Saturday, April 27, 2024
HomeUSAസാമ്പത്തിക മാന്ദ്യം ഉണ്ടാവാമെന്നു ഫെഡ് മേധാവി സമ്മതിക്കുന്നു

സാമ്പത്തിക മാന്ദ്യം ഉണ്ടാവാമെന്നു ഫെഡ് മേധാവി സമ്മതിക്കുന്നു

അമേരിക്കൻ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു പോകാൻ സാധ്യതയുണ്ടെന്നു യു എസ് ഫെഡറൽ റിസേർവ് ചെയർമാൻ ജെറോം പവൽ താക്കീതു നൽകി. പണപ്പെരുപ്പം  കുറയ്ക്കാൻ അധികം പരുക്കു പറ്റാത്ത നടപടികൾ എടുക്കുന്നുണ്ടെങ്കിലും ഫെഡ് ഊർജിതമായി നിരക്കു വർധന നടപ്പാക്കുമ്പോൾ മാന്ദ്യത്തിന്റെ അപകടം ഉണ്ടാവാം.

“പണപ്പെരുപ്പം കുറയ്ക്കാൻ ഞങ്ങൾ ഉറച്ചിരിക്കയാണ്. അതിനു ഞങ്ങൾ വേഗത്തിൽ നീങ്ങുന്നുമുണ്ട്,” സെനറ്റിന്റെ ബാങ്കിംഗ്, ഹൗസിംഗ്, അർബൻ അഫയേഴ്‌സ് കമ്മിറ്റിയോട് അദ്ദേഹം പറഞ്ഞു.

“വിലക്കയറ്റത്തിന്റെ കാഠിന്യത്തെ കുറിച്ച് എനിക്കും എന്റെ സഹപ്രവർത്തകർക്കും തികഞ്ഞ ബോധ്യമുണ്ട്. ഭക്ഷണം, പാർപ്പിടം, ഗതാഗതം എന്നീ കാര്യങ്ങളിൽ പ്രത്യേകിച്ചും ഉയർന്ന വിലകൾ താങ്ങാൻ കഴിയാത്തവരെ കുറിച്ച് ഞങ്ങൾക്ക് അറിയാം.”

അമിതമായ പണപ്പെരുപ്പത്തിന്റെ അപകട സാദ്ധ്യതകൾ ഫെഡിന്റെ ശ്രദ്ധയിലുണ്ടെന്നു അദ്ദേഹം പറഞ്ഞു.

ഏപ്രിലിൽ അവസാനിച്ച 12 മാസത്തിൽ കുടുംബങ്ങളുടെ  ചെലവുകൾ (പി സി ഇ) 6.3% വർധിച്ചെന്നാണ് കാണുന്നത്. ഉപഭോക്തൃ വില സൂചിക (സി പി ഐ) മെയിൽ മുൻ വർഷത്തേക്കാൾ 8.6% കുത്തനെ കയറി.

കഴിഞ്ഞ ആഴ്ച ഫെഡ് നിരക്കുകൾ 75 ബേസിസ് പോയിന്റ് കൂട്ടി. 1994 നു ശേഷമുള്ള ഏറ്റവും വലിയ നിരക്കു  വർധന.

ദൗർലഭ്യം മൂലം ഗ്യാസിന്റെയും ഭക്ഷണത്തിന്റെയും വിലകൾ കുത്തനെ കയറിയത് നിയന്ത്രിക്കാൻ കടുത്ത നിരക്ക് വർധന കൊണ്ടു സാധിക്കില്ലെന്നു ഡെമോക്രാറ്റിക്‌ സെനറ്റർ എലിസബത്ത് വാറൻ പറഞ്ഞു. വൻ തോതിൽ തൊഴിൽ നഷ്ടം ഉണ്ടാവാം. ഉയർന്ന വിലകളോടൊപ്പം ദശലക്ഷക്കണക്കിനു ആളുകൾ തൊഴിൽരഹിതരും കൂടിയായാൽ അതാണ് ഏറ്റവും വലിയ അപകടം,” പവലിനെ ചോദ്യം ചെയ്യുമ്പോൾ അവർ പറഞ്ഞു.

“നിങ്ങൾ സമ്പദ് വ്യവസ്ഥയെ കുത്തനെയുള്ള പാറയിൽ നിന്ന് വലിച്ചിടുമ്പോൾ ഇക്കാര്യം പരിഗണിക്കുമെന്നു കരുതുന്നു.”

തൊഴിൽ വിപണി ഉൾപ്പെടെ എല്ലാ കാര്യങ്ങൾക്കും വിലകൾ ഭദ്രമാക്കേണ്ടത് അത്യാവശ്യമാണെന്ന് പവൽ പറഞ്ഞു.

ഫെഡ് കൂടുതൽ ആക്രമണസ്വഭാവം കാണിക്കുമ്പോൾ യു എസ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു വീഴ്‌ത്താൻ സാധ്യത കൂടുന്നുവെന്നു കൂടുതൽ സാമ്പത്തിക വിദഗ്‌ധർ പറയുന്നു. ‘ദ വോൾ സ്ട്രീറ്റ് ജേണൽ’ അടുത്തിടെ നടത്തിയ പഠനത്തിൽ സാമ്പത്തിക വിദഗ്‌ധർ മാന്ദ്യത്തിന്റെ സാധ്യത ഊന്നിപ്പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular