Monday, July 4, 2022
HomeIndiaഎന്‍.ഡി.എ രാഷ്ട്രപതി സ്ഥാനാര്‍ഥിക്ക് നവീന്‍ പട്നായിക്കിന്‍റെ പിന്തുണ; അതിനര്‍ഥം

എന്‍.ഡി.എ രാഷ്ട്രപതി സ്ഥാനാര്‍ഥിക്ക് നവീന്‍ പട്നായിക്കിന്‍റെ പിന്തുണ; അതിനര്‍ഥം

ഡല്‍ഹി: എന്‍.ഡി.എ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് പിന്തുണയുമായി നവീന്‍ പട്നായിക്കിന്‍റെ ബി.ജെ.ഡി.

ഇതോടെ എന്‍.ഡി.എ സഖ്യത്തിന്‍റെ വോട്ട് വിഹിതം 50 ശതമാനം കടന്നു. ദ്രൗപതി മുര്‍മു അടുത്ത പ്രസിഡന്‍റാകുമെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

ഒഡീഷ ഭരിക്കുന്ന ബി.ജെ.ഡിയ്ക്ക് നിയമസഭയില്‍ 114 എം.എല്‍.എമാരുണ്ട്- 32,000 വോട്ടുകള്‍. അതായത് 2.9 ശതമാനം വോട്ടുകള്‍. ബി.ജെ.ഡിയുടെ പിന്തുണയോടെ ആകെയുള്ള 10,86,431 വോട്ടുകളില്‍ 5,67,000 വോട്ടുകള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് ലഭിക്കും. എന്‍.ഡി.എയുടെ വോട്ടുശതമാനം 52 ആകും. എ.ഐ.എ.ഡി.എം.കെ, വൈ.എസ്.ആര്‍.സി.പി തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണയും ദ്രൌപതി മുര്‍മുവിന് ലഭിച്ചേക്കും.

ഇപ്പോഴത്തെ തെരഞ്ഞെടുപ്പിന് ശേഷം രാജ്യസഭയില്‍ ബി.ജെ.പിയുടെ അംഗബലം 92 ആണ്. ലോക്‌സഭയില്‍ 301 എം.പിമാരാണുള്ളത്. അടുത്തിടെ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി നേടിയ വിജയം വോട്ടുകള്‍ വര്‍ധിപ്പിച്ചു. ബി.ജെ.പിക്കും എന്‍.ഡി.എയിലെ സഖ്യകക്ഷികള്‍ക്കും 2017ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിനേക്കാള്‍ എം.എല്‍.എമാര്‍ കുറവാണെങ്കിലും എം.പിമാരുടെ എണ്ണം വര്‍ധിച്ചു.

ലോക്‌സഭയിലും രാജ്യസഭയിലുമായി 776 എംപിമാരുണ്ട്. സംസ്ഥാനങ്ങളില്‍ 4,033 എം.എല്‍.എമാരാണുള്ളത്. അവരാണ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുക. ഉത്തര്‍പ്രദേശിലാണ് ബി.ജെ.പിക്ക് ഏറ്റവും അധികം വോട്ടുകളുള്ളത്. 273 എം.എല്‍.എമാരുള്ള ഉത്തര്‍പ്രദേശില്‍ 56,784 വോട്ടുകളാണ് ബി.ജെ.പിക്കുള്ളത്. 127 എം.എല്‍.എമാരുള്ള ബിഹാറില്‍ നിന്ന് 21,971 വോട്ടുകളും മഹാരാഷ്ട്രയില്‍ നിന്ന് 18,375 വോട്ടുകളും എന്‍.ഡി.എയ്ക്ക് ലഭിക്കും.

ജൂലൈ 18നാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. ജൂണ്‍ 29 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ജൂലൈ 21ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയെയാണ് കോണ്‍ഗ്രസ്, ടി.എം.സി, എന്‍.സി.പി എന്നിവയുള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പിന്നാലെയാണ് ജാര്‍ഖണ്ഡ് ഗവര്‍ണറും ഗോത്രവര്‍ഗ വനിതയുമായ ദ്രൌപതി മുര്‍മുവിനെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular