Saturday, July 27, 2024
HomeUSAഇന്ത്യൻ അമേരിക്കൻ നേതാക്കൾ കോടതി വിധിയെ അപലപിച്ചു

ഇന്ത്യൻ അമേരിക്കൻ നേതാക്കൾ കോടതി വിധിയെ അപലപിച്ചു

ഇന്ത്യൻ അമേരിക്കൻ നേതാക്കളായ  രാജാ കൃഷ്ണമൂർത്തി, ജയ് ചൗധുരി എന്നിവർ ഗർഭഛിദ്ര അവകാശം റദ്ദാക്കിയ സുപ്രീം കോടതി വിധിയെ അപലപിച്ചു. ലിംഗവ്യത്യാസമില്ലാത്ത തുല്യതയ്ക്കു വേണ്ടി പോരാടുന്ന ഈക്വൽ റൈറ്സ് അഡ്വക്കേറ്റ്സ്  (ഇ ആർ എ) കടുത്ത പോരാട്ടത്തിന് ആഹ്വാനം ചെയ്‌തു.

അര നൂറ്റാണ്ടിലെ പുരോഗതിയെ പിന്നോട്ടടിക്കുന്ന ദുരന്ത നടപടി എന്നാണ് ഇല്ലിനോയിൽ നിന്നുള്ള യു എസ്  കോൺഗ്രസിലെ ഡെമോക്രറ്റിക്ക് അംഗമായ കൃഷ്ണമൂർത്തി വിധിയെ വിശേഷിപ്പിച്ചത്.

“ശരീരത്തിന്റെ മേലുള്ള സ്വന്തം അധികാരം, പ്രത്യുല്പാദന അവകാശം, സ്വകാര്യതയ്ക്കുള്ള അവകാശം — ചുരുക്കി പറഞ്ഞാൽ സ്ത്രീകളുടെ എല്ലാ അവകാശങ്ങളും ഇല്ലാതാക്കി. നിർഭാഗ്യമെന്നു പറയട്ടെ, അമേരിക്കൻ ജനതയുടെ മേലുള്ള ഈ വലതു തീവ്രവാദി കോടതിയുടെ ആക്രമണങ്ങളുടെ തുടക്കം മാത്രമാണിതെന്നു തോന്നുന്നു.

“സ്ത്രീകൾക്കു ഡോക്ടറോടും പ്രിയപ്പെട്ടവരോടും ചർച്ച ചെയ്തു സ്വന്തം ശരീരത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള മൗലികാവകാശം സംരക്ഷിച്ചേ തീരൂ. അതിനു വേണ്ടി ഞാനും എന്റെ സഹപ്രവർത്തകരും പൊരുതും.”

നോർത്ത് കരോലിന സ്റ്റേറ്റ് സെനറ്റിൽ ഡെമോക്രാറ്റിക്‌ മൈനോറിറ്റി വിപ്പായ ചൗധുരി പറഞ്ഞു: “കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യമൊട്ടാകെ റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ ഗർഭഛിദ്ര അവകാശം ഇല്ലാതാക്കാൻ ശ്രമിച്ചു വരികയാണ്. ഇപ്പോൾ 13 സംസ്ഥാനങ്ങളിൽ ട്രിഗർ ബാൻ വ്യവസ്ഥ ഉപയോഗിച്ചു നിരോധനം നടപ്പാക്കി. കൂടുതൽ സംസ്ഥാനങ്ങൾ നിരോധനം കൊണ്ട് വരും.

“ഗർഭഛിദ്രം അനുവദിക്കുന്ന ഒരേയൊരു ദക്ഷിണ സംസ്ഥാനം ഇപ്പോൾ നോർത്ത് കരോലിനയാണ്.

“കോടതി തീരുമാനം അര നൂറ്റാണ്ടായി സ്ത്രീകൾ കൈവരിച്ച പുരോഗതിയുടെ മേലുള്ള കടന്നാക്രമണമാണ്. നമ്മുടെ ജീവിതകാലത്തെ അതിപ്രധാനമായ തിരഞ്ഞെടുപ്പാണ് വരുന്നത്. പോരാട്ടം ഇതാ ആരംഭിക്കുന്നു.”

അമ്പതു വർഷത്തെ ലിംഗ നീതിയാണ് നഷ്ടമായതെന്നു ഇ ആർ എ പറഞ്ഞു. “ഈ നൂറ്റാണ്ടിലെ ലിംഗ-മനുഷ്യാവകാശ പോരാട്ടങ്ങൾക്കു ഞങ്ങൾ തയാറെടുക്കുകയാണ്. ശരീരത്തിന് മേലുള്ള സ്വയംഭരണവകാശം സ്ഥാപിച്ചു കിട്ടാൻ,” എക്സിക്യൂട്ടീവ് ഡയറക്ടർ നോറീൻ ഫാരെൽ പറഞ്ഞു.

“സുപ്രീം കോടതി കീഴ്വഴക്കങ്ങൾ പിന്തുടരേണ്ട ഉത്തരവാദിത്തം ഉപേക്ഷിച്ചു. നമ്മുടെ കൈയിലുള്ള എല്ലാ രീതികളും ഉപയോഗിച്ച് നമ്മൾ പൊരുതണം. സ്ത്രീകൾക്കു സുരക്ഷിതവും നിയമാനുസൃതവുമായ ഗർഭഛിദ്രം നടത്താൻ കഴിയണം.”

RELATED ARTICLES

STORIES

Most Popular