Saturday, April 20, 2024
HomeIndia45 പേര് ഒപ്പമുണ്ടെന്ന് ശിവസേന വിമതന്‍; ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയെ കാണും

45 പേര് ഒപ്പമുണ്ടെന്ന് ശിവസേന വിമതന്‍; ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയെ കാണും

മുംബൈ: മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാറിനെ വീഴ്ത്താന്‍ തന്ത്രങ്ങള്‍ മെനയുന്ന ശിവസേന വിമതന്‍ ഏക്നാഥ ഷിന്‍ഡെ, തന്റെ കൂടെ 45 എം.എല്‍.എമാര്‍ ഒപ്പമുണ്ടെന്ന് വ്യക്തമാക്കി.

ഗുവാഹത്തി റെഡിസന്‍ ബ്ലു ഹോട്ടലില്‍ കഴിയുന്ന വിമതസംഘം, സഭ കക്ഷി നേതാവിനെ തിരഞ്ഞെടുത്ത ശേഷം ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയെ കാണും. മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണിത്. അതേസമയം, മഹാരാഷ്ട്രയുടെ അധിക ചുമതല തങ്ങള്‍ക്ക് ഇല്ലെന്ന് ഗോവ രാജ്ഭവന്‍ വ്യക്തമാക്കി.

ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് എം.എല്‍.എമാര്‍ അസമിലെ ഗുവാഹത്തിയിലെത്തിയത്. താക്കറെയുടെ ഹിന്ദുത്വയുമായി തങ്ങള്‍ മുന്നോട്ട് പോകുമെന്ന് ഗുവാഹത്തിയില്‍ എത്തിയ ഷിന്‍ഡെ വ്യക്തമാക്കി.

വിമത സ്വരമുയര്‍ത്തി ശിവസേന നേതാവും നഗരവികസന മന്ത്രിയുമായ ഏക് നാഥ് ഷിന്‍ഡെ എം.എല്‍.എമാരുമായി സ്ഥലം വിട്ടതോടെ മഹാരാഷ്ട്രയിലെ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യ മഹാവികാസ് അഗാഡി സര്‍ക്കാറില്‍ പ്രതിസന്ധി തുടരുകയാണ്. ഹിന്ദുത്വയുടെ പേരില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം ഉപേക്ഷിച്ച്‌ ബി.ജെ.പിക്കൊപ്പം സര്‍ക്കാര്‍ രൂപവത്കരിക്കണമെന്ന ആവശ്യം ഉന്നയിച്ച ഏകനാഥ് ഷിന്‍ഡെ എംഎല്‍എമാരുമായി സൂറത്തിലെ ലേ മെറിഡിയന്‍ ഹോട്ടലിലേക്കാണ് ആദ്യം മാറിയത്.

ബാല്‍താക്കറെയോട് കൂറുള്ള ശിവസൈനികനായ താന്‍ അധികാരത്തിനു വേണ്ടി ആരെയും ചതിക്കില്ലെന്നും ഷിന്‍ഡെ പറയുന്നു. എന്നാല്‍, ശിവസേനയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ച ആവശ്യം തള്ളിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഷിന്‍ഡെയെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്ന് മാറ്റി അജയ് ചൗധരിയെ പകരം നിയോഗിച്ചു.

അതിനിടെ, പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സൂറത്തിലേക്ക് അയച്ച ശിവസേന നേതാക്കള്‍ വിമത നേതാവ് ഏക് നാഥ് ഷിന്‍ഡെയെ കണ്ട് രണ്ടു മണിക്കൂര്‍ ചര്‍ച്ച നടത്തി. നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലത്തിനു തൊട്ടുപിന്നാലെ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ഏക് നാഥ് ഷിന്‍ഡെ പാര്‍ട്ടി എം.എല്‍.എമാരുമായി ഗുജറാത്തിലേക്ക് കടന്നത്.

തെരഞ്ഞെടുപ്പില്‍ ഭരണപക്ഷ എം.എല്‍.എമാര്‍ കൂറുമാറി വോട്ടു ചെയ്തതിനാല്‍ ബി.ജെ.പിയുടെ അധിക സ്ഥാനാര്‍ഥി ജയിച്ചിരുന്നു. 10 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലുപേരെ ജയിപ്പിക്കാനുള്ള വോട്ട് മാത്രമുള്ള ബി.ജെ.പി, മത്സരിപ്പിച്ച അഞ്ചുപേരും ജയിച്ചു. ബി.ജെ.പിയുടെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഡല്‍ഹിയില്‍ ചെന്ന് ദേശീയ നേതാക്കളായ അമിത് ഷാ, ജെ.പി നഡ്ഡ എന്നിവരെ കണ്ടു. ഡല്‍ഹിയിലായിരുന്ന എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ മുംബൈയിലെത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular