്തിയ 21 പേർ ചോർന്നു പോയാൽ ഭൂരിപക്ഷം നഷ്ടമാവും.

രണ്ടു ദിവസം മുൻപ് മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലേക്ക് നടന്ന വോട്ടെടുപ്പിൽ ഭരണപക്ഷത്തിനു ലഭിക്കേണ്ട ഒരു സീറ്റ് നഷ്ടമായിരുന്നു. ശിവ് സേന, കോൺഗ്രസ്, എൻ സി പി എന്നിവർ ഈരണ്ടു സഥാനാർത്ഥികളെ നിർത്തിയിരുന്നു. എന്നാൽ കോൺഗ്രസ് നേതാവ് ചന്ദ്രകാന്ത് ഹണ്ടോറെ തോറ്റു.

ബി ജെ പി യുടെ അട്ടിമറിയാണ് അതെന്നു വ്യക്തമായതിനു പിന്നാലെയാണ് ഷിൻഡെയുടെ കലാപം അരങ്ങേറിയത്. ഹിന്ദുത്വയിൽ ആണയിടുന്ന ഷിൻഡെ എങ്ങോട്ടാണ് പോകുന്നതെന്നു വ്യക്തം.

എൻ സി പി നേതാവ് എം വി എ യുടെ ശില്പിയുമായ ശരദ് പവാർ താക്കറെയ്ക്കു ആവർത്തിച്ച് പിന്തുണ അറിയിച്ചു. അദ്ദേഹം ഡൽഹിയിൽ നിന്ന് മുംബൈയിൽ രാത്രി എത്തും. 52 അംഗങ്ങളുള്ള എൻ സി പി യ്ക്ക് ഭരണത്തിൽ സുപ്രധാന പങ്കുണ്ട്.

ബി ജെ പി സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീലും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഈ സംഭവവികാസങ്ങളെ കുറിച്ച് സംസാരിക്കാൻ തയാറായില്ല. എന്നാൽ ഫഡ്‌നാവിസ് ഡൽഹിയിലേക്ക് പറന്നു കേന്ദ്ര മന്ത്രി അമിത് ഷായെ കണ്ടു.

സേനയുടെ മുഖ്യ വക്താവ് സഞ്ജയ് റാവത് എം പി കേന്ദ്ര സർക്കാരിന്റെ കുതന്ത്രങ്ങൾക്കെതിരെ ആഞ്ഞടിച്ചു. എം വി എ സർക്കാരിനെ മറിച്ചിടാൻ അവർ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular