ഉദ്ധവ് താക്കറേയ്ക്കു ഇനി അധികം പിടിച്ചു നിൽക്കാനാവില്ല. മഹാരാഷ്ട്ര സർക്കാർ ഏതു നിമിഷവും വീഴാം. പ്രതിപക്ഷ സർക്കാരുകളെ എന്തു വില കൊടുത്തും മറിച്ചിടുക എന്ന ബി ജെ പിയുടെ ലക്ഷ്യത്തിൽ ഏറ്റവും വലിയൊരു വിജയത്തിന്റെ ഉന്മാദം നൽകുന്ന വീഴ്ചയാണ് ശിവ് സേന സർക്കാരിന്റേത്.
ശിവ് സേനയെ നേരിടുമ്പോൾ ഉണ്ടാകാവുന്ന തെരുവ് പോരാട്ടങ്ങൾ വരെ കണക്കിലെടുത്തു വളരെ സൂക്ഷിച്ചാണ് ബി ജെ പി കരുക്കൾ നീക്കിയത്. സേനാ വിമതരുടെ നേതാവായ മന്ത്രി ഏക്‌നാഥ് ഷിൻഡെ മുപ്പതോളമോ അതിലധികമോ എം എൽ എ മാരുമായി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിലേക്കു മുങ്ങിയപ്പോഴും ബി ജെ പി മൗനത്തിലായിരുന്നു. പക്ഷെ അവർ രായ്ക്കുരാമാനം അസമിലേക്കു പാഞ്ഞപ്പോൾ മറയ്ക്കാൻ കഴിയാത്ത വിധം ബി ജെ പിയുടെ പങ്കു വെളിപ്പെട്ടു. അസം മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കളാണ് ഗുവാഹത്തിയിൽ അവർക്കു ആതിഥ്യമരുളുന്നത്.
താക്കറെ ഇത്രകാലം പിടിച്ചു നിന്നത് എങ്ങിനെ എന്ന് ബി ജെ പി പോലും അത്ഭുതപ്പെടുന്ന നേരത്താണ് മഹാ വികാസ് അഗാന്ധിയുടെ (മഹാ വികസന മുന്നണി) നട്ടും ബോൾട്ടും മൊത്തം ഊരിപ്പോയത്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയം കണ്ടപ്പോഴും അവർ ചുവരെഴുത്തു വായിച്ചില്ലെന്നു കരുതണം. കാരണം അതിനു പിന്നാലെ വിധാൻ സഭാ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും കിട്ടേണ്ട ഒരു സീറ്റ് പോയി. കോൺഗ്രസ് നേതാവാണ് തോറ്റത്. ഇന്നു സേനയിലെ ഇടഞ്ഞവർ കോൺഗ്രസിനെ ചീത്ത വിളിക്കുമ്പോൾ ആരാണു പാരയായത് എന്നത് വ്യക്തം.
സാങ്കേതികമായി, ശിവ് സേന മന്ത്രിസഭ വീഴുമ്പോൾ ബി ജെ പിക്ക് ആഘോഷിക്കാം. പക്ഷെ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വേറിട്ടു നിൽക്കുന്ന പ്രത്യേകതകൾ മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തിനുണ്ട്. കർണാടകയിൽ കോൺഗ്രസ്-ജനതാ ദൾ ഭരണത്തെയും മധ്യ പ്രദേശിൽ കോൺഗ്രസിനെയും അട്ടിമറിച്ച പോലെയല്ല മഹാരാഷ്ട്രയിൽ ശിവ് സേനയെ വീഴ്ത്തുന്നത്. അതിന്റെ പ്രതികരണങ്ങൾ പെട്ടെന്ന് കെട്ടടങ്ങുന്നതല്ല.
നിയമസഭ പിരിച്ചു വിടാൻ ആലോചിക്കുന്നു എന്നാണ് സേനയുടെ മുഖ്യ വക്താവ് സഞ്ജയ് റൗത് ബുധനാഴ്ച പറഞ്ഞത്. അങ്ങിനെ വന്നാൽ ആറു മാസത്തെ കേന്ദ്ര ഭരണവും തിരഞ്ഞെടുപ്പുമാണ് ഭരണഘടനാ വ്യവസ്ഥ. ബി ജെ പി പക്ഷെ ബദൽ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കും. അതൊക്കെ നടപ്പാക്കാനുള്ള സൗകര്യങ്ങൾ അവർക്കുണ്ടല്ലോ.
ഗവർണർക്കു ഷിൻഡെ അയച്ച കത്തിൽ 34 എം എൽ എമാർ ഒപ്പു വച്ചിട്ടുണ്ടെന്നു പറയുന്നു. അങ്ങിനെ എങ്കിൽ എന്തായാലും സർക്കാരിന് പിടിച്ചു നിൽക്കാനാവില്ല. പുറത്തു പോകാതെ വയ്യ എന്ന യാഥാർഥ്യം സേന അംഗീകരിച്ചതായി റൗത്തിന്റെ പ്രസ്താവനയിൽ നിന്നു ഊഹിക്കാം.
എങ്ങിനെ ഉരുണ്ടു കൂടിയതാണ് ഈ പ്രതിസന്ധിയെന്ന ചോദ്യങ്ങൾക്കൊന്നും വലിയ പ്രസക്തിയില്ല. സഖ്യകക്ഷി ഭരണത്തിൽ പലതും ചീഞ്ഞു നാറുന്നുണ്ടായിരുന്നു എന്നത് രഹസ്യമല്ല. ഉദ്ധവ് താക്കറെ സഖ്യകക്ഷികളെ കൂട്ടി യോജിപ്പിച്ചു കൊണ്ട് പോയിരുന്നുവെന്നു കോൺഗ്രസും എൻ സി പിയും പറയുന്നുണ്ട്; പക്ഷെ മകൻ ആദിത്യ താക്കറെക്കെതിരെ പരാതികൾ ഉണ്ടായിരുന്നു. ബുധനാഴ്ച്ച തന്റെ സാമൂഹ്യ മാധ്യമ പ്രൊഫൈലിൽ നിന്ന് മന്ത്രി എന്ന വിശേഷണം എടുത്തു മാറ്റി ആദിത്യ നടത്തിയ തിരുത്തൽ വൈകിപ്പോയി.
പരാതികളൊന്നും ശ്രദ്ധിക്കാൻ ഉദ്ധവിനു വേണ്ടത്ര സമയം ഉണ്ടായിരുന്നില്ല എന്ന പരാതിയുണ്ട്. ചെക്കനെ നിലയ്ക്ക് നിർത്താനോ കോൺഗ്രസ്-എൻ സി പി മന്ത്രിമാർക്കെതിരായ സേനാ മന്ത്രിമാരുടെ പരാതികൾ കേൾക്കാനോ അദ്ദേഹം ശ്രമിച്ചില്ല എന്ന് കരുതുന്നവരുണ്ട്.
ഷിൻഡെയ്ക്കു 34 എം എൽ എ മാരുടെ പിൻതുണയായി എന്നാണ് ബുധനാഴ്ച രാവിലെ ഗവർണർക്കു നൽകിയ കത്തിൽ വ്യക്തമാവുന്നത്. എന്നാൽ 37 ഉണ്ടെങ്കിൽ മാത്രമേ കൂറുമാറ്റ നിയമത്തെ മറികടക്കാൻ കഴിയൂ. അതു കൊണ്ടാവാം സേന വിട്ടു പോകുന്നില്ല എന്നു ഷിൻഡെ ഇപ്പോൾ പറയുന്നത്. പാർട്ടി പിളർത്തി എന്ന ആക്ഷേപത്തിൽ നിന്ന് രക്ഷ നേടിയില്ലെങ്കിലും പ്രശ്നമാണ്. ബാലാസാഹിബ് താക്കറെയുടെ ഹിന്ദുത്വ ആദർശത്തോടാണ് കൂറെന്നും അദ്ദേഹം തറപ്പിച്ചു പറയുന്നു. “ബാലാസാഹേബിന്റെ ശിവ് സേന വിട്ടു ഞാനെങ്ങും പോകില്ല. ഞങ്ങൾ ഹിന്ദുത്വയിൽ ഉറച്ചു നിൽക്കുന്നവരാണ്.”
കോൺഗ്രസോ എൻ സി പിയോ അങ്ങിനെയല്ല എന്നതു കൊണ്ട് ഷിൻഡെയും കൂട്ടരും സഞ്ചരിക്കുന്നത് ബി ജെ പി യിലേക്ക് തന്നെ എന്നതു വ്യക്തം. രാഷ്ട്രീയം അധികാരത്തിന്റെ മധുരം ആസ്വദിക്കാനുള്ളതാണ് എന്ന പരമസത്യം മറക്കേണ്ട കാര്യമൊന്നും അദ്ദേഹത്തിനില്ലല്ലോ.
മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭ പിരിച്ചു വിടുമെന്ന് റൗത് പ്രഖ്യാപിച്ച ശേഷം പക്ഷെ താക്കറെ വിമതർക്ക് അന്ത്യശാസനം നൽകുകയാണ് ചെയ്തത്. എന്നാൽ മുഖ്യമന്ത്രിയുടെ ദൂതന്മാരെ കാണാൻ ഷിൻഡെ വിസമ്മതിച്ചു.