Thursday, March 28, 2024
HomeUSAന്യുയോർക്കിന്റെ തോക്ക് നിയന്ത്രണ നിയമം സുപ്രീം കോടതി അസാധുവാക്കി

ന്യുയോർക്കിന്റെ തോക്ക് നിയന്ത്രണ നിയമം സുപ്രീം കോടതി അസാധുവാക്കി

അന്യർ കാണാതെ കൊണ്ടു നടക്കാൻ കഴിയുന്ന കൈത്തോക്കു  പോലെയുള്ള ആയുധങ്ങൾ നിയന്ത്രിക്കാനുള്ള ന്യുയോർക്കിന്റെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നിയമം സുപ്രീം കോടതി അസാധുവാക്കി. കോടതിയുടെ 6-3 തീർപ്പ് വിശദീകരിച്ചു കൊണ്ട് ജസ്റ്റിസ് ക്ലാരൻസ് തോമസ് പറഞ്ഞു: “പൊതു ഇടങ്ങളിൽ കൈത്തോക്ക് കൊണ്ട് നടക്കുന്നതിനു കാരണം കാണിക്കണം എന്ന് അനുശാസിക്കുന്ന നിയമം 14 ആം ഭേദഗതിയുടെ ലംഘനമാണ്. സ്വന്തം സുരക്ഷയ്ക്കു ആയുധം കൊണ്ടു  നടക്കുക എന്ന സാധാരണമായ ആവശ്യം നടപ്പാക്കാനുള്ള പൗരന്മാരുടെ അവകാശം നിഷേധിക്കപ്പെടുന്നു.”

സമാനമായ നിയമവ്യവസ്ഥയുള്ള കലിഫോണിയ, ഹവായ്, മെരിലാൻഡ്, മാസച്ചുസെറ്റ്‌സ്, ന്യു ജേഴ്‌സി, റോഡ് ഐലൻഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്കും ഈ ഉത്തരവ് ബാധകമാകാം.

എന്നാൽ കോടതി വിധി ഉടൻ നടപ്പാവില്ലെന്നു ന്യുയോർക്ക് സിറ്റി അധികൃതർ പറഞ്ഞു. “ഒന്നും മാറുന്നില്ല,” എൻ യു പി ഡി കമ്മീഷണർ കീച്ചന്റ് സെവെൽ പറഞ്ഞു. “വീട്ടിൽ തോക്കു വയ്ക്കാനുള്ള അനുമതി അത് പുറത്തു കൊണ്ടു പോകാനുള്ളതായി സ്വയം മാറുന്നില്ല. ന്യുയോർക്ക് സിറ്റിയിൽ നിയമവിരുദ്ധമായി തോക്കു കൊണ്ടു  നടന്നാൽ നിങ്ങളെ അറസ്റ്റ് ചെയ്യും.”

സുപ്രീം കോടതി തീരുമാനം കൊണ്ട് ഏതെങ്കിലും നിയമം ഉടനെ മാറുന്നില്ലെന്നു ഗവർണർ കാത്തി ഹോച്ചൽ പറഞ്ഞു. “നിങ്ങൾക്കു സംസ്ഥാനത്തു പെർമിറ്റ് ഉണ്ടെങ്കിൽ മറച്ചു വച്ച ആയുധം കൊണ്ടു നടക്കാൻ സ്വയം അനുമതി നൽകുന്നതല്ല അത്. അങ്ങിനെയല്ല വിധിയുടെ അർഥം.”

ജസ്റ്റിസ് തോമസിന്റെ അഭിപ്രായത്തോട് യോജിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ്, ജസ്റ്റിസ് ബ്രെറ്റ് കാവനാഗ് എന്നിവർ പറഞ്ഞത് കുറ്റവാളികൾക്കും മാനസിക പ്രശ്നങ്ങൾ ഉള്ളവർക്കും തോക്കു സൂക്ഷിക്കുന്നതിന് സംസ്ഥാനവും നഗരവും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഈ വിധി കൊണ്ട് ഇല്ലാതാവുന്നില്ല എന്നാണ്. സ്കൂളുകൾ, സർക്കാർ കെട്ടിടങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തോക്കിനുള്ള നിരോധനവും നീക്കം ചെയ്യപ്പെടുന്നില്ല.

തോക്കു പെർമിറ്റിന് അപേക്ഷിക്കുന്നവരുടെ വിരലടയാളം എടുക്കുക, പശ്ചാത്തലം അന്വേഷിക്കുക, മാനസികാരോഗ്യ നില, തോക്കുപയോഗിക്കാനുള്ള പരിശീലനം എന്നിവ പരിശോധിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ സംസ്ഥാനങ്ങൾക്കു തുടർന്നും ചെയ്യാമെന്നു കാവനാഗ് പറഞ്ഞു.

1913 ൽ കൊണ്ടുവന്ന സള്ളിവൻ ആക്ട് രണ്ടാം ഭേദഗതിയുടെ ലംഘനമാണെന്ന് വാദിച്ചു ന്യൂ യോർക്ക് സ്റ്റേറ്റ് റൈഫിൾ ആൻഡ് പിസ്റ്റൾ അസോസിയേഷനും രണ്ടു പൗരന്മാരുമാണ് കോടതിയിൽ എത്തിയത്. മറ്റു 43 സംസ്ഥാനങ്ങളിൽ അനുവദിച്ചിട്ടുള്ള അവകാശം മാത്രമേ ഇവരും തേടുന്നുള്ളൂ എന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. വീട്ടിൽ അനുവദിച്ചിട്ടുള്ള കൈത്തോക്ക് സ്വന്തം രക്ഷയ്ക്ക് പുറത്തു കൊണ്ട് പോകാനും അനുമതി നൽകുന്നതാണ് രണ്ടാം ഭേദഗതി.

ജസ്റ്റിസ് തോമസ് അതിനോട് യോജിച്ചു. “ആയുധം കൊണ്ട് നടക്കുന്നതിനു വീട്/പൊതു ഇടം എന്ന വ്യത്യാസം രണ്ടാം ഭേദഗതിയുടെ രേഖകളിൽ ഇല്ല.”

ആക്രമിക്കപ്പെടാം എന്ന സാഹചര്യത്തിൽ ആയുധം കൊണ്ടുനടക്കാൻ രണ്ടാം ഭേദഗതി അനുമതി നൽകുന്നുണ്ട്. അങ്ങിനെ ഒരു സാഹചര്യം തീർച്ചയായും വീടിനു പുറത്തു ഉണ്ടാവാം.

വിയോജിച്ച ജസ്റ്റിസ് സ്റ്റീഫൻ ബ്രെയെർ വെടിവയ്പുകൾക്കു ഇരയാവുന്നവരുടെ കണക്കുകൾ ഉദ്ധരിച്ചു. “2022 ആരംഭിച്ച ശേഷം ആൾക്കൂട്ടങ്ങൾക്കു നേരെയുള്ള 277 വെടിവയ്പ് ഉണ്ടായി. ദിവസവും ശരാശരി ഒന്നിലേറെ.

“രണ്ടാം ഭേദഗതി വ്യാഖ്യാനിക്കയും നടപ്പാക്കുകയും ചെയ്യുമ്പോൾ ജഡ്ജിമാർ മിതത്വവും നിയന്ത്രണവും പാലിക്കണം.”

ജസ്റ്റിസ് സാമുവൽ അലിറ്റോ അതിനു മറുചോദ്യം ഉന്നയിച്ചത്, കൂട്ടക്കൊല നടത്താൻ ഉറച്ച ഒരാൾ കൈത്തോക്ക് നിയന്ത്രണ നിയമത്തെ ഭയന്ന് അത് വേണ്ടെന്നു വയ്ക്കുമോ എന്നാണ്. ഒരു കൂട്ടക്കൊല നടന്നത് ന്യുയോർക്കിലെ ബഫലോയിൽ തന്നെയാണ്. നിയമം കൊലയാളിയെ തടഞ്ഞില്ല.

കോടതി വിധിയിൽ താൻ അങ്ങേയറ്റം നിരാശനാണെന്നു പ്രസിഡന്റ് ജോ ബൈഡൻ പ്രസ്‌താവനയിൽ പറഞ്ഞു. “അത് സാമാന്യ ബുദ്ധിക്കും ഭാരണഘടനയ്ക്കും എതിരാണ്. നമ്മളെയെല്ലാം അത് അസ്വസ്ഥരാക്കുന്നു.

“അമേരിക്കൻ ജനത തോക്കു സുരക്ഷയ്ക്ക് വേണ്ടി ശബ്ദമുയർത്തണം എന്നാണ് എനിക്ക് പറയാനുള്ളത്. മനുഷ്യ ജീവനാണ് അപകടത്തിൽ.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular