മുംബയ്: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടയില്‍ വിമതര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന മുഖപത്രം സാമ്ന.
സേനയുടെ സീറ്റില്‍ ജയിച്ചവര്‍ ഇപ്പോള്‍ ബി ജെ പിക്കൊപ്പമെന്നാണ് മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നത്.
വിമത നേതാവ് ഏകനാഥ് ഷിന്‍ഡെയ്ക്കെതിരെയും എഡിറ്റോറിയലില്‍ പരാമര്‍ശമുണ്ട്. ഷിന്‍ഡെ വഞ്ചകനാണ്. സി ബി ഐയെയും ഇഡിയേയും ഭയന്ന് ഒളിച്ചോടി. അധികാരം ഉണ്ടോ ഇല്ലയോ എന്നത് ശിവസേനയെ ബാധിക്കില്ലെന്നും ലേഖനത്തില്‍ പറയുന്നു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബിജെപിയുടെ ‘മാസ്റ്റര്‍ മൈന്‍ഡ്’ ആണെന്ന് സാമ്ന എഡിറ്റോറിയലില്‍ ശിവസേന ആരോപിച്ചു.
ഷിന്‍ഡെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ വിമത എംഎല്‍എമാരുടെ സംഘം ചൊവ്വാഴ്ച മുംബയില്‍ നിന്ന് ബി ജെ പി ഭരിക്കുന്ന ഗുജറാത്തിലെ സൂറത്തിലേക്കാണ് പോയത് . ബുധനാഴ്ച രാവിലെ അസമിലെ ഗുവാഹത്തിയില്‍ എത്തിച്ച ഇവരെ കനത്ത സുരക്ഷയ്ക്കിടയില്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ആഡംബര ഹോട്ടലിലേക്ക് കൊണ്ടുപോയി.
ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ എന്നതിന് പുറമെ, വിമത എംഎല്‍എമാര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ വാഹനവ്യൂഹം ഉണ്ടായിരുന്നതിനെയും സേന മുഖപത്രം ചോദ്യം ചെയ്തു.