Thursday, March 28, 2024
HomeUSAപ്രമുഖ ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്തേക്കു മലയാളി ജോൺ കുര്യൻ

പ്രമുഖ ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്തേക്കു മലയാളി ജോൺ കുര്യൻ

യു എസിലെ മറ്റൊരു പ്രമുഖ ഗവേഷണ സ്ഥാപനത്തിൽ കൂടി ഇന്ത്യൻ-അമേരിക്കൻ ഉന്നത പദവിയിൽ നിയമിതനായി. യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസിൽ പഠിച്ച ജോൺ കുര്യൻ,  വാൻഡെർബിൽറ്റ് സ്കൂൾ ഓഫ് മെഡിസിൻ ബേസിക് സയന്സസിന്റെ ഡീൻ ആയി 2023 ജനുവരിയിൽ ചുമതലയേൽക്കും.

പ്രമുഖ യു എസ് സ്‌കൂളുകളുടെയും കോളജുകളുടെയും തലപ്പത്തു കൂടുതൽ ഇന്ത്യൻ-അമേരിക്കൻ പൗരന്മാർ എത്തിക്കൊണ്ടിരിക്കയാണ്. ശ്രീകാന്ത് ദത്തർ (ഡീൻ, ഹാർവാഡ് ബിസിനസ് സ്കൂൾ — മറ്റൊരു ഇന്ത്യൻ വംശജനായ നിതിൻ നോറിയയിൽ  നിന്നു കൈമാറി വന്ന പദവി), മാധവ് വി. രാജൻ (ഡീൻ, യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയുടെ ബൂത്ത് സ്കൂൾ ഓഫ് ബിസിനസ്), സി. മൗലി അഗർവാൾ (ചാന്സലർ, യൂണിവേഴ്സിറ്റി ഓഫ് മിസൂറി-കൻസാസ് സിറ്റി), രേണു ഖത്തോർ (പ്രസിഡന്റ്, യൂനിവേഴ്സിറ്റി ഓഫ് ഹ്യുസ്റ്റൺ) തുടങ്ങിയവരുമുണ്ട്.

കുര്യൻ തന്റെ നിയമനത്തെ കുറിച്ച് പറഞ്ഞതിങ്ങനെ: “വാൻഡെർബിൽറ്റിലേക്ക് വരാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു. ബയോമെഡിക്കൽ ഗവേഷണത്തിൽ  രാജ്യത്തെ മികച്ച സ്ഥാപനങ്ങളിൽ ഒന്നിന്റെ നേതൃത്വത്തിലേക്ക് എത്താനുള്ള അവസരം അസാമാന്യ ബഹുമതിയും സവിശേഷ ആനുകൂല്യവുമാണ്.

“ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന, പാണ്ഡിത്യമുള്ള, വാൻഡെർബിൽറ്റ് സമൂഹത്തെ ഞാൻ മാനിക്കുന്നു. ഗവേഷണത്തോടു അവർക്കുള്ള നവീനമായ സമീപനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ലോകോത്തര മെഡിക്കൽ സെന്ററുമായുള്ള അതുല്യമായ പങ്കാളിത്തം, വൈവിധ്യത്തോടുള്ള ഉറച്ച സമർപ്പണം ഇതൊക്കെ എടുത്തു പറയാനുണ്ട്.”

എല്ലാ വർഷവും യു എസ് സ്‌കൂളുകളെപ്പറ്റി ഏറെ അംഗീകരിക്കപ്പെട്ട വിലയിരുത്തൽ നടത്തുന്ന ‘യു എസ് ന്യൂസ്’ വാൻഡെർബിൽറ്റ് മെഡിസിൻ സ്കൂളിനു 13 ആം റാങ്കാണ് നൽകിയിട്ടുള്ളത്.

നിയമന പ്രഖ്യാപനത്തിൽ പറയുന്നത് കുര്യൻ രണ്ടു വർഷം മദ്രാസ് യൂണിവേഴ്സിറ്റിയിൽ പഠിച്ച ശേഷം പെൻസിൽവേനിയയിലെ ഹണ്ടിങ്ടണിൽ ജൂനിയാത കോളജിലേക്കു മാറി എന്നാണ്. അവിടന്ന് കെമിസ്ട്രിയിൽ  ബിരുദമെടുത്തു. പിന്നെ മാസച്യുസെറ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഫിസിക്കൽ കെമിസ്ട്രിയിൽ ഡോക്ടറേറ്റും.

കെമിസ്ട്രിക്കു നൊബേൽ സമ്മാനം നേടിയ മാർട്ടിൻ കാർപ്ലസ് എം ഐ ടിയിൽ അദ്ദേഹത്തിന്റെ രണ്ടു മാർഗദർശികളിൽ ഒരാളായിരുന്നു.

കുര്യന്റെ സ്വന്തം ഗവേഷണം കോശങ്ങളിലെ തന്മാത്രകളുടെ വ്യതിയാനങ്ങളെ കുറിച്ചാണെന്നു യൂണിവേഴ്സിറ്റി പറയുന്നു. ക്യാന്സറിനുള്ള ഔഷധങ്ങൾ വികസിപ്പിക്കുന്നതിൽ അതിന്റെ കണ്ടെത്തലുകൾക്കു വലിയ സംഭാവന നൽകാൻ കഴിഞ്ഞു.

അവസാന ഘട്ട ക്യാന്സറിനു മരുന്നുകൾ വികസിപ്പിക്കുന്ന നുറിക്‌സ് തെറാപ്യൂട്ടിക്‌സ് എന്ന സ്ഥാപനത്തിന്റെ സ്ഥാപക പങ്കാളി കൂടിയാണ് കുര്യൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular