Monday, August 8, 2022
HomeKeralaമുന്‍ മന്ത്രിയും സി.പി.എം നേതാവുമായ ടി. ശിവദാസമേനോന്‍ അന്തരിച്ചു

മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ ടി. ശിവദാസമേനോന്‍ അന്തരിച്ചു

കോഴിക്കോട്: മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ സംസ്​ഥാന ധനമന്ത്രിയുമായിരുന്ന ടി. ശിവദാസമേനോന്‍ അന്തരിച്ചു.

90 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറത്തെ മകളുടെ വീട്ടില്‍നിന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിച്ചത്. മൂന്നുതവണ നിയമസഭാംഗം ആയിട്ടുണ്ട്. മലമ്ബുഴയില്‍നിന്നാണ് മൂന്നുതവണയും വിജയിച്ചത്.

ജന്മനാടായ മണ്ണാര്‍ക്കാട്​ കെ.ടി.എം ഹൈസ്​കൂള്‍ അധ്യാപകനായും പിന്നീട്​ പ്രധാനാധ്യാപകനായും ഔദ്യോഗിക ജീവിതം തുടങ്ങിയ ശിവദാസ മേനോന്‍ അധ്യാപക സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ്​ സി.പി.എം രാഷ്​​ട്രീയത്തിലെത്തിയത്​. 1987ല്‍ മലമ്ബുഴ മണ്ഡലത്തില്‍നിന്ന് ആദ്യമായി നിയമസഭയിലെത്തി.

ശേഷം 1991ലും 1996ലും അതേ മണ്ഡലത്തില്‍ നിന്നു തന്നെ വിജയിച്ച്‌​ നിയമസഭാംഗമായി. 1987 മുതല്‍ 1991വരെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്നു.1996 -2001 കാലഘട്ടത്തില്‍ സംസ്​ഥാന ധനമന്ത്രിയായി അഞ്ച്​ തവണ തുടര്‍ച്ചയായി ബജറ്റവതരിപ്പിച്ചു. അതേ കാലയളവില്‍ എക്സൈസ് വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു. 1993 മുതല്‍ 1996 വരെ പബ്ലിക്​ അക്കൗണ്ട്​സ്​ കമ്മറ്റി ​െചയര്‍മാനായിരുന്നു.

1958ല്‍ മലബാറില്‍ രൂപീകൃതമായ പ്രൈവറ്റ്​ ഹൈസ്​കൂള്‍ ടീച്ചേഴ്​സ്​ യൂനിയന്‍ സ്​ഥാപകാംഗമായി. ഇടതുപക്ഷാഭിമുഖ്യമുള്ള അധ്യാപക സംഘടനയായ കേരള പ്രൈവറ്റ്​ ടീച്ചേഴ്​സ്​ ഫെഡറേഷന്‍ മലബാര്‍ മേഖല പ്രസിഡന്‍റായിരുന്നു. സി.പി.എം പാലക്കാട്​ ജില്ലാ സെക്രട്ടറി, സി.പി.എം സംസ്​ഥാന സെക്ര​േട്ടറിയറ്റ്​ അംഗം, എട്ടു വര്‍ഷത്തോളം കാലിക്കറ്റ്​ യൂനിവേഴ്​സിറ്റി സിന്‍ഡിക്കേറ്റ്​ അംഗം, കേരള സംസ്​ഥാന വിദ്യാഭ്യാസ ഉപദേശക ബോര്‍ഡ്​ അംഗം എന്നീ സ്​ഥാനങ്ങളും വഹിച്ചു.

വി.എസ്.​കെ പണിക്കരുടെ മകനായി 1932 ജൂണ്‍ 14ന്​ പാലക്കാട്​ ജില്ലയിലെ മണ്ണാര്‍ക്കാടായിരുന്നു മേനോന്‍ ജനിച്ചത്​. ടി.കെ ഭവാനിയാണ്​ ഭാര്യ. രണ്ട്​ പെണ്‍മക്കളുണ്ട്​.

സമ്ബന്നകുടുംബത്തില്‍ പിറന്ന അദ്ദേഹത്തെ പഠിപ്പിച്ചു വലിയ പദവിയിലെത്തിക്കാനായിരുന്നു പിതാവ് ശ്രമിച്ചത്. എന്നാല്‍ വള്ളുവനാട്ടിലാകെ അലയടിച്ച പുരോഗമനചിന്തയിലും കമ്യൂണിസ്റ്റ് ആശയങ്ങളിലും ആകൃഷ്ടനായ ശിവദാസമേനോന്‍ ജന്മിത്തത്തിനെതിരെയുള്ള പോരാട്ടത്തില്‍ കണ്ണിയാവുകയായിരുന്നു.

പാലക്കാട് വിക്ടോറിയ കോളജില്‍നിന്ന് ബിരുദവും കോഴിക്കോട് ട്രെയിനിങ് കോളജില്‍നിന്ന് ബി.എഡും നേടിയ ശേഷം മണ്ണാര്‍ക്കാട് കെ.ടി.എം ഹൈസ്കൂളില്‍ 1955ല്‍ ഹെഡ് മാസ്റ്ററായി. 1977ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോള്‍ അധ്യാപക ജോലിയില്‍നിന്ന് വളണ്ടറി റിട്ടയര്‍മെന്റ് എടുത്ത് പിരിഞ്ഞു. അവിഭക്തകമ്യൂണിസ്റ്റ് പാര്‍ടിയുടെ പെരിന്തല്‍മണ്ണ താലൂക്ക് കൗണ്‍സില്‍ അംഗമായിരുന്ന അദ്ദേഹത്തെ മണ്ണാര്‍ക്കാട്ടും പരിസരപ്രദേശങ്ങളിലും പാര്‍ടി കെട്ടിപ്പടുക്കാനും അധ്യാപക സംഘടനയെ ശക്തിപ്പെടുത്താനും പാര്‍ടി നിയോഗിച്ചു. അധ്യാപക സംഘടനയായിരുന്ന പി.എസ്‌.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.പി.ടി.എഫ് വൈസ് പ്രസിഡന്റ്, കെ.പി.ടി.യു ജനറല്‍ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

അവിഭക്തകമ്യൂണിസ്റ്റ് പാര്‍ടിയുടെ പെരിന്തല്‍മണ്ണ താലൂക്ക് കൗണ്‍സില്‍ അംഗമായിരുന്ന ശിവദാസമേനോന്‍ പാര്‍ടി പിളര്‍ന്നതിനെ തുടര്‍ന്ന് സി.പി.ഐ എമ്മില്‍ ഉറച്ചുനിന്നു. സി.പി.ഐ എം മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി സെക്രട്ടറിയായി. തുടര്‍ന്ന് പാര്‍ടി ജില്ലാ കമ്മിറ്റിയംഗമായും 1980ല്‍ ജില്ലാ സെക്രട്ടറിയുമായി. കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായും പ്രവര്‍ത്തിച്ചു.

1961ല്‍ മണ്ണാര്‍ക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വന്തം അമ്മാവനെതിരെ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥിയായാണ് അദ്ദേഹം തെരഞ്ഞെടുപ്പു രംഗത്തെത്തുന്നത്‌. വാശിയേറിയ മത്സരത്തില്‍ ശിവദാസമേനോന്‍ വിജയിച്ചു. 1977ല്‍ അടിയന്തരാവസ്ഥക്കു ശേഷം നടന്ന ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എ. സുന്നാസാഹിബിനെതിരെ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 1980ലും 84ലും ലോക്സഭയിലേക്ക് മത്സരിച്ചുവെങ്കിലും വിജയിക്കാനായില്ല. 1987ല്‍ മലമ്ബുഴ അസംബ്ലിമണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നായനാര്‍ സര്‍ക്കാരില്‍ വൈദ്യുതി ഗ്രാമവികസന വകുപ്പ് മന്ത്രിയായി. 1991ല്‍ വീണ്ടും മലമ്ബുഴയില്‍ ജനവിധി തേടിയപ്പോള്‍ ഭൂരിപക്ഷം വര്‍ധിച്ചു. 96 മുതല്‍ 2001വരെ ധനകാര്യ-എക്സൈസ് മന്ത്രിയായി. വള്ളുവനാടന്‍ -മാപ്പിള മലയാളവും സംസ്കൃതവും സംഗീതവും ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷും കലര്‍ത്തിയുള്ള നര്‍മം തുളുമ്ബുന്ന അദ്ദേഹത്തിന്റെ പ്രസംഗം പ്രസിദ്ധമാണ്.

പാര്‍ടി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട്ടുനിന്ന് പാലക്കാട്ടേക്ക് താമസംമാറ്റി. പാലക്കാട് തൊറപ്പാളയത്ത് ചെറിയ വീട് വാങ്ങി. ഈ വീടിന് നേരെ ആര്‍എസ്‌എസുകാര്‍ ആക്രമണം നടത്തിയിട്ടുണ്ട്. മുത്തങ്ങാ സമരത്തില്‍ ആദിവാസികള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ പാലക്കാട് എസ്‌പി ഓഫീസിലേക്ക് സിപിഐ എം നടത്തിയ മാര്‍ച്ചില്‍ ശിവദാസമേനോനെ പൊലീസ് വളഞ്ഞിട്ടു മര്‍ദ്ദിച്ചു തല തല്ലിപ്പൊളിച്ചു.

കാല്‍മുട്ടുകള്‍ക്കും ക്ഷതമേറ്റു. ശിവദാസമേനോനെ പൊതിഞ്ഞുകിടന്നാണ് സഖാക്കള്‍ മര്‍ദനത്തില്‍ നിന്ന് രക്ഷിച്ചത്. അടിയേറ്റുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും പൊലീസ് തയ്യാറായില്ല. കടല വില്‍പ്പനക്കാരന്റെ ഉന്തുവണ്ടിയിലാണ് പാര്‍ടി പ്രവര്‍ത്തകര്‍ അന്ന്‌ ആശുപത്രിയിലെത്തിച്ചത്. അങ്ങനെ ത്യാഗനിര്‍ഭരമായ നിരവധി പോരാട്ടങ്ങളുടെ ഓര്‍മ്മകള്‍ ബാക്കിയാക്കിയാണ് അണികളുടെ പ്രിയങ്കരനായ സഖാവ് വിടവാങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular