Thursday, April 18, 2024
HomeKeralaസംഘ്പരിവാറിനെ സന്തോഷിപ്പിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് -വി. ഡി സതീശന്‍

സംഘ്പരിവാറിനെ സന്തോഷിപ്പിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് -വി. ഡി സതീശന്‍

രാഹുല്‍ ഗാന്ധി എം. പിയുടെ വയനാട്ടിലെ ഓഫീസ് അടിച്ച്‌ തര്‍ത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെയും പൊലീസിന്റെയും സര്‍ക്കാരിന്റെയും ഒത്താശയോടെ കേരളത്തിലുണ്ടായ വ്യാപക അതിക്രമം സഭാ നടപടികള്‍ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്ന നോട്ടീസാണ് പ്രതിപക്ഷം നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

ചോദ്യോത്തരവേളയില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ പ്രതിഷേധിച്ചപ്പോള്‍ ഒരു കാലത്തും ഉണ്ടാകാത്ത തരത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മോശം മുദ്രാവാക്യങ്ങളും ആക്രോശവുമായി പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം നടത്തി. നിയസഭയില്‍ ഒരു സംഘര്‍ഷം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് ഭരണപക്ഷാംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. അതുകൊണ്ടാണ് അടിയന്തിര പ്രമേയത്തിലേക്ക് കടക്കാതെ സഭ നടപടികള്‍ സ്തംഭിപ്പാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്.

രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അക്രമിച്ചതില്‍ നിന്നും രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയായിരുന്നു ഈ ആക്രമണം. സംഭവത്തെ പേരിന് പ്രസ്താവനയിലൂടെ അപലപിക്കുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫ് അംഗത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. ഇയാള്‍ ജില്ലാ സെക്രട്ടറിയുടെ ബന്ധു കൂടിയാണ്. ആക്രമണത്തിന് ശേഷമാണ് ഇയാളെ സ്റ്റാഫില്‍ നിന്നും ഒഴിവാക്കിയതെന്ന് കോടിയേരി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. അയാളെ ഇതുവരെ കേസില്‍ പ്രതിയാക്കാന്‍ പോലും തയാറായിട്ടില്ല. സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത്.

പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലയറുത്ത അതേ സി.പി.എം ക്രിമിനലുകളാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത്. കേരളത്തില്‍ തകര്‍ക്കപ്പെട്ട കോണ്‍ഗ്രസ് ഓഫീസുകളിലെല്ലാം ഗാന്ധി ചിത്രങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഗാന്ധി നിന്ദയിലൂടെ സംഘപരിവാറിനെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. സംഘപരിവാര്‍ വഴിയിലൂടെ യാത്ര ചെയ്ത് ഏറ്റവും വലിയ ഗാന്ധി നിന്ദകരായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് ക്രിമിനലുകള്‍ മാറിയിരിക്കുകയാണ്. ഞങ്ങളും ഗാന്ധിയെ എതിര്‍ക്കുകയാണെന്ന സന്ദേശമാണ് ഇവര്‍ സംഘപരിവാറിന് കൊടുക്കുന്നത്. രാഹുല്‍ ഗാന്ധിയെ അപമാനിക്കാന്‍ ഡല്‍ഹിയിലെ മോദി സര്‍ക്കാര്‍ ശ്രമിക്കുമ്ബോള്‍ സി.പി.എം അതിന് കുടപിടിച്ച്‌ കൊടുക്കുകയാണ്.

പാര്‍ട്ടി അറിഞ്ഞ് കൊണ്ടായിരുന്നു ആക്രമണമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. ഓഫീസ് അടിച്ച്‌ തകര്‍ത്ത ശേഷം എല്ലാം തീര്‍ന്നല്ലോ ഇനി കുട്ടികളെ രക്ഷപ്പെടുത്തി വിട്ടേക്കൂ എന്നാണ് ഡി.വൈ.എസ്.പിക്ക് നിര്‍ദ്ദേശം വന്നത്. ഓഫീസ് ആക്രമണം അറിഞ്ഞ് സ്ഥലത്തെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ, എസ്.എഫ്.ഐ ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കിയ പൊലീസ് ക്രൂരമായാണ് നേരിട്ടത്. പൊലീസിന്റെ സഹായത്തോടെയാണ് കേരളത്തില്‍ എല്ലായിടത്തും അക്രമം ഉണ്ടായത്. സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനാണ് സി.പി.എം ശ്രമം. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിഷേധം ശക്തമാക്കി മുന്നോട്ട് പോകാന്‍ തന്നെയാണ് യു.ഡി.എഫ് തീരുമാനം. സഭ കൂടാനുള്ള അന്തരീക്ഷം ഭരണപക്ഷം ഇല്ലാതാക്കിയത് കൊണ്ടാണ് സഹകരിക്കേണ്ടെന്ന നിലപാടില്‍ പ്രതിപക്ഷം എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular