Tuesday, April 16, 2024
HomeKeralaകാട്ടുപന്നിയുടെ ക്ഷുദ്രജീവി പദവി; വനം മന്ത്രി ശശീന്ദ്രൻ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപണം

കാട്ടുപന്നിയുടെ ക്ഷുദ്രജീവി പദവി; വനം മന്ത്രി ശശീന്ദ്രൻ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപണം

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യമുന്നയിച്ചെങ്കിലും കേന്ദ്രം നടപടികള്‍ കൈക്കൊണ്ടില്ലെന്നായിരുന്നു മന്ത്രി നല്‍കിയ മറുപടി.

തിരുവനന്തപുരം: കാട്ടുപന്നിക്ക് ക്ഷുദ്രജീവി പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം. നിയമസഭയില്‍ എംഎല്‍എമാരായ ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, സനീഷ് കുമാര്‍ ജോസഫ്, അന്‍വര്‍ സാദത്ത് എന്നിവരുടെ നക്ഷത്രചിഹ്നം ഇട്ട ചോദ്യം നമ്പര്‍ 357b ചോദ്യത്തിന് മറുപടി പറയവേയാണ് മന്ത്രി, നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന ഉത്തരം നൽകിയതെന്ന് കർഷകരുടെ കൂട്ടായ്മയായ കേരളാ ഇന്‍ഡിപെന്റന്റ് ഫാര്‍മേഴ്‌സ് അസോസിയേഷൻ (കിഫ) ആരോപിക്കുന്നു.

കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്ന കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് കേരളം കൈക്കൊണ്ട നടപടികളും അതിന് കേന്ദ്ര സര്‍ക്കാറിന്റെ നടപടികളെ കുറിച്ചുമായിരുന്നു എംഎല്‍എമാര്‍ ചോദിച്ചത്. എന്നാല്‍, കേരളം ആവശ്യമുന്നയിച്ചെങ്കിലും കേന്ദ്രം നടപടികള്‍ കൈക്കൊണ്ടില്ലെന്നായിരുന്നു മന്ത്രി നല്‍കിയ മറുപടി. എന്നാല്‍, ഇത് തെറ്റാണെന്നാണ് കിഫയ്ക്ക് ലഭിച്ച വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. സഭയെയും സാമാജികരെയും അതുവഴി കേരളത്തിലെ ജനങ്ങളെയും ഉത്തരവാദപ്പെട്ട മന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ പറഞ്ഞു.

കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്ന കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2020 നവംബര്‍ ഒന്നിന് കേരളം കേന്ദ്രത്തിന് കത്തയച്ചിരുന്നു. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന കാരണത്താല്‍ ഡിസംബറില്‍ കേന്ദ്രം ഈ കത്ത് തിരിച്ചയച്ചു. തുടര്‍ന്ന് ഈ വര്‍ഷം ജൂണ്‍ 17 ന് സംസ്ഥാന വനംവന്യജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്രത്തിന് മറുപടി നല്‍കി. 2011 മുതല്‍ പഞ്ചായത്തുകളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു സംസ്ഥാനം നല്‍കി മറുപടി. ഇതിനെ തുടര്‍ന്ന് ജൂലൈ എട്ടിന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് കേന്ദ്രം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കത്ത് കിട്ടി മൂന്നുമാസമാകാറായിട്ടും ഇത് സംബന്ധിച്ച ഒരു വിവരവും കേരളം കേന്ദ്രത്തിന് കൈമാറിയിട്ടില്ല എന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.

ഓഗസ്റ്റ് 6 ാം തിയതി 15ാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിലാണ് ഈ വിഷയത്തില്‍ എംഎല്‍എമാരുടെ ചോദ്യം ഉയര്‍ന്നത്. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 62 പ്രകാരം കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിവേദനം നല്‍കിയിരുന്നോ, പ്രസ്തുത നിവേദനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നിവയായിരുന്നു നക്ഷത്രചിഹ്നം ഇട്ട ചോദ്യങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular